ADVERTISEMENT

കോട്ടയം∙ കെ.എം.മാണിയാണു തന്റെ ചിഹ്നമെന്നു പ്രഖ്യാപിച്ച് യുഡിഎഫിന്റെ ജോസ് ടോം. വിജയത്തിൽ കുറഞ്ഞ യാതൊന്നും പാലായിൽ പ്രതീക്ഷിക്കുന്നില്ലെന്നു പറഞ്ഞ് മാണി സി.കാപ്പൻ. കേന്ദ്രസർക്കാരിന്റെ പ്രതിച്ഛായയിൽ വിശ്വാസമർപ്പിക്കുന്ന ജനങ്ങളുടെ വോട്ടും വിജയവും തനിക്കൊപ്പമാണെന്നു വ്യക്തമാക്കി എൻഡിഎയുടെ എൻ.ഹരി– ആരു ജയിക്കും പാലായിൽ?

176 പോളിങ് ബൂത്തുകളിലായി ഇന്നാണു വിധിയെഴുത്ത്. ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നു തിരഞ്ഞെടുപ്പ് വരണാധികാരി കലക്ടർ പി.കെ.സുധീർ ബാബു അറിയിച്ചു. 

പോളിങ് ബൂത്തുകളിൽ ഉപയോഗിക്കുവാനുള്ള എം3 വോട്ടിങ് യന്ത്രങ്ങൾ, വിവിപാറ്റുകൾ എന്നിവയുടെ പരിശോധന പൂർത്തിയായി. പാലാ കാർമൽ പബ്ലിക് സ്കൂളിലെ വിതരണ കേന്ദ്രങ്ങളിൽ നിന്നു തിരഞ്ഞെടുപ്പ് സാമഗ്രികളുമായി ഉദ്യോഗസ്ഥരെല്ലാം ഞായറാഴ്ച വൈകിട്ടോടെ തന്നെ പോളിങ് ബൂത്തുകളിലെത്തിയിരുന്നു.

തിങ്കളാഴ്ച രാവിലെ  7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ്. രാവിലെ 6ന് തിരഞ്ഞെടുപ്പ് ഏജന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ മോക്ക് പോൾ നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ എം2 സീരീസിലെ വോട്ടിങ് യന്ത്രങ്ങളായിരുന്നു ഉപയോഗിച്ചത്. എന്നാൽ അതീവ സുരക്ഷാ സൗകര്യങ്ങളുള്ള ഏറ്റവും പുതിയ എം3 സീരീസിലെ യന്ത്രങ്ങളാണ് പാലായിൽ ഉപയോഗിക്കുന്നത്.

എം3 മെഷീനും വിവി പാറ്റും തമ്മിലുള്ള ബന്ധം വിച്ഛേദിച്ചാൽ അപ്പോൾ തന്നെ യന്ത്രത്തിന്റെ പ്രവർത്തനം നിലയ്ക്കുമെന്നതാണു പ്രത്യേകത. ഇതുകാരണം വിവി പാറ്റുമായി ബന്ധപ്പെട്ടല്ലാതെ വോട്ട് ചെയ്യാനാകില്ല. എം2 മെഷീനിൽ വിവി പാറ്റുമായി ബന്ധിപ്പിച്ചില്ലെങ്കിലും യന്ത്രം പ്രവർത്തിക്കുമായിരുന്നു.

എം3 മെഷീനിൽ എപ്പോൾ വോട്ടിങ് തുടങ്ങി, എപ്പോൾ പൂർത്തിയായി എന്നെല്ലാം വ്യക്തമാക്കാൻ ക്ലോക്കും അധികമായുണ്ട്. യന്ത്രത്തിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ എന്താണ് തകരാർ എന്നു ഡിസ്പ്ലേ ബോർഡിൽ തെളിയുന്നതും എം3യുടെ പ്രത്യേകതയാണ്. 

തിരഞ്ഞെടുപ്പിന്റെ ഭാഗമായി വൻ സുരക്ഷയാണ് മണ്ഡലത്തിൽ ഒരുക്കിയിരിക്കുന്നത്. വൈകിട്ട് 6 വരെ ജില്ലയിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി. പാലാ നിയോജക മണ്ഡലത്തിൽ വോട്ടവകാശമുള്ള മുഴുവൻ സർക്കാർ ജീവനക്കാർക്കും വേതനത്തോടെ  അവധി അനുവദിച്ചു.

pala-by-elections-candidates

സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കു വോട്ട് ചെയ്യുന്നതിനു വേതനത്തോടെ അവധി അനുവദിക്കണമെന്നു തൊഴിൽ ഉടമകൾക്കു നിർദേശം നൽകിയിട്ടുണ്ട്. പോളിങ് ബൂത്തുകളിലെ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തി. പാലാ ഉപതിരഞ്ഞെടുപ്പിനെക്കുറിച്ച് അറിയേണ്ടതെല്ലാം ഇൻഫോഗ്രാഫിക്സിൽ...

English Summary: Pala Byelection All you need to know in info-graphics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com