ADVERTISEMENT

ന്യൂഡൽഹി ∙ മരട് ഫ്‌ളാറ്റ് കേസില്‍ സംസ്ഥാന സര്‍ക്കാരിന്റേത് കുറ്റകരമായ അനാസ്ഥയാണെന്നു സുപ്രീംകോടതി. ചീഫ് സെക്രട്ടറി ടോം ജോസിനെ കോടതി ശാസിച്ചു. ക്രമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാല്‍ ഉത്തരവാദി ചീഫ് സെക്രട്ടറി ആയിരിക്കുമെന്നും കോടതി പറഞ്ഞു. അതിശക്തമായ ഭാഷയിലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര പ്രതികരിച്ചത്. കേസ് വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. 

എത്രപേര്‍ പ്രകൃതി ദുരന്തങ്ങളില്‍ മരിക്കുന്നുണ്ടെന്ന് അറിയാമോ എന്ന് കോടതി ചീഫ് സെക്രട്ടറിയോടു ചോദിച്ചു. ദുരന്തമുണ്ടായാല്‍ ആദ്യം മരിക്കുക 4 ഫ്‌ളാറ്റുകളിലെ 300 കുടുംബങ്ങളാവും. ശക്തമായ വേലിയേറ്റമുണ്ടായാല്‍ ഒന്നും അവശേഷിക്കില്ലെന്നും കോടതി പറഞ്ഞു. ആള്‍നാശത്തിനു കാരണം അനധികൃത നിര്‍മാണങ്ങളാണെന്നു കോടതി ചൂണ്ടിക്കാട്ടി.

ഉത്തരവ് നടപ്പാക്കാന്‍ എത്ര സമയം വേണമെന്നും കോടതി ചോദിച്ചു. ഫ്‌ളാറ്റ് പൊളിക്കാന്‍ മൂന്നു മാസം വേണമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. എന്നാല്‍ ഇത് അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. മൊത്തം തീരദേശനിര്‍മാണങ്ങളെക്കുറിച്ചു പഠനം നടത്തേണ്ടിവരുമെന്നും കോടതി പറഞ്ഞു. കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ പ്രളയത്തിന് ആരാണ് ഉത്തരവാദിയെന്നും കോടതി ചോദിച്ചു. 

സർക്കാരിനു വേണ്ടി ഹരീഷ് സാൽവെ, മുതിർന്ന അഭിഭാഷകൻ വെങ്കിട്ട രമണി എന്നിവരാണ് ഹാജരാകുന്നത്. ഹരീഷ് സാൽവെയുടെ നിർദേശപ്രകാരമാണ് ചീഫ് സെക്രട്ടറി ടോം ജോസ് സുപ്രീം കോടതിയിൽ ഹാജരായത്. കോടതിയിൽ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് ടോം ജോസ് നേരത്തെ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ അടിയന്തര സാഹചര്യമുണ്ടായാല്‍ കോടതിയിൽ ഹാജരാകാൻ ഞായറാഴ്ച രാത്രി തന്നെ ചീഫ് സെക്രട്ടറി ഡല്‍ഹിയിലെത്തിയിരുന്നു. ഈ മാസം ഇരുപതിനകം ഫ്ലാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കാനുള്ള അന്ത്യശാസനം പാലിക്കപ്പെടാതെയാണ് മരട് കേസ് വീണ്ടും സുപ്രീംകോടതിയുടെ മുന്‍പിലെത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com