sections
MORE

ആ കണ്‍മുമ്പിലോ 6 മരണങ്ങൾ? രക്ഷിക്കാനും 'വിഫല'ശ്രമം; ദുരൂഹതയുടെ നേർചിത്രം

koodathayi-family-deaths
കൂടത്തായിയിൽ മരിച്ച ബന്ധുക്കളായവർ
SHARE

കോഴിക്കോട്∙ കൂടത്തായിൽ ദമ്പതികളും മകനും അടുത്ത ബന്ധുക്കളും ഉൾപ്പെടെയുള്ള ആറു പേരുടെ മരണത്തിലും തളംകെട്ടി ദുരൂഹത. ഭക്ഷണമോ പാനീയമോ കഴിച്ചതിനു ശേഷം സമാനമായ രീതിയിലായിരുന്നു ആറു മരണങ്ങളും. ആറു മരണങ്ങൾക്കും ഒരേ വ്യക്തിയായിരുന്നു ദൃക്സാക്ഷി, കേസിൽ അറസ്റ്റിലായ ജോളി. മരണങ്ങളിലെ സമാനത മാത്രമല്ല, ഇതിനു ശേഷം ഈ കുടുംബത്തിൽ നടന്ന സംഭവങ്ങളും ദുരൂഹതയിലേക്കു വിരൽ ചൂണ്ടുന്നവയാണ്.

ആ ആറു മരണങ്ങൾ ഇങ്ങനെ–

∙ 2002 ഓഗസ്റ്റ് 22

അന്നമ്മ തോമസ്

കുടുംബത്തിൽ ആദ്യം മരിക്കുന്നത് അന്നമ്മ തോമസ് (57). അധ്യാപികയായി വിരമിച്ച അന്നമ്മ വീട്ടിൽ വിശ്രമ ജീവിതത്തിലായിരുന്നു. രാവിലെ ആട്ടിൻസൂപ്പ് കഴിച്ചതിനു പിന്നാലെ ഛർദിച്ചുകൊണ്ടു കുഴഞ്ഞുവീഴുന്നു. വായിൽ നിന്നു നുരയും പതയും വരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപേ മരണം.

∙ 2008 ഓഗസ്റ്റ് 26

ടോം തോമസ് പൊന്നാമറ്റം (66) 

(അന്നമ്മയുടെ ഭർത്താവ്)

വൈകിട്ട് ആറോടെ പുരയിടത്തിലെ കൃഷിപ്പണികൾ കഴിഞ്ഞു ടോം തോമസ് പൊന്നാമറ്റം വീട്ടിലെത്തി. ജോലിക്കാരനോടു കപ്പ പറിച്ചുനൽകാൻ ആവശ്യപ്പെട്ടു. കപ്പ പറിച്ചു നൽകിയ ശേഷം ജോലിക്കാരൻ മടങ്ങി. രാത്രി 7.30ന് കപ്പപ്പുഴുക്കു കഴിച്ചതിനു ശേഷം ടോം തോമസ് ഛർദിച്ചുകൊണ്ടു കുഴഞ്ഞുവീഴുകയായിരുന്നു.

ഈ സമയം വീട്ടിലുണ്ടായിരുന്നതു മകൻ റോയി തോമസിന്റെ ഭാര്യ ജോളി മാത്രം. ഇവർ അയൽക്കാരെ വിളിച്ചുകൂട്ടുന്നു. ഓടിയെത്തിയ അയൽവാസികൾ കണ്ടത് വായിൽ നിന്നു നുരയും പതയും വന്ന നിലയിൽ നിലത്തു വീണു കിടക്കുന്ന ടോം തോമസിനെ. ആശുപത്രിയിലേക്കുള്ള വഴിയിൽ മരണം.

∙ 2011സെപ്റ്റംബർ 30

റോയ് തോമസ് (40) 

(ടോം തോമസിന്റെയും അന്നമ്മയുടെയും മകൻ)

രാത്രി പുറത്തുപോയി വന്നതിനു ശേഷം ഭക്ഷണം കഴിച്ച ഉടൻ ശുചുമിറിയിലേക്കു പോകുന്നു. ഇവിടെ വച്ചു ഛർദിച്ചുകൊണ്ടു കുഴഞ്ഞുവീഴുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്നതു ഭാര്യ ജോളിയും മക്കളും. മക്കൾ ഇരുവരും മുകളിലത്തെ നിലയിൽ. അയൽവാസികളെത്തി ശുചിമുറിയുടെ വാതിൽ പൊളിച്ചു പുറത്തെടുക്കുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴും മരിച്ചു. ശരീരത്തിൽ സയനൈഡിന്റെ അംശം ഉണ്ടായിരുന്നുവെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അകത്തുനിന്നു പൂട്ടിയ ശുചിമുറിക്കുള്ളിലായിരുന്നു മൃതദേഹമെന്നതിനാൽ ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു ബന്ധുക്കൾ. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ കേസ് അവസാനിപ്പിച്ചു.

