sections
MORE

പാലായിൽ പുതിയ വോട്ടർമാർ 1557; ആകെ 176 ബൂത്തുകൾ, അതീവ പ്രശ്നബാധിതം 3

pala-byelection-cartoon-new
SHARE

കോട്ടയം∙ രാഷ്ട്രീയകേരളം കൺപാർക്കുന്ന വിധിയെഴുത്ത് ഇന്നു നടക്കുമ്പോൾ പാലായിൽ ഒരുക്കിയിരിക്കുന്നത് മികച്ച സൗകര്യങ്ങൾ. ആകെ 1,79,107 വോട്ടർമാർ പട്ടികയിലുണ്ട്. ഇവരിൽ വനിതാ വോട്ടർമാർ 91,378, പുരുഷ വോട്ടർമാർ 87,729 എന്നിങ്ങനെയാണു കണക്ക്. 1557 പേർ പുതുതായി പട്ടികയിൽ ചേർക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും കുറവ് വോട്ടർമാർ തലനാട് പഞ്ചായത്തിലെ 61-ാം നമ്പർ അത്തിക്കളം ബൂത്തിലാണ്. ഇവിടെ പുരുഷ വോട്ടർമാർ–113, വനിതാ വോട്ടർമാർ–90. ആകെ– 203 പേർ.

കൂടുതൽ വോട്ടർമാരുള്ളത് പാലാ സെന്റ് തോമസ് ടിടിസിയിൽ പ്രവർത്തിക്കുന്ന 131-ാം നമ്പർ ബൂത്താണ്. ആകെ 1380 പേർ. പുരുഷ വോട്ടർമാർ–657, വനിതാ വോട്ടർമാർ– 723. വോട്ടർ പട്ടികയിൽ 89 ഓവർസീസ് വോട്ടർമാരും 152 സർവീസ് വോട്ടർമാരും ഉണ്ട്. ഉപതിരഞ്ഞെടുപ്പിൽ സർവീസ് വോട്ടർമാർക്ക് ഓൺലൈൻ വഴി വോട്ട് രേഖപ്പെടുത്താൻ കഴിയുന്ന ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് ബാലറ്റ് പേപ്പറാണ് നൽകിയത്.

212 വോട്ടിങ് യന്ത്രങ്ങളാണു സജ്ജമാക്കിയിരിക്കുന്നത്. ഇലക്ട്രോണിക്സ് വോട്ടിങ് യന്ത്രങ്ങളുടെ കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റുകൾ 212 എണ്ണം വീതം. വിവി പാറ്റ് യന്ത്രങ്ങൾ 229. ആകെയുള്ള 176 ബൂത്തുകളിലും ഒന്നു വീതം യന്ത്രങ്ങൾക്ക് പുറമേ ആകെ ബൂത്തുകളുടെ എണ്ണത്തിന്റെ 20% വോട്ടിങ് യന്ത്രങ്ങളും 30 % വിവി പാറ്റ് യന്ത്രങ്ങളും അധികം കരുതിയിട്ടുണ്ട്.

176 ബൂത്തുകളിലായി നടക്കുന്ന വോട്ടെടുപ്പിൽ മല്ലികശേരി സെന്റ് ഡൊമിനിക് സാവിയോ യുപി സ്കൂളിലെ 159,160 ബൂത്തുകൾ പ്രശ്നബാധിതമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ബൂത്തുകളിലെ എല്ലാ  നടപടികളും വിഡിയോ റെക്കോർഡിങ് നടത്തും. ഇവിടെ മൈക്രോ ഒബ്സർവർമാർ നേരിട്ടുള്ള നിരീക്ഷണം നടത്തും. പുലിയന്നൂർ ഗവ. ആശ്രമം എൽ.പി. സ്കൂളിലെ 106, 107 ബൂത്തുകളും മുത്തോലി സെന്റ് ജോസഫ് എച്ച്.എസിലെ 111-ാം നമ്പർ ബൂത്തും അതീവ പ്രശ്നബാധിത ബൂത്തുകളിൽപ്പെടും. 699 സുരക്ഷാ ഉദ്യോഗസ്ഥരെയാണു നിയോഗിച്ചിരിക്കുന്നത്: ഡിവൈഎസ്പി -5, സിഐ -7, എസ്.ഐ, എഎസ്ഐ  - 45, ഹെഡ് കോൺസ്റ്റബിൾ, സിപിഒ -396, കേന്ദ്ര സേനാംഗം– 240 (80 പേർ വീതമുള്ള 3 കമ്പനി). 

