ADVERTISEMENT

പാലക്കാട് ∙ അന്തർ സംസ്ഥാന നദീജല കരാർ തമിഴ്നാട് കൃത്യമായി പാലിച്ചാൽ മാത്രമേ കരാർ പുതുക്കൽ അടക്കമുള്ള കാര്യങ്ങൾ ചർച്ചചെയ്യൂ എന്ന നിലപാടിൽ ഉറച്ചുനിൽക്കാൻ കേരളം. കരാറുകൾ നിരന്തരം ലംഘിച്ചു സമ്മർദത്തിലൂടെ കാര്യം നേടാൻ തമിഴ്നാട് നീക്കം നടത്തുന്ന സാഹചര്യത്തിലാണു തീരുമാനം. 25ന് തിരുവനന്തപുരം മാസ്കറ്റ് ഹേ‍ാട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി എന്നിവരുടെ നേതൃത്വത്തിൽ കരാറുകളെക്കുറിച്ചു നടക്കുന്ന ചർച്ചയിൽ കേരളം നിലപാട് വ്യക്തമാക്കും.

ആദ്യമായാണ് ഇരു മുഖ്യമന്ത്രിമാരും മന്ത്രിമാരും തമ്മിൽ നേരിട്ട് അന്തർ സംസ്ഥാന ജലകരാറിന്റെ നടത്തിപ്പിനെക്കുറിച്ചുള്ള ചർച്ച നടത്തുന്നത്. തമിഴ്നാട് മുൻകയ്യെടുത്താണു നടപടി. മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രിമാർ സംസാരിക്കാറുണ്ടെങ്കിലും കൂടുതലും ഉദ്യേ‍ാഗസ്ഥതല നടപടികളാണ്. 60 വർഷം മുമ്പ് നിലവിൽ വന്ന പറമ്പിക്കുളം– ആളിയാർ കരാർ തമിഴ്നാട് തുടർച്ചയായി ലംഘിക്കുകയാണ്. കേരളത്തിന് അവകാശപ്പെട്ട ജലം സമയത്ത് ലഭ്യമാക്കാൻ തയാറല്ല.

1958 മുതല്‍ മുൻകാല പ്രാബല്യത്തേ‍ാടെ 1970ൽ നിലവിൽ വന്ന പറമ്പിക്കുളം കരാർ 30 വർഷം തികയുമ്പേ‍ാൾ പുതുക്കണമെന്നാണു വ്യവസ്ഥയെങ്കിലും നടന്നില്ല. ദേശീയ ട്രൈബ്യൂണൽ കേരളത്തിന് അനുവദിച്ച 30 ടിഎംസി കാവേരി ജലം ഉപയേ‍ാഗിക്കുന്നതിനെതിരെയും തമിഴ്നാട് നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. 1965ൽ ആരംഭിച്ച പാണ്ടിയാർ– പുന്നപ്പുഴ പദ്ധതി അവരുടെ ഇടപെടൽ കാരണം നിർത്തിവയ്ക്കേണ്ടി വന്നു.

വകുപ്പുമന്ത്രി കെ.കൃഷ്ണൻകുട്ടിയുമായി വിഷയത്തിൽ തമിഴ്നാട് മന്ത്രിയും ഡപ്യൂട്ടി സ്പീക്കറും നടത്തിയ പ്രാഥമിക ചർച്ചയുടെ തുടർച്ചയായാണ് മുഖ്യമന്ത്രിതല ചർച്ച. തമിഴ്നാടിന്റെ നാലു വീതം മന്ത്രിമാരും മുതിർന്ന സെക്രട്ടറിമാരും, കേരളത്തിലെ മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, എം.എം.മണി, ചീഫ് സെക്രട്ടറി, മൂന്നു സെക്രട്ടറിമാർ എന്നിവരും പങ്കെടുക്കും.

പമ്പാർ– അച്ചൻകേ‍ാവിൽ വൈപ്പാർ ലിങ്ക് പ്രശ്നം യേ‍ാഗത്തിൽ ഉന്നയിക്കാൻ തമിഴ്നാട് ശ്രമിക്കുമെന്നാണു സൂചന. വൈപ്പാർ മേഖലയിലേക്കു പമ്പ– അച്ചൻകോവിലിലെ അധികജലം നൽകണമെന്നാണ് അവരുടെ ആവശ്യം. വേമ്പനാട്ടു കായലിന്റെ പരിസ്ഥിതി കൂടുതൽ വഷളാക്കുന്ന ഈ നടപടിക്ക് തയാറല്ലെന്നു കേരളം ആവർത്തിക്കും. ആദ്യം കരാറുകൾ പാലിക്കുക, ശേഷം കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യാമെന്നാണു കേരളത്തിന്റെ നിലപാട്.

വർഷങ്ങളായി ഇരുസംസ്ഥാനങ്ങളും തമ്മിൽ നടക്കുന്ന അന്തർസംസ്ഥാന നദീജല തർക്കങ്ങൾ രമ്യമായും നീതിപൂർവകമായും പരിഹരിക്കാനുള്ള പ്രധാന ചുവടുവയ്പായാണു ചർച്ചയെ കാണുന്നതെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com