ADVERTISEMENT

‘കൂടത്തായി കേസിൽ മരിച്ച ആറു പേരെയല്ലാതെ കൂടുതൽ പേരെ ജോളി ലക്ഷ്യമിട്ടിരുന്നോ...?’ വാർത്താസമ്മേളനത്തിനിടെ തനിക്കു നേരെ വന്ന ഈ ചോദ്യത്തിനു കോഴിക്കോട് റൂറൽ എസ്പി കെ.ജി.സൈമൺ നൽകിയ ഉത്തരം ഇങ്ങനെ:  ‘അതങ്ങനെ പറയാൻ പറ്റില്ല. പക്ഷേ ഹാരൾഡിന്റെയൊക്കെ ചരിത്രം നമ്മൾ പഠിച്ചിട്ടുള്ളതല്ലേ. അതു പോലെയൊക്കെ തോന്നുന്നു ഈ കേസും...’.

സൈക്കിക് കേസ് ആണോയെന്നായിരുന്നു അടുത്തചോദ്യം. അതിന് എസ്പിയുടെ മറുപടിയിങ്ങനെ: ‘ജോളി സൈക്കിക്ക് ആണെന്നൊന്നും ഞാൻ പറയില്ല, പക്ഷേ ഇപ്പോൾ പിടിച്ചത് നന്നായി എന്നെനിക്കു തോന്നുന്നു...’. ഈ വാക്കുകള്‍ക്കുള്ളിൽ ഒളിച്ചിരിപ്പുണ്ട് എസ്പി പറയാതെ പറഞ്ഞ ഞെട്ടിക്കുന്ന ചില കാര്യങ്ങൾ. ഹാരള്‍ഡിന്റെ കേസുമായി ജോളിയുടെ കുറ്റകൃത്യത്തെ ബന്ധപ്പെടുത്തിയതിലൂടെ അദ്ദേഹം നൽകിയ സൂചനയും പേടിപ്പെടുത്തുന്നതാണ്. കുറ്റകൃത്യങ്ങളുടെ ലോകത്ത് അത്രയേറെ കുപ്രസിദ്ധനാണ് ആ സീരിയൽ കില്ലർ– ഹാരൾഡ് ഷിപ്മെൻ. ‘മരണത്തിന്റെ മാലാഖ’യെന്നു ലോകം വിശേഷിപ്പിച്ച ഹാരൾഡിനോട് ജോളിയെ ഉപമിക്കുന്നതിലൂടെ അന്വേഷണ ഉദ്യോഗസ്ഥനും എന്താണു ലക്ഷ്യമിട്ടിട്ടുണ്ടാവുക?

harold-shipman-2
ഹാരള്‍ഡ് ഷിപ്‌മെന്‍

കൊലപ്പെടുത്തിയത് 215 പേരെ!

ഔദ്യോഗിക രേഖകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പേരെ കൊലപ്പെടുത്തിയ കൊടുംക്രിമിനൽ. ബ്രിട്ടിഷ് പൊലീസിന്റെ കണക്ക് പ്രകാരം 215 പേരെ ഹാരൾഡ് കൊലപ്പെടുത്തിയതായി തെളിഞ്ഞിട്ടുണ്ട്. പക്ഷേ ആ കണക്ക് 250ഉം കടന്നു മുന്നോട്ടു പോകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നത്. 1970 മുതൽ 1998 വരെയുള്ള കാലഘട്ടത്തിലായിരുന്നു കൊലപാതകങ്ങളെല്ലാം. 1998ൽ ഇയാൾ പൊലീസ് പിടിയിലായി. ഇരുനൂറോളം പേരെയും കൊലപ്പെടുത്തിയത് സമാനമായ വിധത്തിൽ– വേദനസംഹാരിയായ ഡയമോർഫിൻ (ഹെറോയിന്റെ മെഡിക്കൽ നാമം) അമിതഅളവിൽ കുത്തിവച്ച്. 

