ADVERTISEMENT

കോഴിക്കോട്∙ ഇടുക്കി കട്ടപ്പന സ്വദേശിയായ ജോളി 22 വർഷം മുൻപാണു റോയി തോമസിനെ വിവാഹം കഴിച്ചു കൂടത്തായിയിലെത്തുന്നത്. റോയിയുടെ അമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യുവിന്റെ ബന്ധുവായ ജോളി, മാത്യുവിന്റെ വീട്ടിലെത്തിയപ്പോഴാണു റോയിയെ പരിചയപ്പെടുന്നത്. ഈ പരിചയം പ്രണയത്തിനു വഴിമാറുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തു. റോയിയുടെ മാതാപിതാക്കളെയും റോയിയെയും കൊലപ്പെടുത്തിയതിനു പിന്നാലെ മഞ്ചാടി മാത്യുവിനെയും ജോളി കൊലപ്പെടുത്തി. റോയിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചതായിരുന്നു കാരണം.

ജോളിയെക്കുറിച്ചുള്ള വാർത്തകൾ വിശ്വസിക്കാനാകാതെ സഹപാഠികൾ

കൂടത്തായിയിൽ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ട കേസിൽ പിടിയിലായ ജോളിയെക്കുറിച്ചു കേൾക്കുന്ന വാർത്തകൾ വിശ്വസിക്കാനാകാതെ പാലായിലെ പഴയ സഹപാഠികൾ. 1993 മുതൽ 1996 വരെ പാലാ ടൗണിൽ പ്രവർത്തിച്ചിരുന്ന പാരലൽ കോളജിലാണു ജോളി ബികോമിനു പഠിച്ചത്.

കട്ടപ്പന സ്വദേശിനിയായ ജോളി പാലായിൽ ഹോസ്റ്റലിൽ നിന്നാണു പഠിച്ചിരുന്നത്. അന്നു വളരെ ശാന്തസ്വഭാവക്കാരിയായിരുന്നു ജോളിയെന്നു സഹപാഠികൾ ഓർമിക്കുന്നു. ഇത്തരത്തിൽ വിവിധ കൊലപാതകങ്ങൾക്കു ജോളി ചുക്കാൻ പിടിച്ചുവെന്ന് അവർക്കു വിശ്വസിക്കാനാകുന്നില്ല. എല്ലാവരോടും സൗമ്യമായാണ് ഇടപെട്ടിരുന്നത്. പഠനകാലത്തിനു ശേഷവും പാലായിലുള്ള ചുരുക്കം ചില സഹപാഠികളുമായി സൗഹൃദം തുടർന്നിരുന്നു. സമീപകാലത്തും അവരെ ഫോണിൽ വിളിച്ചിരുന്നു. ഒരു വിവാഹച്ചടങ്ങിലാണു റോയിയെ പരിചയപ്പെട്ടതും പിന്നീട് വിവാഹം കഴിച്ചതും.

നടക്കാനിരുന്നത് സ്വത്തിന്റെ ആധാരം ചെയ്യൽ; നടന്നത് അറസ്റ്റ്

ദുരൂഹ സാഹചര്യത്തിൽ മരിച്ച കൂടത്തായി പൊന്നാമറ്റം ടോം തോമസിന്റെ സ്വത്ത് ഭാഗം ചെയ്ത് ഇന്നലെ റജിസ്റ്റർ ചെയ്യാനുള്ള തീരുമാനം നടപ്പായില്ല. പകരം നടന്നത്  ജോളിയുടെ അറസ്റ്റ്. അറസ്റ്റോടെ താമരശ്ശേരി റജിസ്ട്രാർ ഓഫിസിൽ നടക്കേണ്ട റജിസ്ട്രേഷൻ നടപടികൾ മുടങ്ങി. ജോളി വ്യാജ ഒസ്യത്ത് ചമച്ചത് റോയിയുടെ സഹോദരൻ റോജോ തോമസിന്റെയും സഹോദരിയുടെയും ശ്രദ്ധയിൽ പെട്ടതോടെ അവകാശത്തർക്കം നിയമ നടപടിയിലേക്കു നീങ്ങി. ഒസ്യത്തിൽ കുടുംബവുമായി പരിചയമില്ലാത്ത ചൂലൂർ സ്വദേശികൾ സാക്ഷികളായി ഒപ്പിട്ടിരുന്നതു സംശയം ബലപ്പെടുത്തി.

ഇതിനിടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് റോജോ കോഴിക്കോട് റൂറൽ എസ്പിക്കു പരാതി നൽകിയതോടെ പൊലീസ് അന്വേഷണത്തിനു തടയിടുന്നതിനായി ജോളി സ്വത്തു പ്രശ്നം രമ്യമായി പരിഹരിക്കാൻ സമ്മതിച്ചു. കൊല്ലപ്പെട്ട റോയിയുടെ രണ്ടു മക്കൾക്കും രണ്ടു സഹോദരങ്ങൾക്കുമായി സ്വത്തു വീതിക്കാനായിരുന്നു തീരുമാനം. അതനുസരിച്ചുള്ള റജിസ്ട്രേഷൻ നടക്കേണ്ട ഇന്നലത്തെ ദിവസം ജോളി അറസ്റ്റിലായി. തങ്ങൾക്കു ലഭിക്കേണ്ട വീട് പൂട്ടി പോകാനായി ജോളിയുടെ മക്കളുടെ വിധി. ജോളിയെ പൊലീസ് അറസ്റ്റ് ചെയ്തതോടെ രണ്ടാം ഭർത്താവ് ഷാജു ഇന്നലെത്തന്നെ സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോയി. ജോളിയുടെ കുട്ടികൾ നിറകണ്ണുകളോടെ പിതാവ് റോയിയുടെ സഹോദരിയുടെ കൂടെയും പോയി. ഫലത്തിൽ പൊന്നാമറ്റം വീട് അനാഥാവസ്ഥയിലായി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com