ADVERTISEMENT

അമരാവതി∙ കൃഷ്ണാ നദിക്കരയിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചടുക്കി ആന്ധ്രയിലെ ജഗന്‍ സര്‍ക്കാര്‍. അധികം താമസിക്കാതെ ടിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ വസതിയും പൊളിക്കുമെന്നാണു റിപ്പോര്‍ട്ട്. ചന്ദ്രബാബു നായിഡു ഇപ്പോള്‍ താമസിക്കുന്ന അമരാവതിയിലെ വീട് ഏഴുദിവസത്തിനകം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് നൽകി

ഉടമ സ്വമേധയാ പൊളിച്ചുനീക്കിയില്ലെങ്കിൽ നേരിട്ട് കെട്ടിടം പൊളിക്കുമെന്നു ചൂണ്ടിക്കാണിച്ച് ആന്ധ്രപ്രദേശ് ക്യാപിറ്റൽ റീജിയൺ ഡെവലപ്മെന്റ് അതോറിറ്റി (എപിസിആര്‍ഡിഎ)  ഉടമകൾക്കു നോട്ടിസ് നൽകിയിരുന്നു. മറുപടി തൃപ്തികരമല്ലാത്തതിനാലാണ് ഈ മേഖലയിലെ അഞ്ചോളം കെട്ടിടങ്ങൾ ഇടിച്ചു നിരത്തിയതെന്ന് എപിസിആര്‍ഡിഎ വിശദീകരിക്കുന്നു. 

അമരാവതിയിൽനിന്നു 32 കിലോമീറ്റർ മാത്രം അകലെ കൃഷ്ണാനദിക്കരയിൽ പണികഴിപ്പിച്ച  ടിഡിപി നേതാവ് കോട്ടേശ്വര റാവുവിന്റെ വീടും പൊളിച്ചു നീക്കിയവയിൽപെടും. കഴിഞ്ഞ ദിവസമാണ് ഈ വീട് പൊളിച്ചുനീക്കിയത്. ചന്ദ്രബാബു നായിഡു ഇപ്പോള്‍ താമസിക്കുന്ന വീടിന്റെ അടുത്താണ് കോട്ടശ്വര റാവുവിന്റെ പൊളിച്ചുനീക്കിയ വീട്. 24 ഓളം കെട്ടിട്ടങ്ങളാണ് കൃഷ്ണനദിയോട് ചേർന്ന് അനധികൃതമായി നിർമിച്ചിരിക്കുന്നതെന്നാണ് എപിസിആര്‍ഡിഎയുടെ കണക്ക്. 

ചന്ദ്രബാബു നായിഡുവും കുടുംബവും എയര്‍ കോസ്റ്റ ഉടമയായിരുന്ന ലിംഗനേനി രമേശില്‍നിന്ന് പാട്ടത്തിനെടുത്ത വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. കൃഷ്ണ നദിയുടെ തീരത്താണ് ഈ വീട് നിര്‍മിച്ചിരിക്കുന്നത്. 1.38 ഏക്കറില്‍ ചട്ടങ്ങള്‍ ലംഘിച്ചും നിയമപരമായ അനുമതിയില്ലാതെയുമാണ് ഈ വീട് നിര്‍മിച്ചിരിക്കുന്നതെന്നാണ് എപിസിആര്‍ഡിഎയുടെ കണ്ടെത്തല്‍. വീട് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് എപിസിആര്‍ഡിഎ കഴിഞ്ഞ ജൂണ്‍ 27നും നോട്ടീസ് നല്‍കിയിരുന്നു. ലിംഗനേനി രമേശ് നൽകിയ മറുപടി തൃപ്തികരമല്ലെന്നു കാണിച്ചു സെപ്റ്റംബർ 19 വീണ്ടും നോട്ടിസ് നൽകി. ഏഴു ദിവസത്തിനകം പൊളിച്ചു നീക്കണമെന്നായിരുന്നു ആവശ്യം. 

ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ ഉടമയ്ക്ക് 10 ദിവസത്തെ സമയം നല്‍കിയെങ്കിലും ഇതുവരെ ഒന്നും ഫയല്‍ ചെയ്തിട്ടില്ലെന്ന് സിആര്‍ഡിഎ കമ്മിഷണര്‍ പറഞ്ഞു. ഉടമ സ്വയം പൊളിച്ചു മാറ്റുന്നില്ലെങ്കിൽ കാലാവധി തീരുന്ന മുറയ്ക്കു ഈ കെട്ടിടം പൊളിച്ചുമാറ്റുമെന്നു അധികൃതർ പറയുന്നു.  മുഖ്യമന്ത്രിയായിരുന്ന സമയത്ത് ചന്ദ്രബാബു നായിഡു പണിത പ്രജാവേദിക എന്ന കെട്ടിടവും പൊളിച്ചുമാറ്റിയിരുന്നു.

നായിഡുവിന്റെ വസതിയോടു ചേർന്നു നിർമിച്ചിരുന്ന  പ്രജാവേദികയുടെ നിർമാണം അനധികൃതമാണെന്നും നിർമാണത്തിൽ അഴിമതിയുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്നാണ് സർക്കാർ നടപടി.  ഒരു സാധാരണക്കാരൻ അനധികൃത നിർമാണം നടത്തിയാൽ  സ്വീകരിക്കുന്ന നടപടികളാണ് നായിഡുവിന്റെ കാര്യത്തിലും സ്വീകരിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പ്രതികരണം. 

English Summary: Demolition Drive Inches Closer To Chandrababu Naidu's Home In Amaravati

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com