816 ഉദ്യോഗസ്ഥരാണ് വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുക. ഒരു ബൂത്തിൽ 4 ഉദ്യോഗസ്ഥർ വീതമുണ്ടാകും. ആകെ പ്രിസൈഡിങ് ഓഫിസർ – 204, പ്രിസൈഡിങ് ഓഫിസർ ഒന്ന് – 204, പ്രിസൈഡിങ് ഓഫിസർ രണ്ട് – 204, പ്രിസൈഡിങ് ഓഫിസർ മൂന്ന്– 204.

ഭിന്നശേഷിക്കാർക്ക് പ്രത്യേക വാഹനം 

മണ്ഡലത്തിൽ റജിസ്റ്റർ ചെയ്ത എല്ലാ ഭിന്നശേഷിക്കാരെയും  പോളിങ് ബൂത്തിൽ എത്തിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ വാഹന സൗകര്യം സജ്ജമാക്കി. വോട്ടുചെയ്യാൻ കൊണ്ടുപോകുന്ന സമയം രേഖപ്പെടുത്തിയിട്ടുള്ള പ്രത്യേക വോട്ടർ സ്ല‍ിപ് ബൂത്ത് ലെവൽ ഓഫിസർമാർ ഇവരുടെ വീടുകളിലെത്തി വിതരണം ചെയ്തു.  വാഹനങ്ങൾ, വീൽചെയറുകൾ എന്നിവ  ക്രമീകരിച്ചു. കാഴ്ച ശക്തി കുറഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും വോട്ട് ചെയ്യുന്നതിനു സഹായം ലഭ്യമാക്കും.

മണ്ഡലത്തിൽ കാഴ്ച വെല്ലുവിളി നേരിടുന്നവർ –83, സംസാരം, കേൾവി, പിന്നാക്കാവസ്ഥയുള്ളവർ–75, മറ്റു ഭിന്നശേഷിക്കാർ –41 എന്നിങ്ങനെ ആകെ 603 പേരാണുള്ളത്. കാഴ്ചസഹായം വേണ്ടവർക്കു വോട്ട് ചെയ്യുന്നതിന് ഓരോ പോളിങ് ബൂത്തിലും ബ്രെയിൽ ലിപിയിൽ ഡമ്മി ബാലറ്റ് പേപ്പറുകൾ ലഭ്യമാക്കും. ഇതു വായിച്ച് ബാലറ്റിലെ ക്രമനമ്പർ മനസ്സിലാക്കി വോട്ടിങ് മെഷീന്റെ അരികിലുള്ള ബ്രെയ്‌ലി ലിപിയിലുള്ള നമ്പറിൽ വോട്ടു രേഖപ്പെടുത്താം.

സ്റ്റാർ ബൂത്തുകൾ

കെ.എം.മാണി പതിവായി വോട്ട് ചെയ്യാനെത്തിയിരുന്ന പാലാ സെന്റ് തോമസ് ഹൈസ്കൂളിലെ 128–ാം ബൂത്ത്,  ഈ തിരഞ്ഞെടുപ്പിൽ ആ അസാന്നിധ്യം അറിയും. എന്നാൽ,  വോട്ടർ പട്ടികയിൽനിന്ന് അദ്ദേഹത്തിന്റെ പേരു നീക്കിയിട്ടില്ല. കെ.എം. മാണിയുടെ പത്നി കുട്ടിയമ്മ, ജോസ് കെ.മാണി എംപി, നിഷ ജോസ് കെ.മാണി, മക്കളായ പ്രിയങ്ക, റിത്വിക എന്നിവർക്കും ഇതേ ബൂത്തിലാണ് വോട്ട്.

∙ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ – പാലാ സെന്റ് തോമസ് ബിഎഡ് കോളജിലെ 129–ാം ബൂത്തിൽ 

∙ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം, ഭാര്യ ജെസി ജോസ്, മകൻ അമൽ – പൂവത്തോട് ഗവ. എൽപി സ്കൂളിലെ 145–ാം ബൂത്തിൽ 

∙ എൽഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പൻ, ഭാര്യ ആലീസ് മാണി, മക്കളായ ടീന, ദീപ – കാനാട്ടുപാറ ഗവ. പോളിടെക്നിക്കിലെ 119-ാം ബൂത്തില്‍ 

∙ മുൻ എംപി ജോയ് ഏബ്രഹാം – മേലമ്പാറ ഗവ. എൽപി സ്കൂളിലെ 64–ാം ബൂത്തിൽ 

∙ മുൻ മന്ത്രി പ്രഫ.എൻ.എം.ജോസഫ് – പാലാ അൽഫോൻസാ കോളജിലെ 130–ാം ബൂത്തിൽ 

∙ എംജി സർവകലാശാല മുൻ വൈസ് ചാൻസലർമാരായ ഡോ.സിറിയക് തോമസ്, ഡോ.ബാബു സെബാസ്റ്റ്യൻ – പാലാ സെന്റ് തോമസ് ഹൈസ്കൂളിലെ 128–ാം ബൂത്തിൽ 

∙ എംജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എ.ടി.ദേവസ്യ – കണ്ണാടിയുറുമ്പ് സെന്റ് ജോസഫ് യുപി സ്കൂളിലെ 134–ാം ബൂത്തിൽ 

∙ സംവിധായകൻ ഭദ്രൻ മാട്ടേൽ – പാലാ സെന്റ് തോമസ് ടിടിഐയിലെ 131–ാം ബൂത്തിൽ 

∙ ചലച്ചിത്ര താരം മിയ – കണ്ണാടിയുറുമ്പ് സെന്റ് ജോസഫ് യുപി സ്കൂളിലെ 134–ാം ബൂത്തിൽ.

പിങ്ക് പോളിങ് ബൂത്ത്

കിഴതടിയൂർ സെന്റ് വിൻസന്റ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ 125-ാം നമ്പർ ബൂത്തിൽ പൊലീസ് ഉൾപ്പെടെയുള്ളവർ വനിതകളാണ്. ഈ ബൂത്തുകളിൽ പോളിങ് ഏജന്റുമാരായി വനിതകളെ നിയമിക്കാൻ ശ്രമിക്കണമെന്നു  സ്ഥാനാർഥികളോടു തിരഞ്ഞെടുപ്പ് കമ്മിഷൻ അഭ്യർഥിച്ചിട്ടുണ്ട്. പാലാ സെന്റ് തോമസ് ടീച്ചേഴ്സ് എജ്യുക്കേഷനിലെ 127–ാം നമ്പർ ബൂത്ത്, 129–ാം നമ്പർ ബൂത്ത്, 131–ാം നമ്പർ ബൂത്ത്, സെന്റ് തോമസ് എച്ച്എസ്എസിലെ 128–ാം നമ്പർ ബൂത്ത്, അരുണാപുരം അൽഫോൺസാ കോളജിലെ 130–ാം നമ്പർ ബൂത്ത് എന്നിവിടങ്ങൾ മാതൃകാ പോളിങ് ബൂത്തുകളായി സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ വനിതാ കാത്തിരിപ്പ് കേന്ദ്രം, മുലയൂട്ടൽ മുറി, കുട്ടികൾക്കുള്ള ക്രഷ് തുടങ്ങിയവയുണ്ടാകും.