എങ്ങനെയാണ് ഇത്രയേറെ കൊലപാതകങ്ങൾ ഒരാൾക്കു ചെയ്യാനാവുകയെന്ന ചോദ്യം സ്വാഭാവികം. എങ്ങനെ ഇതിൽ നിന്നെല്ലാം യാതൊരു തെളിവുമില്ലാതെ ഇത്രയും കാലം രക്ഷപ്പെട്ടു നിൽക്കാനായി എന്ന ചോദ്യവും ഉയരാം. ഡോക്ടറായിരുന്നു ഹാരൾഡ്. അയാളുടെ പല കൊലപാതകങ്ങളും സ്വാഭാവിക മരണം എന്ന മട്ടിൽ വിട്ടുകളഞ്ഞതാണ് പൊലീസിനും മരിച്ചവരുടെ ബന്ധുക്കൾക്കും പറ്റിയ തെറ്റ്. അതിന്റെ മറവിൽ രണ്ടു പതിറ്റാണ്ടോളം അയാൾ തന്റെ രോഗികളെ പലതരത്തിൽ കൊന്നുരസിച്ചു.

‘ഡോക്ടർ ഡെത്ത്’ എന്നും കുപ്രസിദ്ധനായ ഇയാൾ ലക്ഷ്യമിട്ടത് പ്രായം ചെന്ന രോഗികളെയായിരുന്നു. പക്ഷേ ഒരു വിനോദം പോലെ ഇത്രയേറെ കൊലപാതകങ്ങൾ നടത്തിയതിന്റെ കാരണം ഇന്നും അജ്ഞാതം. ഹാരൾഡിന്റെ ജീവിതം ആസ്പദമാക്കി ബിബിസി ‘ദ് ഹാരൾഡ് ഷിപ്മെന്‍ ഫയൽസ്: എ വെരി ബ്രിട്ടിഷ് ക്രൈം സ്റ്റോറി’ എന്ന ഡോക്യുമെന്ററി പുറത്തിറക്കിയിട്ടുണ്ട്. അതിൽ കേസന്വേഷിച്ച ഉദ്യോഗസ്ഥരും ഹാരൾഡിന്റെ മരണസിറിഞ്ചിന് ഇരയായ രോഗികളുടെ ബന്ധുക്കളും പറയുന്ന കാര്യങ്ങൾ ഞെട്ടലോടെയായിരുന്നു ലോകം കേട്ടത്. 

BRITAINSHIPMAN
ഹാരൾഡ് ഷിപ്മെന്‍

അതിബുദ്ധിമാനായ അത്‌ലിറ്റ്

1946ൽ നോട്ടിങ്ങാമിലായിരുന്നു ഹാരൾഡിന്റെ ജനനം. കുട്ടിക്കാലം മുതൽക്കുതന്നെ അതിബുദ്ധിമാൻ. ക്ലാസിലെ ഒന്നാം സ്ഥാനക്കാരന്‍, അധ്യാപകരുടെ പ്രിയപ്പെട്ട വിദ്യാര്‍ഥി. മികച്ച ഒരു അത്‌ലിറ്റുമായിരുന്നു ഹാരൾഡ്. റഗ്‍ബിയായിരുന്നു പ്രിയവിനോദം. അമ്മയോട് ഏറെ ഇഷ്ടമായിരുന്നു ഹാരൾഡിന്. പക്ഷേ അവന്റെ പതിനേഴാം വയസ്സിൽ ശ്വാസകോശാർബുദം വന്ന് അമ്മ മരിച്ചു. അമ്മയ്ക്കുള്ള മരുന്നുകളും മറ്റും നൽകി എല്ലായിപ്പോഴും ഒപ്പം നിന്നു ശുശ്രൂഷിച്ചിരുന്നത് ഹാരള്‍ഡായിരുന്നു. മോർഫിൻ നൽകുമ്പോൾ വേദനയൊന്നുമില്ലാതെ അമ്മ സ്വസ്ഥമായിരിക്കുന്നത് അവന്റെ മനസ്സിൽ മായാതെ കിടക്കുകയും ചെയ്തു. 

ലീഡ്‌സി‌ലായിരുന്നു ഹാരൾഡിന്റെ സർവകലാശാല പഠനം. അവിടെ വച്ചാണ് പ്രിംറോസ് മേയ് ഓക്സ്റ്റബിയുമായി പ്രണയത്തിലാകുന്നത്. ഹാരൾഡിന് ഇരുപതും പ്രിംറോസിന് പതിനേഴും വയസ്സുള്ളപ്പോൾ ഇരുവരും വിവാഹിതരായി. വിവാഹം നടക്കുമ്പോൾ തന്നെ ആദ്യത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു പ്രിംറോസ്. മെഡിക്കൽ പഠനം പൂർത്തിയാക്കി വൈകാതെ തന്നെ ഹാരൾഡിനു ജോലിയും ലഭിച്ചു.

