ADVERTISEMENT

ഹലീസ്കോ∙ മെക്സിക്കോയുടെ പടിഞ്ഞാറൻ സംസ്ഥാനമായ ഹലീസ്കോയിലെ പ്രമുഖ നഗരമായ ഗ്വാഡലഹാരയിലെ കിണറ്റിൽനിന്നു 44 മൃതദേഹം കണ്ടെടുത്തു. 119 കറുത്ത ബാഗുകളിലായാണ് മൃതദേഹങ്ങൾ നഗരമധ്യത്തിലുള്ള കിണറ്റിൽ തള്ളിയത്. ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ അഞ്ച് ക്രിമിനൽ സംഘടനകളിൽ ഒന്നായഹലീസ്കോ ന്യൂ ജനറേഷൻ കാർട്ടലിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. ഫൊറൻസിക് വിദഗ്‌ധർ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ 44 പേരുടെതെന്നു വ്യക്തമായത്. 

പല ശരീരങ്ങളും തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണ്. മൃതദേഹങ്ങൾ വികൃതമാക്കിയ നിലയിലാണ് ഉപേക്ഷിച്ചത്. നഗരത്തിൽ കഴിഞ്ഞ  ദിവസങ്ങളിൽ കടുത്ത ദുർഗന്ധം വ്യാപിച്ചതോടെ പ്രദേശവാസികളും െപാലീസും നടത്തിയ അന്വേഷണത്തിലാണ് ഗ്വാഡലഹാരയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവരിൽ ഏതാനും സ്ത്രീകളും ഉൾപ്പെടുന്നതായാണ് വിവരം. 

കഴിഞ്ഞ ഒാഗസ്റ്റിൽ മെക്സികോയിലെ ഒരു മേൽപ്പാലത്തിൽ അര്‍ദ്ധനഗ്നമായ 19  മൃതദേഹങ്ങൾ കെട്ടിത്തൂക്കിയതിനു പിന്നിൽ ഹലീസ്കോ ന്യൂ ജനറേഷൻ കാർട്ടലാണെന്നു വ്യക്തമായെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. കഴുത്തില്‍ കയറുകെട്ടിയാണ് മൃതദേഹങ്ങൾ തൂക്കിയത്. ഇവരില്‍ ഒരാള്‍ സ്ത്രീയാണെന്ന് മിച്ചോവാകൻ അറ്റോര്‍ണി ജനറല്‍ അഡ്രിയന്‍ ലോപസ് സോളിസ് വ്യക്തമാക്കിയിരുന്നു. ഹലീസ്കോ ന്യൂ ജനറേഷൻ കാർട്ടൽ എന്നെഴുതിയ കുറിപ്പും മൃതദേഹങ്ങൾക്കൊപ്പം കണ്ടെത്തിയിരുന്നു.

ലോകത്തെ തന്നെ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിൽ മുൻനിരയിലാണ് മെക്സിക്കോ. 2018 ൽ  29,111 പേരാണ് ഇവിടെ അതിദാരുണമായി കൊല ചെയ്യപ്പെട്ടത്. മെക്സിക്കോയിൽ അധോലോക മാഫിയകൾ ചിരവൈരികളെ തട്ടിക്കൊണ്ടുപോയി കൊല്ലുന്നത് സ്ഥിരമാണ്. അവരിൽ പലരുടെയും മൃതദേഹങ്ങള്‍ രാജ്യത്തുടനീളമുള്ള രഹസ്യ കുഴിമാടങ്ങളിൽ അടക്കം ചെയ്യുകയാണ് പതിവ്.

പൊലീസ് വാഹനങ്ങള്‍ക്കുനേരെ വെടിയുതിർത്ത് നിരവധി ഓഫിസര്‍മാരെ കൊലപ്പെടുത്തുകയോ പരുക്കേല്‍പ്പിക്കുകയും ചെയ്യുന്നത് സാധാരണമാണ്. ഈ വര്‍ഷം ആദ്യപകുതിയില്‍ മാത്രം 17,608 പേരാണ് മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ മെക്സിക്കോയില്‍  കൊല്ലപ്പെട്ടത് എന്നാണ് കണക്ക്. ഒരു ദിവസം ശരാശരി 100 പേരെങ്കിലും ഇത്തരത്തില്‍ മെക്സിക്കോയില്‍ കൊല്ലപ്പെടുന്നുണ്ടെന്നും കണക്കുകളിൽ പറയുന്നു.

കഴിഞ്ഞ ഓഗസ്റ്റിൽ  മെക്‌സിക്കോയിലെ മയക്കുമരുന്ന് വേട്ടയ്ക്കിടെ കൊല്ലപ്പെട്ടവരെ അടക്കം ചെയ്ത മൂവായിരം രഹസ്യ കുഴിമാടങ്ങള്‍ കണ്ടെത്തിയിരുന്നു. 3,025 കുഴിമാടങ്ങളില്‍ നിന്നായി 4,875 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇവരില്‍ പലരെയും ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും ദേശീയ അന്വേഷ സമിതി അധ്യക്ഷ കാര്‍ല ക്വിന്റാന വ്യക്തമാക്കി.

കാണാതായവരെ തിരയാൻ കഴിഞ്ഞ വര്‍ഷമാണ് ഈ സമിതി രൂപീകരിച്ചത്. കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് പദത്തിലെത്തിയ ആന്‍ഡ്രെസ് മാനുവല്‍ ലോപ്പസ് ഓബ്രഡോര്‍ കാണാതായവര്‍ക്കായി ഫലപ്രദമായ തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിനായി ആദ്യം വിവരശേഖരണവും തിരച്ചിലിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു.. 

ഗ്വാഡലഹാരയിൽ കിണറ്റില്‍നിന്ന് 44 മൃതദേഹങ്ങള്‍ കണ്ടെടുത്തതിനു സമാനമായി  2009 ഒക്ടോബറിലും തെക്കന്‍ മെക്സിക്കോയിലെ ഗുറേറോയില്‍ നിന്ന് ഒന്‍പതു മൃതദേഹങ്ങള്‍ ബാഗിലാക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു.18 ബാഗുകളിലായിട്ടാണു മൃതദേഹങ്ങള്‍ അന്നു കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട ഒരു വാനില്‍ നിന്നാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ച പ്ലാസ്റ്റിക് ബാഗുകള്‍ അന്നു കണ്ടെത്തിയത്.

ഒന്‍പതു ബാഗുകളില്‍ തലകളും മറ്റു ബാഗുകളില്‍ ശരീരത്തിന്റെ ബാക്കി ഭാഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഏഴു പേരുടെ തലയില്‍ വെടിയേറ്റ പാടുകളും കണ്ടെത്തി. മയക്കുമരുന്നു രാജാവ് ഫമിലിയ മിച്ചോകാന്റെ പേരിലുള്ള രണ്ടു ഭീഷണി സന്ദേശവും മൃതദേഹങ്ങളുടെ കൂട്ടത്തില്‍ നിന്നു ലഭിച്ചിരുന്നു.

2009ല്‍ ഫോബ്‌സ് മാസികയുടെ അതിസമ്പന്നപ്പട്ടികയിൽ ഇടം നേടിയ മെക്സിക്കോയിലെ കുപ്രസിദ്ധ അധോലോക തലവൻ  വാക്വീൻ ഗുസ്മാനു അടുത്തിടെയാണ് യുഎസ് കോടതി  ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. യുഎസിലേക്ക് ഏറ്റവും കൂടുതല്‍ കൊക്കെയ്നും മരിജുവാനയും കയറ്റിപ്പോകുന്ന മെക്സിക്കോയിലെ ലോസ് മോചിസാണ് ഗുസ്മാന്റെ തട്ടകം. സിനിമാ കഥകളെ വെല്ലുന്ന ജീവിതം നയിച്ച ഗുസ്മാന് 14 ബില്യന്‍ ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് കണക്ക്.

മെക്സിക്കോയിലെ പ്രമുഖ മാഫിയ സംഘമായ സിനലോവ കാർട്ടൽ തലവൻ വാക്വീൻ ഗുസ്മാൻ  മെക്‌സിക്കോയിലെ ജയിലില്‍ നിന്ന് തുരങ്കമുണ്ടാക്കി രക്ഷപ്പെടുവെങ്കിലും 2016 ജനുവരിയില്‍ പിടിയിലായി. 2017 ലാണ് ഇയാളെ അമേരിക്കയിലേക്കു നാടുകടത്തിയത്.

English Summary: Mexico experts say body parts dumped in well come from 44 individuals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com