ADVERTISEMENT

കോട്ടയം∙ മത്സരത്തിനിടെ വിദ്യാർഥിക്കു ഹാമർ വീണു ഗുരുതര പരുക്കേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ജൂനിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പിലെ  ഇന്നും നാളെയുമായി നടക്കാനിരുന്ന മത്സരങ്ങൾ മാറ്റി വച്ചു. മേള നടത്തിപ്പ് സംബന്ധിച്ച മറ്റു വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് സംഘാടകർ.    

സംഭവത്തിൽ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു. അശ്രദ്ധമായി മീറ്റ് കൈകാര്യം ചെയ്തതിനാണ് സംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പൊലീസിന്റെ നടപടി. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല.

കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും മുൻകരുതൽ സ്വീകരിക്കാതെയുമാണ് മീറ്റ് സംഘടിപ്പിച്ചതെന്ന് ബോധ്യപ്പെട്ടതോടെയാണ് പൊലീസിന്റെ നടപടി. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അഫീല്‍ ജോൺസണാണ് കായികമേളയ്ക്കിടെ അപകടത്തിൽപ്പെട്ടത്. വളണ്ടിയർ ആയിരുന്ന അഫീൽ മത്സര ശേഷം ജാവലിനുകള്‍ നീക്കം ചെയ്യുന്നതിനിടെ ഗ്രൗണ്ടിന്റെ മറ്റൊരു ഭാഗത്ത് നിന്നെറിഞ്ഞ ഹാമർ തലയില്‍ വന്നു പതിക്കുകയായിരുന്നു. മൂന്നര കിലോ ഭാരമുള്ള ഹാമർ പതിച്ച് തലയോട്ടി തകർന്നു.

അഫീലിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നായിരുന്നു സംഘാടകരുടെ വിശദീകരണം. ജാവലിൻ, ഹാമർ ത്രോ മത്സരങ്ങൾ ഒരേ ഫിനിഷിങ്ങ് പോയിന്റ് നിശ്ചയിച്ച് ഒരേ സമയം നടത്തിയതാണ് അപകടത്തിനു വഴിവച്ചത്. സംഭവത്തെ കുറിച്ച് അന്വഷിച്ച് റിപ്പോർട്ട് നൽകാൻ കായികമന്ത്രി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. 

അഫീലിന്റെ ചികിത്സാ ചെലവും സർക്കാർ ഏറ്റെടുത്തു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അഫിലിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അഞ്ച് മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയക്ക് ഒടുവിലും അഫീലിന്റെ നില ഗുരുതരമായി തുടരുകയാണ്. നിലവിൽ കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അഫീൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com