വെസ്റ്റ് യോർക്ക്ഷറിൽ ജനറൽ പ്രാക്ടീഷനറായി ജോലി നോക്കുന്നതിനിടെയായിരുന്നു ഹാരൾഡിന്റെ ആദ്യ ‘കുറ്റകൃത്യം’ പിടിക്കപ്പെടുന്നത്. ലഹരിയായി ഉപയോഗിക്കാവുന്ന ഒരു മരുന്ന് സ്വന്തം ആവശ്യത്തിനു വേണ്ടി വ്യാജ കുറിപ്പെഴുതി സ്വന്തമാക്കിയതിന് ആശുപത്രിയിൽ നിന്നു പുറത്താക്കപ്പെടുകയായിരുന്നു. 600 പൗണ്ട് പിഴശിക്ഷയും ലഭിച്ചു. ചുരുങ്ങിയ കാലത്തേക്ക് ഒരു പുനരധിവാസ കേന്ദ്രത്തിലും കഴിയേണ്ടിവന്നു. എന്നാൽ രണ്ടു വർഷത്തിനപ്പുറം മാഞ്ചസ്റ്ററിനു സമീപം വീണ്ടും ഒരാശുപത്രിയിൽ ജനറൽ പ്രാക്ടിഷനറായി ജോലി ലഭിച്ചു. പിന്നീട് 1993ൽ സ്വന്തം ക്ലിനിക് ആരംഭിക്കുംവരെ അവിടെയായിരുന്നു ഹാരൾഡിന്റെ ജീവിതം. പുതുതായി ക്ലിനിക് ആരംഭിക്കുമ്പോൾ മൂവായിരത്തിലേറെ രോഗികളുമുണ്ടായിരുന്നു ഹാരൾഡിന്റെ പരിചരണം തേടി. 

harold-shipman-victims
ഹാരൾഡിന്റെ ഇരകളായി കൊല്ലപ്പെട്ടവർ.

വിൽപത്രം തിരുത്തിയ കൊലയാളി

1998 സെപ്റ്റംബർ ഏഴിനാണ് ഹാരൾഡ് അറസ്റ്റിലാകുന്നത്. എൺപത്തിയൊന്നുകാരിയായ ഹൈഡ് മുൻ മേയർ കാത്‌ലീൻ ഗ്രന്‍ഡിയെ കൊലപ്പെടുത്തിയ കേസിലായിരുന്നു അത്. കാത്‌ലീന്റെ മകൾക്കു തോന്നിയ ഒരു സംശയമാണ് ഈ സീരിയൽ കൊലയാളിയുടെ അറസ്റ്റിലേക്കു നയിച്ചത്. കാത്‌ലീന്റെ ഏകദേശം നാലു ലക്ഷം പൗണ്ട് മൂല്യം വരുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി വിൽപത്രത്തിൽ കൃത്രിമം കാണിച്ച് അവരെ കൊലപ്പെടുത്തിയതാണെന്നായിരുന്നു പരാതി.

അറസ്റ്റിനു പിന്നാലെയായിരുന്നു പൊലീസിനെ ഞെട്ടിച്ച സംഭവവികാസങ്ങളുടെ ചുരുളഴിയുന്നത്. വാർത്ത പത്രങ്ങളിൽ വന്നതിനു തൊട്ടുപിന്നാലെ പൊലീസ് സ്റ്റേഷനിലേക്ക് തുടരെ ഫോൺകോളുകളെത്തി. ഹൈഡിൽ നിന്നും ഗ്രേറ്റർ മാഞ്ചസ്റ്ററിൽ നിന്നുമെല്ലാമായിരുന്നു കോളുകൾ. എല്ലാവരും ഹാരൾഡിന്റെ കീഴിൽ ചികിത്സ തേടിയവരുടെ ബന്ധുക്കൾ. എല്ലാവർക്കും പറയാനുണ്ടായിരുന്നത് കാത്‌ലീന്റെ മരണത്തിനു സമാനമായ വിധമാണു തങ്ങളുടെ ബന്ധുക്കളുടെയും മരണമെന്ന വിവരവും. 

ഓരോ വർഷവും കൃത്യമായ ഇടവേളകളിൽ സമാനരീതിയിലുള്ള മരണങ്ങൾ. അതോടെ പൊലീസും ജാഗരൂകരായി. നേരത്തേ ഹാരൾഡിനെതിരെ ലഭിച്ച, തെളിവില്ലാതെ തള്ളിയ, ചില പരാതികളും പൊലീസ് പൊടിതട്ടിയെടുത്തു. അന്വേഷണം ചെന്നെത്തിയതാകട്ടെ ചരിത്രം വിറങ്ങലിച്ച കൊലപാതക പരമ്പരയുടെ ഉള്ളറകളിലേക്കും. തന്റെ രോഗികൾക്കു തീവ്രതയേറിയ വേദനസംഹാരികൾ അമിതമായ അളവിൽ നൽകി ഹാരൾഡ് കൊലപ്പെടുത്തുകയായിരുന്നെന്നായിരുന്നു കണ്ടെത്തൽ. മരുന്നിന്റെ അളവ് താങ്ങാനാകാതെ രോഗികളിലേറെയും മരിച്ചുവീണപ്പോൾ ഡോക്ടർ തന്നെ വിധിയെഴുതി– സ്വാഭാവികമരണം. പൊലീസിനും അതിനുമപ്പുറത്തേക്ക് അന്വേഷിക്കാനുണ്ടായിരുന്നില്ല. പ്രായമായവരായതിനാൽ ബന്ധുക്കളും സംശയിച്ചില്ല. ഹാരൾഡിന്റെ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച പ്രത്യേക സമിതിയായിരുന്നു പിന്നീട് കൊലപാതകങ്ങളുടെ വിവരങ്ങളെല്ലാം പുറത്തുകൊണ്ടുവന്നത്.

harold-shipman-bbc
ഹാരൾഡിനെക്കുറിച്ച് ബിബിസി തയാറാക്കിയ ഡോക്യുമെന്ററിയിൽ നിന്ന്.

ഏതാനും മില്ലിയിൽ ഒളിച്ചിരിക്കുന്ന മരണം!

ഹാരൾഡിനെതിരെയുള്ള ആദ്യത്തെ ശിക്ഷ വിധിക്കുന്നത് 2000ത്തിലാണ്. 15 പേരെ കൊലപ്പെടുത്തിയതിനായിരുന്നു പ്രാസ്റ്റൻ ക്രൗൺ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ഇതിനു ശേഷവും ‘ഷിപ്മെൻ എൻക്വയറി’ എന്ന പേരിൽ സമിതിയുടെ അന്വേഷണം തുടർന്നു. അങ്ങനെയാണ് 200 പേരെക്കൂടി ഹാരള്‍ഡ് കൊലപ്പെടുത്തിയതായി തെളിഞ്ഞത്. അതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 215 ആയി. ഇതുകൂടാതെ അന്വേഷിച്ച മരണങ്ങളിൽ 45 എണ്ണത്തിനു പിന്നില്‍ ഹാരൾഡ് തന്നെയാണെന്നതിന്റെ സൂചനകളും സമിതി പങ്കുവച്ചിരുന്നു. 38 കേസുകളിലാകട്ടെ തെളിവുകളില്ലാത്തതിന്റെ പേരിൽ ഹാരൾഡിനെ ഒഴിവാക്കുകയാണെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കി. 

കൊലപ്പെടുത്തിയതിൽ ഒരു നാൽപത്തിയൊന്നുകാരനായിരുന്നു ഇരകളിലെ ഏറ്റവും ‘ചെറുപ്പം’. എന്നാൽ നാലു വയസ്സുകാരനെ വരെ ഹാരൾഡ് കൊന്നിട്ടുണ്ടാകാമെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. അവയ്ക്കൊന്നും തെളിവില്ലാതെ പോയെന്നു മാത്രം. യോക്ക്ഷറിലെ ടോഡ്മഡനിൽ ജോലി ചെയ്യുമ്പോഴായിരുന്നു ഒരു കൊലപാതകം. 71 എണ്ണം ഡോണിബ്രൂക്കിൽ പ്രാക്ടീസ് ചെയ്യുമ്പോഴും. ഹൈഡിലെ 21 മാർക്കറ്റ് സ്ട്രീറ്റിലെ ഹാരൾഡിന്റെ ക്ലിനിക്കിൽ വച്ചായിരുന്നു ശേഷിച്ച 143 പേരെയും കൊലപ്പെടുത്തിയത്. ആറു വർഷത്തിനിടെയായിരുന്നു ഭൂരിപക്ഷം കൊലപാതകങ്ങളും. 