∙ 2014 ഫെബ്രുവരി 24

എം.എം.മാത്യു മഞ്ചാടിയിൽ (68) 

(വിമുക്തഭടൻ. മരിച്ച അന്നമ്മയുടെ സഹോദരൻ) 

ബിഎസ്എഫിൽ സൈനികനായിരുന്ന മാത്യു വിരമിച്ച ശേഷമാണു നാട്ടിലെത്തിയത്. മാത്യുവിന്റെ മൂന്ന് പെൺമക്കളും വിവാഹിതരായി ഭർത്താക്കൻമാർക്കൊപ്പമാണു താമസം. ഒരാൾ ചെന്നൈയിലും രണ്ടുപേർ വിദേശത്തും. സംഭവ ദിവസം മാത്യുവിന്റെ ഭാര്യ ബന്ധുവിന്റെ വിവാഹത്തിനു ഇടുക്കിയിൽ പോയതിനാൽ മാത്യു തനിച്ചായിരുന്നു വീട്ടിൽ. വൈകിട്ട് 3.30ന് മാത്യു വീട്ടിൽ കുഴഞ്ഞുവീണു.

റോയി തോമസിന്റെ ഭാര്യ ജോളി വിവരമറിയച്ചതിനെത്തുടർന്നു അയൽവാസികൾ വീട്ടിലെത്തിയപ്പോൾ കാണുന്നതു വായിൽ നിന്നു നുരയും പതയും വന്ന നിലയിൽ നിലത്തു വീണു കിടക്കുന്ന മാത്യുവിനെ. ആശുപത്രിയിലെത്തിക്കും മുൻപേ മരിച്ചു. റോയ് തോമസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്നു നിർബന്ധം പിടിച്ചതു മാത്യുവായിരുന്നു. കുടുംബത്തിലെ സമാനരീതിയിൽ 3 പേർ മരിച്ചതിലും മാത്യു സംശയം പ്രകടിപ്പിച്ചിച്ചുണ്ടായിരുന്നു.‌

∙ 2014 മേയ് 3

ആൽഫൈൻ ഷാജു (2) 

(മരിച്ച ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജു സ്കറിയയുടെ മകൾ)

സഹോദരന്റെ ആദ്യകുർബാന ദിവസം രാവിലെ ഇറച്ചിക്കറിയിൽ മുക്കിയ ബ്രഡ് കഴിച്ചതിനു പിന്നാലെ കണ്ണുകൾ പുറത്തേക്കുന്തി ബോധരഹിതയായി. ആദ്യം തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു ദിവസം അബോധാവസ്ഥയിൽ കഴിഞ്ഞതിനു ശേഷം മരണം.

∙ 2016ജനുവരി 11

സിലി ഷാജു 

(മരിച്ച ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജു സ്കറിയയുടെ ഭാര്യ, മരിച്ച ആൽഫൈനിന്റെ അമ്മ) 

ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി റോയി തോമസിന്റെ ഭാര്യ ജോളിക്കൊപ്പമാണു സിലി സംഭവദിവസം താമരശേരിയിലെത്തിയത്. സിലിയുടെ മൂത്തമകനും ജോളിയുടെ മകനും ഇവർക്കൊപ്പമുണ്ടായിരുന്നു. വിവാഹസൽക്കാരം അവസാനിച്ചതിനു ശേഷം ഇരുവരും താമരശേരി ടൗണിലേത്തി. ഈ സമയം സിലിയുടെ ഭർത്താവ് ഷാജുവും ഇവിടെയെത്തി. വൈകിട്ട് അഞ്ചോടെ ഷാജുവിനെ ദന്തഡോക്ടറെ കാണിക്കാനായി ഇവർ 3 പേരും മക്കളും കൂടി പോയി.

ഷാജു ഡോക്ടറെ കാണാനായി അകത്തു കയറിയപ്പോൾ സിലിയും ജോളിയും പുറത്തു വരാന്തയിൽ കാത്തിരുന്നു. ഇവിടെ വച്ചു സിലി ജോളിയുടെ മടിയിലേക്കു കുഴഞ്ഞുവീണു.  .ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും സിലി മരിച്ചു. ഒരു വർഷത്തിനു ശേഷം 2017 ഫെബ്രുവരി ആറിന് സിലിയുടെ ഭർത്താവ് ഷാജുവും റോയ് തോമസിന്റെ ഭാര്യ ജോളിയും പുനർവിവാഹിതരായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA