ADVERTISEMENT

ന്യൂഡൽഹി ∙ നരേന്ദ്ര മോദിക്കെതിരെ സമൂഹമാധ്യമത്തിൽ നൽകിയ വിവരങ്ങളിൽ പുലിവാൽ പിടിച്ച് മുതിർന്ന കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം യുഎസിൽ പങ്കെടുത്ത ‘ഹൗഡി മോദി’ പരിപാടിയുടെ പശ്ചാത്തലത്തിൽ നൽകിയ ട്വീറ്റാണ് തരൂരിന് വിനയായത്.

‘ഹൗഡി മോദി’ പരിപാടി പിആർ പ്രചാരണത്തിന്റെ ഭാഗമാണെന്നും എൻആർഐ ക്രൗഡ് മാനേജ്മെന്റും മീഡിയ പബ്ലിസിറ്റിയുമാണ് ഇതിനു പിന്നിലെന്നും മറ്റും സൂചിപ്പിച്ചാണ് തരൂർ ട്വീറ്റ് ചെയ്തത്. ഇത്തരത്തിൽ ഒരു മുന്നൊരുക്കവുമില്ലാതെ തന്നെ 1954 ൽ നെഹ്‌റുവിനും ഇന്ദിരാ ഗാന്ധിക്കും യുഎസിൽ സ്വീകരണം ലഭിച്ചെന്ന കാട്ടി ജനം തിങ്ങിനിറഞ്ഞ പാതയിലൂടെ നെഹ്റുവും ഇന്ദിരാ ഗാന്ധിയും വാഹനത്തിൽ സഞ്ചരിക്കുന്ന ചിത്രവും തരൂർ നൽകി.

എന്നാൽ നെഹ്റുവിന്റെ ചിത്രം യുഎസ്എസ്ആർ സന്ദർശനത്തിനിടെ എടുത്തതായിരുന്നുവെന്ന് തെളിഞ്ഞതോടെ സമൂഹമാധ്യമങ്ങളിൽ ആരോപണശരവർഷമായി. ഇംഗ്ലിഷ് ഭാഷാ പ്രാവീണ്യത്തിൽ മികച്ച പദാവലി പങ്കിടുന്ന തരൂർ ട്വീറ്റിൽ ഇന്ദിരാ ഗാന്ധിയെന്നതിന് ‘ഇന്ത്യ ഗാന്ധി’ എന്നു പരാമർശിച്ചതും വിമർശനത്തിനിടയാക്കി.

5000 റീട്വീറ്റ് നേടിയ തരൂരിന്റെ നെഹ്റു ട്വീറ്റിന് 23,800 ലൈക്കുകളും ലഭിച്ചു. കോൺഗ്രസ് നേതാവും മുൻ എംപിയുമായ കമാൽ കിഷോറും ഇതേ ചിത്രം ഏകദേശം സമാനമായി അടിക്കുറിപ്പോടെ ട്വീറ്റ് ചെയ്തു. ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ ഓൺലൈൻ മാഗസിനായ ‘യുവാ ദേശി’ന്റെ ട്വിറ്റർ ഹാൻഡിലിലും തരൂരിന്റെ ട്വീറ്റിന്റെ ഹിന്ദി മൊഴിമാറ്റം പ്രത്യക്ഷപ്പെട്ടു.

1955 ൽ സോവിയറ്റ് യൂണിയനിലേക്ക് നെഹ്റുവും മകൾ ഇന്ദിരയും നടത്തിയ യാത്രയുടെ ചിത്രമാണ് പുറത്തുവിട്ടതെന്ന് തെളിഞ്ഞതോടെ അതങ്ങനെയാകാമെങ്കിലും ആ ട്വീറ്റിലൂടെ താൻ നൽകാൻ ഉദ്ദേശിച്ച സന്ദേശം വ്യക്തമാണെന്ന വിശദീകരണം തുടർട്വീറ്റിലൂടെ തരൂർ നൽകി. തെറ്റുപറ്റിയ ട്വീറ്റിൽ മാറ്റം വരുത്താതെ തന്നെ വിശദീകരണം നടത്തി മുഖം രക്ഷിക്കാനുള്ള ആർജവം തരൂർ കാട്ടിയെങ്കിലും സമൂഹമാധ്യമത്തിൽ നിരവധി വിമർശനങ്ങളാണ് ആദ്യ ട്വീറ്റിനെതിരെ ഉയരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com