1992–ൽ ഹാരൾഡ് കൊലപ്പെടുത്തിയത് ഒരാളെ, 1993ൽ 16 പേരെ, 1994ൽ 11 പേരെ, 1995ലും 1996ലും കൊലപ്പെടുത്തിയത് 30 പേരെ വീതം. 1997ൽ അത് 37 ആയി ഉയർന്നു. 1998ൽ ആദ്യത്തെ മൂന്നു മാസം ഹാരൾഡിന് ഇരയായത് 15 പേർ. പിന്നീട് ഏഴാഴ്ചത്തെ ഇടവേള. അടുത്ത ആറുമാസത്തിനിടെ മൂന്നു പേരെക്കൂടി കൊലപ്പെടുത്തി. മരണം ഒളിപ്പിച്ച സിറിഞ്ചുമായി അടുത്ത ഇരയിലേക്കു നീങ്ങുമ്പോഴായിരുന്നു സെപ്റ്റംബറിൽ  അറസ്റ്റിലാകുന്നത്. അതുവരെ ഹാരൾഡ് കൊലപ്പെടുത്തിയവരിൽ 171 പേർവനിതകളായിരുന്നു. 44 പേര്‍ പുരുഷന്മാരും. 

രോഗികളുടെ പേരിൽ മരുന്നുകുറിപ്പെഴുതിയായിരുന്നു ഹാരൾഡ് പലപ്പോഴും തനിക്ക് ആവശ്യമായ ഡയമോർഫിൻ സ്വന്തമാക്കിയിരുന്നത്. ഏകദേശം 12,000 മില്ലിഗ്രാം ഡയമോർഫീൻ  ഇത്തരത്തിൽ ഒരിക്കൽ സ്വന്തമാക്കിയതായി അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. ഏകദേശം 360 പേരെ കൊല്ലാന്‍ സാധിക്കുമായിരുന്നു അത്രയും അളവ് ഡയമോർഫിൻ കൊണ്ട്. ഒടുവിൽ ഹാരൾഡിനെ പിടികൂടുമ്പോൾ ഒരുപക്ഷേ പൊലീസും പറഞ്ഞിട്ടുണ്ടാകണം– ‘ഇയാളെ ഇപ്പോൾ പിടികൂടിയത് നന്നായി...’

harold-shipman-3
ഹാരൾഡ് ഷിപ്‌മെൻ.

കൊലപാതകം നടത്തിയത് മരണം കണ്ടു രസിക്കാൻ!

പൊലീസ് കസ്റ്റഡിയിൽ ഒരിക്കൽപ്പോലും തന്റെ കുറ്റം ഏറ്റുപറഞ്ഞിട്ടില്ല ഹാരൾഡ്. പക്ഷേ കൃത്യമായ തെളിവുകളോടെ അന്വേഷണസംഘം തീർത്ത കുരുക്കിൽ അയാളുടെ ശേഷിച്ച ജീവിതം ജയിലഴികൾക്കുള്ളിലായെന്ന് ഉറപ്പാവുകയായിരുന്നു. കേസ് നടക്കുമ്പോഴെല്ലാം ജയിലിലെത്തി കണ്ട ഭാര്യയോടും നാലു മക്കളോടും പോലും കുറ്റകൃത്യങ്ങളെപ്പറ്റി ഒരക്ഷരം മിണ്ടാൻ ഹാരള്‍ഡ് തയാറായില്ല. ഇയാളുടെ ഓരോ വിചാരണയും ലോകമാധ്യമങ്ങളിൽ തലക്കെട്ടുകൾ സൃഷ്ടിച്ചു. യാതൊരു തെളിവുമില്ലാതെ ഇരുനൂറിലേറെ കൊലകൾ ചെയ്തു വർഷങ്ങളോളം നിയമത്തിനു പിടിതരാതെ ജീവിച്ച ഹാരൾഡിന്റെ ജീവിതം പൊലീസും മനഃശ്ശാസ്ത്രജ്ഞരും പഠനവിഷയമാക്കി. പൊലീസ് പരിശീലന ക്യാംപുകളിൽ ആ കുപ്രസിദ്ധജീവിതവും ‘പാഠപുസ്തക’മായി. 

കൊലപാതകങ്ങളെറെ ചെയ്ത് ഒടുവിൽ പൊലീസിനു പിടിനൽകാൻ തന്നെയായിരുന്നു ഹാരൾഡിന്റെ നീക്കമെന്നായിരുന്നു മനഃശ്ശാസ്ത്രജ്ഞർ പറയുന്നത്. ഇനിയുള്ള കാലം ‘ദൈവത്തിന്റെ വിധി’ക്കു കീഴടങ്ങുകയെന്നതായിരുന്നു ഇയാളുടെ തീരുമാനമെന്നും അവർ പറയുന്നു. അതുകൊണ്ടാണു കാ‌ത്‌ലിന്റെ വിൽപത്രത്തിൽ ഹാരൾഡ് കൃത്രിമം കാണിച്ചത്. കൊലപ്പെടുത്തിയ 214 പേരിൽ ഒരാളുടെ പോലും സ്വത്ത് കൈവശപ്പെടുത്താൻ ഹാരൾഡ് ശ്രമിച്ചിട്ടില്ലെന്നും പൊലീസും പറയുന്നു. അത്രയേറെ കൊലപാതകങ്ങൾ കൃത്യതയോടെ ചെയ്ത ഒരാൾ, ഒറ്റനോട്ടത്തിൽതന്നെ സംശയം ജനിപ്പിക്കുന്ന വിധം ഇത്തരമൊരു കൃത്രിമം കാണിക്കുമോയെന്നാണു തങ്ങളുടെ സംശയത്തിനു തെളിവായി മനഃശ്ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്. അപ്പോഴും എന്തുകൊണ്ടാണ് ഇയാൾ കീഴടങ്ങിയതെന്നത് ഇന്നും രഹസ്യം. എന്തിനാണ് ഇത്രയേറെ കൊലപാതകങ്ങൾ ചെയ്തുകൂട്ടിയെന്നതും ആർക്കും അറിയില്ല– ഹാരൾഡ് കുറ്റം ഏറ്റുപറയാതിരുന്നതു തന്നെ അതിനു കാരണം. 

യാതൊരു കാരണവുമില്ലാതെ കൊല ചെയ്തു എന്നതാണ് ഹാരൾഡിന്റെ കേസ് സംബന്ധിച്ചിടത്തോളം അന്വേഷകരെ ഇന്നും ഞെട്ടിക്കുന്നത്. അതോ ആർക്കും അറിയാതെ, ഹാരൾഡ് മാത്രം മനസ്സിലിട്ടു കൊണ്ടുനടന്ന ഒരു കാരണമുണ്ടായിരുന്നോ? ഈ ചോദ്യത്തിനൊന്നും ഉത്തരം പറയാൻ ഹാരൾഡ് ഇന്നില്ല. തന്റെ അൻപത്തിയെട്ടാം പിറന്നാളിനു തലേന്ന്, 2004 ജനുവരി 13ന്, കോടതിവിധിക്കു കാത്തുനിൽക്കാതെ മരണത്തിനു കീഴടങ്ങുകയായിരുന്നു ഹാരൾഡ്. വെയ്ക്ക്‌ഫീൽഡ് ജയിലിലെ വായുവും വെളിച്ചവും കടക്കാനുള്ള ചെറിയ ജനാലയുടെ അഴിയിൽ പുതപ്പു കൊണ്ടു കുരുക്കുണ്ടാക്കി അയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു. ഓരോ കൊലപാതകത്തിനു പിന്നിലെയും ഹാരൾഡിന്റെ ലക്ഷ്യം ഒന്നു മാത്രമായിരുന്നേക്കാമെന്ന ഉപസംഹാരത്തോടെയാണ് പൊലീസ് ഹാരൾഡിന്റെ കേസ് മടക്കിയത്. അതിങ്ങനെ:

‘ഓരോ മരണവും അയാൾ കണ്ടാസ്വദിച്ചിരുന്നു. മനുഷ്യരുടെ ജീവിതത്തിലും മരണത്തിന്മേലും തനിക്കുള്ള സ്വാധീനമാലോചിച്ച് ആനന്ദം കൊണ്ടിരുന്നു...’

ഇതും വെറുമൊരു നിഗമനം മാത്രം. 

English Summary: How police connects Koodathai serial deaths with that of English serial killer Harold Shipman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com