ADVERTISEMENT

കരുനാഗപ്പള്ളി ∙ ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് ലോട്ടറി എടുത്താലോ എന്ന് അവർ ചിന്തിച്ചത്. അടുത്തദിവസം ഓണം ബംപറിന്റെ നറുക്കെടുപ്പാണ്. ആ ടിക്കറ്റ് തന്നെ വാങ്ങാമെന്നും കരുതി. ടിക്കറ്റൊന്നിന് 300 രൂപയാണു വില. ലോട്ടറിയടിച്ചില്ലെങ്കിൽ അത്രയും പണം നഷ്ടം. കിട്ടിയാൽ വമ്പൻ ചാകരയും. സുഹൃത്തുക്കളായ ആറു പേർ നഷ്ടം കുറയ്ക്കാനായി പണം പങ്കിട്ടെടുത്താണു ലോട്ടറി വാങ്ങിയത്. സൗഹൃദത്തിന് ആ ടിക്കറ്റിന് ബംപർ സമ്മാനം നൽകിയാണ് മാവേലി അനുഗ്രഹിച്ചത്.

ആറു പേരും ഒട്ടും വിചാരിച്ചിരുന്നില്ല ഇരുട്ടി വെളുക്കുമ്പോൾ കോടീശ്വരന്മാരായി മാറുമെന്ന്. കരുനാഗപ്പള്ളിയിലെ ജ്വല്ലറി ജീവനക്കാരായ റോണി, വിവേക്, രതീഷ്, സുബിന്‍, റംജി, രാജീവന്‍ എന്നിവരാണു സർക്കാരിന്റെ ഓണം ബംപറിന്റെ ഒന്നാം സമ്മാനം അടിച്ചു കോടിപതികളായത്. ഇവർ ജോലിചെയ്യുന്ന ജ്വല്ലറിക്ക് എതിർവശത്തു ലോട്ടറി വിൽക്കുന്ന സിദ്ദിഖിൽ നിന്നാണു ബംപറിന്റെ ടിക്കറ്റ് വാങ്ങിയത്. അതും അവസാനനിമിഷം.

കായംകുളത്തെ ഏജന്‍റ് ശിവന്‍കുട്ടിയുടെ കരുനാഗപ്പളളിയിലെ കടയിൽനിന്നാണു വിൽപ്പനയ്ക്കായി സിദ്ദിഖ് ടിക്കറ്റ് എടുത്തത്. 300 രൂപ വിലയുള്ള രണ്ടു ടിക്കറ്റുകളാണ് ആറു പേരും കൂടി 100 രൂപ വീതം പിരിവിട്ടു വാങ്ങിയത്. ഇതിലെ ഒരു ലോട്ടറിയെ 12 കോടിയുടെ ഒന്നാം സമ്മാനവുമായി ഭാഗ്യദേവത കടാക്ഷിച്ചു. ജൂലൈ 21നു വിൽപ്പന തുടങ്ങിയ ഓണം ബംപർ, ഭാഗ്യശാലികളുടെ അടുത്തെത്തിയത് അവസാന നിമിഷമാണെന്നതു കൗതുകമായി.

onam-bumper-winners-2
റോണി, വിവേക്, രതീഷ്, സുബിന്‍, റംജി, രാജീവന്‍ എന്നിവർ

കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഓണം ബംപറിന്റേത്. സമ്മാനത്തുകയുടെ 10 ശതമാനമാണ് ഏജൻസി കമ്മിഷൻ. ഇതു കുറച്ച് ബാക്കി തുകയുടെ 30 ശതമാനം ആദായനികുതിയായി സമ്മാനാർഹരിൽനിന്ന് ഈടാക്കും. ഓണം ബംപറിന്റെ ഫലമറിയാന്‍ ജനം തിക്കിതിരക്കിയതോടെ ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റ് പണി മുടക്കി. ആദ്യമായാണ് വെബ്‌സൈറ്റില്‍ ഇത്രയും തിരക്ക് ഉണ്ടാകുന്നതെന്നു ലോട്ടറി വകുപ്പ് അധികൃതര്‍ പറഞ്ഞു.

ഒന്നാം സമ്മാനം 12 കോടി ആയതിനാൽ അതിന്റെ 10 ശതമാനമായ 1.20 കോടി രൂപ ഏജൻസി കമ്മിഷനായി സമ്മാനത്തുകയിൽനിന്നു കുറയും. ബാക്കി തുകയായ 10.8 കോടി രൂപയുടെ 30 ശതമാനമായ 3.24 കോടി രൂപയാണ് ആദായനികുതി. ഇതു രണ്ടും കുറച്ച് ബാക്കി 7.56 കോടി രൂപയാണു ലഭിക്കുക. ആറു പേരും തുല്യമായി വീതിച്ചെടുത്താൽ 1.26 കോടി വീതം കയ്യിൽ കിട്ടും. ഇത്തവണത്തെ ഓണം ശരിക്കും പൊന്നോണമായെന്ന് ആറു പേരും ഒരേ സ്വരത്തിൽ പറയുന്നു.

siddique-onam-bumper-jpeg
ടിക്കറ്റ് വിറ്റ സിദ്ദിഖ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com