വേണ്ടത് ഈ രേഖകൾ

തിരിച്ചറിയൽ കാർഡ് കൂടാതെ പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, സർവീസ് തിരിച്ചറിയൽ കാർഡ്, ഫോട്ടോ പതിച്ച ബാങ്ക് പാസ് ബുക്ക്, പാൻകാർഡ്, തൊഴിലുറപ്പ് തിരിച്ചറിയൽ കാർഡ്, ഹെൽത്ത് ഇൻഷുറൻസ് സ്മാർട്  കാർഡ്, ഫോട്ടോ പതിച്ച പെൻഷൻ രേഖകൾ, എം.പി, എംഎൽഎമാരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ് എന്നിവയിൽ ഏതെങ്കിലും തിരിച്ചറിയൽ രേഖയായി പോളിങ് ബൂത്തിൽ ഉപയോഗിക്കാം. ബൂത്ത് ലെവൽ ഓഫിസർമാർ വീടുകളിലെത്തി സ്‌ലിപ്പുകൾ നൽകും. ഈ സ്‌ലിപ് പാർട്ട് നമ്പർ അറിയുന്നതിനു മാത്രമേ ഉപയോഗിക്കാവൂ.

സ്ഥാനാർഥികൾ പറയുന്നു:

ജോസ് ടോം (യുഡിഎഫ്)

പാലാ യുഡിഎഫിന്റേതാണ്. യുഡിഎഫിന്റെ സ്ഥാനാർഥി ആരാണെങ്കിലും പാലായിൽ വിജയം ഉറപ്പാണ്. വലിയ ഭൂരിപക്ഷത്തിൽ  വിജയിക്കും. യുഡിഎഫ് ഒറ്റക്കെട്ടായി രംഗത്തുള്ളതു വലിയ വിജയത്തിനു കാരണമാകും. സത്യം മാത്രം പറഞ്ഞുള്ള പ്രചാരണമായിരുന്നു യുഡിഎഫിന്റേത്. എൽഡിഎഫും എൻഡിഎയുമാണ് നുണ പ്രചരിപ്പിച്ചത്. ‘രണ്ടില’യില്ലാത്തത് ഒരു വിധത്തിലും ബാധിക്കില്ല. മുൻപും മറ്റു ചിഹ്നങ്ങളിൽ കേരള കോൺഗ്രസ് മൽസരിച്ചിട്ടുണ്ട്.

മാണി സി. കാപ്പൻ (എൽഡിഎഫ്)

കെ.എം. മാണി സഹതാപ തരംഗമൊന്നും ഇപ്പോൾ പാലായിൽ ഉള്ളതായി തോന്നുന്നില്ല. നൂറുശതമാനം വിജയസാധ്യതയാണ് മുന്നിൽ. കലാശക്കൊട്ടും പരിപൂർണ വിജയമായിരുന്നു. ആവേശഭരിതരായാണ് അണികൾ പങ്കെടുത്തത്. ഇതു വിജയ പ്രതീക്ഷ വർധിപ്പിക്കുന്നു. 

pala-byelection-candidates
ജോസ് ടോം, മാണി സി.കാപ്പൻ, എൻ.ഹരി

എൻ. ഹരി (എൻഡിഎ)

ഭൂരിപക്ഷത്തെക്കുറിച്ചു ചിന്തിക്കുന്നില്ല. ഉപതിരഞ്ഞെടുപ്പായതുകൊണ്ടുതന്നെ ജയത്തിനു മാത്രമാണു പ്രധാന്യം. വിജയപ്രതീക്ഷയുണ്ട്. സ്ത്രീകളെയും കുട്ടികളെയും പങ്കെടുപ്പിച്ചുള്ള സമഗ്ര പ്രചാരണമാണു നടത്തിയത്. മലയോര മേഖലകളിലും ഗ്രാമങ്ങളിലും പ്രചാരണത്തിനിറങ്ങി. ന്യൂനപക്ഷ വിഭാഗത്തിന്റെ വോട്ടുകൾ ബിജെപിക്കു ലഭിക്കും.

English Summary: Pala Byelection 2019 Polling All you need to know

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA