sections
MORE

നെഞ്ചു തകർക്കും വേദന, ഭീകരം സയനൈഡ് മരണം; അന്വേഷിക്കാതിരുന്നത് വന്‍വീഴ്ച

cyanide-death
SHARE

തിരുവനന്തപുരം∙ കൂടത്തായിയിലെ കൊലപാതക പരമ്പര വാർത്തയായതോടെ കൊലകൾ നടത്താൻ ഉപയോഗിച്ചത് സയനൈഡ് ആണെന്ന സംശയവും ശക്തമാകുന്നു.  അന്വേഷണത്തിനൊടുവില്‍ മൂന്നു പേര്‍ അറസ്റ്റിലായെങ്കിലും മൂന്നാമതു മരിച്ച റോയ് തോമസിന്റെ ശരീരത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടും അതേക്കുറിച്ച് അന്വേഷിക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യമാണ് അവശേഷിക്കുന്നത്. സയനൈഡ് വന്ന വഴി കൃത്യമായി അന്വേഷിച്ചു കണ്ടെത്തിയിരുന്നെങ്കില്‍ പ്രതികള്‍ അന്നേ കുടുങ്ങുമായിരുന്നു. രണ്ടു വയസുള്ള കുഞ്ഞുള്‍പ്പെടെ മറ്റു മൂന്നു മരണങ്ങള്‍ ഒഴിവാക്കാനും കഴിയുമായിരുന്നു.

കൂടത്തായിയിലെ കുടുംബത്തില്‍ 2002 മുതല്‍ ആറു പേര്‍ മരിച്ചെങ്കിലും മൂന്നാമതു മരിച്ച റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റുമോര്‍ട്ടം ചെയ്തത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ റോയ് തോമസിന്റെ ശരീരത്തില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഭക്ഷണം കഴിച്ചശേഷം ശുചിമുറിക്കുള്ളിലേക്ക് പോയപ്പോഴാണ് റോയ് തോമസ് മരിക്കുന്നത്. ശുചിമുറി അകത്തുനിന്ന് കുറ്റിയിട്ടിരുന്നതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു ലോക്കല്‍ പൊലീസ്.

സയനൈഡ് എവിടെനിന്ന് ലഭിച്ചു എന്നുപോലും അന്വേഷിച്ചില്ല. കെ.ജി. സൈമണ്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റ ശേഷമാണ് പുനഃരന്വേഷണം ആരംഭിച്ചത്. ജ്വല്ലറി ജീവനക്കാരനായ മാത്യുവാണ് സയനൈഡ് എത്തിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. മരിച്ചവരുടെ ശരീരഭാഗങ്ങള്‍ കല്ലറയില്‍നിന്ന് പുറത്തെടുത്ത് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സയനൈഡാണോ എല്ലാ മരണങ്ങള്‍ക്കും കാരണമെന്ന് ഫലം പുറത്തുവരുമ്പോഴെ വ്യക്തമാകൂ.

നെഞ്ചു പിളര്‍ക്കുന്ന വേദന, ആളെക്കൊല്ലും സയനൈഡ് അതിക്രൂരം

ഒരു തരി പൊട്ടാസ്യം സയനൈഡ് കഴിച്ചാല്‍ അനായാസം മരിക്കാമെന്ന പലരുടെയും ധാരണ തെറ്റാണ്. സയനൈഡ് കഴിച്ചാല്‍ ഏതാനും മിനിറ്റിനുള്ളില്‍ മരിക്കുമെങ്കിലും ശാന്തമായ മരണമല്ല ഉണ്ടാകുക. വിഷം അകത്തു ചെന്ന് മൂന്നു മിനിറ്റോളം നെഞ്ച് പിളര്‍ക്കുന്ന വേദന അനുഭവപ്പെടും. 

ഉപ്പുകല്ല് പോലെയാണ് സയനൈഡ്. തീക്ഷ്ണമായ എരിവു കലര്‍ന്ന രുചിയാണെന്ന് ഗവേഷകര്‍ പറയുന്നു. മരച്ചീനിക്കട്ടിന്റെയോ പച്ച ആല്‍മണ്ടിന്റെയോ ഗന്ധം. ‘ഉള്ളില്‍ ചെന്നാല്‍ കഠിനമായ വേദന കാരണം പലരും അലറി വിളിക്കും. വെപ്രാളം കാണിക്കും. ഛര്‍ദിയും തളര്‍ച്ചയും തലവേദനയും ആദ്യഘട്ടത്തില്‍ ഉണ്ടാകും. സയനൈഡ് ഉള്ളില്‍ ചെന്നയാള്‍ ഭീതിജനകമായ പരാക്രമം കാണിക്കും’ - പ്രശസ്ത ഫൊറന്‍സിക് സര്‍ജന്‍ ഡോ. ബി.ഉമാദത്തന്‍ തന്റെ പുസ്തകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. ശരീരത്തിലെ കോശങ്ങള്‍ക്ക് രക്തത്തിലെ ഓക്സിജന്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥവരും. നിമിഷങ്ങള്‍കൊണ്ട് മരണം സംഭവിക്കും. രക്തത്തിന്റെ നിറം മാറും. സാധാരണ രക്തത്തിന് ഇരുണ്ട ചുവപ്പു നിറമാണെങ്കില്‍ സയനൈഡ് കലരുമ്പോള്‍ അത് തിളക്കമുള്ള ചുവന്ന നിറമായി മാറും. 

മൂലകങ്ങളായ കാര്‍ബണും നൈട്രജനുമാണ് സയനൈഡില്‍ അടങ്ങിയിരിക്കുന്നത്. പൊട്ടാസ്യം സയനൈഡും ഹൈഡ്രജന്‍ സയനെഡും സോഡിയം സയനൈഡുമെല്ലാം ഉള്ളില്‍ ചെന്നാല്‍ മരിക്കാനെടുക്കുന്ന സമയം വ്യത്യസ്തമായിരിക്കും. ശരീരത്തിന്റെ തൂക്കം, ഉള്ളില്‍ ചെന്ന സയനൈഡിന്റെ അളവ്, അത് ശരീരത്തിലെത്തിയ രീതി എന്നിവയാണ് മരണത്തിലേക്ക് ഒരാളെ തള്ളിവിടുന്നതിന്റെ വേഗം തീരുമാനിക്കുന്നത്. ഒരാള്‍ 5 മിനിറ്റില്‍ മരിക്കുമെങ്കില്‍ മറ്റൊരാള്‍ മരിക്കുന്നത് 30 മിനിറ്റു കൊണ്ടാകും. 50 മുതല്‍ 60 വരെ മില്ലീഗ്രാം ഹൈഡ്രജന്‍ സയനൈഡ് ശരീരത്തിലെത്തിയാല്‍ മരണകാരണമാകും. 200 മുതല്‍ 300 വരെ മില്ലീഗ്രാം പൊട്ടാസ്യം സയനൈഡോ സോഡിയം സയനൈഡോ ഉള്ളില്‍ ചെന്നാല്‍ മരണകാരണമാകും. 

ഹൈഡ്രജന്‍ സയനൈഡ് ഉള്ളില്‍ ചെന്നാല്‍‌ 2 മുതല്‍ 10 വരെ മിനിറ്റിനുള്ളില്‍ മരണം സംഭവിക്കാം; സോഡിയം - പൊട്ടാസ്യം സയനൈഡാണെങ്കില്‍ 30 മിനിറ്റും. ചില കേസുകളിൽ വിഷം ഉള്ളില്‍ ചെന്നാലും മണിക്കൂറുകളോളം കുഴപ്പമുണ്ടാകില്ല. ശരീരം വിഷത്തെ ആഗിരണം െചയ്യാന്‍ സമയമെടുക്കുന്നതു കൊണ്ടാണിത്. സയനൈഡ് ഉള്ളില്‍ ചെന്ന് ഓക്സിജന്റെ അളവു കുറയ്ക്കുന്നതോടെ ഹൃദയത്തിലെയും തലച്ചോറിലെയും കോശങ്ങള്‍ നശിച്ച് മരണം സംഭവിക്കും. തക്ക സമയത്ത് ആശുപത്രിയിലെത്തിച്ച് പ്രതിരോധ മരുന്നുകള്‍ നല്‍കി രക്ഷപ്പെടുത്താന്‍ കഴിഞ്ഞാലും തലച്ചോറിലും ഹൃദയത്തിലും സംഭവിച്ച തകരാറുകള്‍ നല്‍കുന്ന ശാരീരിക അവശതകളോടെയാകും പിന്നീടുള്ള ജീവിതം.

നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന പല ഭക്ഷണ സാധനങ്ങളിലും സയനൈഡ് അടങ്ങിയിട്ടുണ്ട്. കഴിക്കുന്നത് ചെറിയ അളവിലായതിനാല്‍ മരണം സംഭവിക്കുന്നില്ലെന്നു മാത്രം. ആപ്പിളിന്റെയും ചെറിയുടേയും കുരുവില്‍ സയനൈഡ് ചെറിയ രീതിയില്‍ ഉണ്ട്. ആപ്പിളിന്റെ അരിയില്‍ സയനൈഡും ഷുഗറും ചേര്‍ന്ന മോളിക്കുലര്‍ ആണ് ഉള്ളത്. ശരീരത്തിലെ എന്‍സൈമുകളുമായി ചേരുമ്പോള്‍ ഷുഗര്‍ വേര്‍പെടും. അവശേഷിക്കുന്ന സയനൈഡ് വിഘടിച്ച് ഹൈഡ്രജന്‍ സയനൈഡ് ആയി മാറും. ആപ്പിളിന്റെ അരി വലിയ അളവില്‍ കടിച്ചു പൊട്ടിച്ചു കഴിക്കാത്തതിനാല്‍ ശരീരത്തിന് ദോഷം സംഭവിക്കുന്നില്ല. മരച്ചീനിയിലും സയനൈഡ് ചെറിയ രീതിയില്‍ അടങ്ങിയിട്ടുണ്ട്. കഴിക്കുന്ന അളവ് ചെറുതായതിനാല്‍ പ്രശ്നങ്ങളുണ്ടാകുന്നില്ല. 

 സാധാരണക്കാര്‍ക്ക് എളുപ്പം കിട്ടുന്ന ഒന്നല്ല പൊട്ടാസ്യം സയനൈഡ്. ജ്വല്ലറി പണികള്‍ക്കും ഇലക്ട്രോ പ്ലേറ്റിനും ചില വ്യവസായങ്ങള്‍ക്കും  ലബോറട്ടറികള്‍ക്കും സയനൈഡ് ലവണങ്ങള്‍ ആവശ്യമാണ്. ജ്വല്ലറികള്‍ കൂടുതലുള്ളതിനാല്‍ കേരളത്തില്‍ സയനൈഡിന്റെ ഉപയോഗവും കൂടുതലാണ്. നിയന്ത്രണങ്ങള്‍ക്കു വിധേയമായാണ് ലാബുകളില്‍നിന്ന് സ്വര്‍ണപ്പണിക്കാര്‍ക്കു സയനൈഡ് നല്‍കുന്നത്. സയനൈഡ് ഉപയോഗിക്കുന്നതിന് ലാബുകള്‍ക്കും നിയന്ത്രണമുണ്ട്. 

സയനൈഡിന്റെ രുചി അറിയാന്‍ ഒരു ശാസ്ത്രജ്ഞന്‍ സയനൈഡ് കഴിച്ചു നോക്കിയെന്നും ‘എസ്’ എന്നെഴുതിയശേഷം മരിച്ചെന്നും കഥ പ്രചരിക്കുന്നുണ്ട്. വാസ്തവം വ്യക്തമല്ലെങ്കിലും കേരളത്തില്‍ സമാനമായ സംഭവം 2006 ജൂണ്‍ 17ന് ഉണ്ടായിട്ടുണ്ട്. കൊച്ചിയിലെ സ്വര്‍ണപ്പണിക്കാരനായിരുന്ന എം.പി.പ്രസാദാണ് പാലക്കാട്ടെ ഹോട്ടല്‍ മുറിയില്‍ സയനൈഡ് കഴിച്ചശേഷം മരിക്കുന്നതിനു മുന്‍പ് അതിന്റെ രുചി പേപ്പറില്‍ േരഖപ്പെടുത്തിയത്. മദ്യത്തില്‍ കലര്‍ത്തിയാണ് പ്രസാദ് സയനൈഡ് ഉപയോഗിച്ചത്. ‘പൊട്ടാസ്യം സയനൈഡ് ഞാന്‍ രുചിച്ചു. നാക്കിനെ പൊള്ളിക്കുന്ന തീക്ഷ്ണമായ എരിവാണ്’- പ്രസാദ് പേപ്പറില്‍ എഴുതി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA