ADVERTISEMENT

സയനൈഡ് ഉള്ളിൽച്ചെന്നു മരിച്ച ഒരാളുടെ പോസ്റ്റ്മോർട്ടം നടക്കുമ്പോൾ ആ മാരകവിഷത്തിന്റെ സാന്നിധ്യം കൃത്യമായി മനസ്സിലാക്കാനാകും. ആമാശയം തുറക്കുമ്പോഴുണ്ടാകുന്ന പ്രത്യേക ഗന്ധത്തിലൂടെയാണത്. കുറ്റകൃത്യങ്ങളുടെ ലോകത്ത് അന്നും ഇന്നും സയനൈഡിനു മരണത്തിന്റെ ഗന്ധമാണ്. താമരശ്ശേരി കൂടത്തായിയിൽ 14 വർഷത്തിനിടെ ഒരേ കുടുംബത്തിലെ 6 പേരെ മുഖ്യപ്രതി ജോളി ജോസഫ് കൊലപ്പെടുത്തിയപ്പോൾ അതിനെല്ലാം ഉപയോഗപ്പെടുത്തിയതും സയനൈഡെന്ന കൊടുംവിഷം.

മരണവുമായി ചേർന്ന് സയനൈഡിന്റെ പേര് കുപ്രസിദ്ധമാകുന്നത് ഇതാദ്യമായല്ല. ഇന്ത്യയിലെ ആദ്യത്തെ വനിതാ സീരിയൽ കില്ലറിന്റെ പേരിനോടൊപ്പം ചേർത്തിട്ടിരിക്കുന്നതു പോലും ഈ വിഷത്തിന്റെ പേരാണ്– സയനൈഡ് മല്ലിക. കൂടത്തായിയിലെ ജോളിയുടെ കുപ്രസിദ്ധ ജീവിതം ചർച്ചയാകുമ്പോൾ ഓർമകളിലേക്ക് വീണ്ടും ഞെട്ടൽ പകർന്നെത്തുകയാണ് ഇന്ത്യ കണ്ട ക്രൂരയായ ആ കൊലയാളി സ്ത്രീ. കർണാടകയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആദ്യ വനിത. 

അന്‍പത്തിനാലുകാരിയായ കർണാടക കഗ്ഗലിപുര സ്വദേശി മല്ലിക 1999 മുതൽ 2007 വരെയുള്ള എട്ടു വർഷത്തിനിടെ ഏഴു സ്ത്രീകളെയാണ് കൊലപ്പെടുത്തിയത്; 1999 ൽ രണ്ടും 2007 ൽ അഞ്ചും. ആഡംബര ജീവിതത്തോടുള്ള ഭ്രമം കാരണം അതിനു പണം തേടിയാണ് മല്ലിക മോഷണം ആരംഭിക്കുന്നത്. പിടിക്കപ്പെട്ടതോടെ ആറു മാസം ശിക്ഷിക്കപ്പെട്ട് ജയിലഴിക്കുള്ളിലായി. അതോടെ ഭർത്താവ് അവരുമായി അകന്നു. ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയ മല്ലിക ചിട്ടി ബിസിനസ് ആരംഭിച്ചെങ്കിലും വൻ സാമ്പത്തിക നഷ്ടമായിരുന്നു ഫലം. ഇതോടെ എങ്ങനെയും പണം സമ്പാദിക്കാനുള്ള അതിയായ വ്യഗ്രത മല്ലികയെ കൊലപാതക പരമ്പരയിലേക്കു ചെന്നെത്തിക്കുകയായിരുന്നു. 

ഭക്തയായും മന്ത്രവാദിനിയായും...

ക്ഷേത്രങ്ങളിൽ താമസിച്ചു ഭക്‌തരുമായി അടുപ്പം സ്ഥാപിച്ച ശേഷം കൂട്ടിക്കൊണ്ടുപോയി സയനൈഡ് നൽകി കൊന്നു പണവും സ്വർണവും തട്ടുകയായിരുന്നു മല്ലികയുടെ രീതി. വിവിധ പ്രശ്‌നങ്ങളുള്ളവരുമായി തന്ത്രപൂർവം ബന്ധം സ്‌ഥാപിക്കുകയാണ് മല്ലിക ആദ്യം ചെയ്തിരുന്നത്. തീവ്രഭക്തയായും മന്ത്രവാദിനിയായും അവർ അഭിനയിച്ചു. താമസസ്ഥലത്തുനിന്ന് ദൂരെയുള്ള ക്ഷേത്രങ്ങളിലാണ് ഇവർ ഇരകളെ കൊണ്ടുപോയിരുന്നത്. യാത്രയെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ ഫലം കിട്ടില്ലെന്നും ഇവർ ഇരയെ വിശ്വസിപ്പിച്ചിരുന്നു. അതിനാൽ ആരും മല്ലികയെ തിരിച്ചറിഞ്ഞുമില്ല. ഹൊസക്കോട്ടെ നിവാസി മമത (30), ബാനസവാടിയിലെ എലിസബത്ത് (52), യലഹങ്കയിലെ യശോദമ്മ (60), ചിക്കബൊമ്മസന്ദ്രയിലെ മുനിയമ്മ (60), ഹെബ്ബാൾ നിവാസി പിള്ളമ്മ (60), രേണുക (22), നാഗവേണി (30) എന്നിവരെയാണ് ഇത്തരത്തിൽ മല്ലിക കൊലപ്പെടുത്തിയത്.

ഹൊസക്കോട്ടെ നിവാസി മമത രാജൻ എന്ന മുപ്പതു വയസ്സുകാരിയായിരുന്നു മല്ലികയുടെ ആദ്യ ഇര. കുടുംബപ്രശ്‌നങ്ങൾ മാറ്റാനായി നടത്തിയ പൂജയ്‌ക്കിടെയാണ് 1999ൽ മമത കൊല്ലപ്പെട്ടത്. പൂജയ്ക്കെന്ന വ്യാജേന ഇവരുടെ വീട്ടിലെത്തിയ മല്ലിക, മമതയോടു കണ്ണയ്‌ടക്കാൻ ആവശ്യപ്പെട്ടശേഷം നിർബന്ധപൂർവം സയനൈഡ് നൽകുകയായിരുന്നു. കാണാതായ കൊച്ചുമകനെ മടക്കിക്കൊണ്ടു വരാനെന്ന വ്യാജേന നടത്തിയ പൂജയ്‌ക്കിടെയാണ് ബാനസവാഡി നിവാസി എലിസബത്തിനെ (52) മല്ലിക കൊലപ്പെടുത്തിയത്.

യലഹങ്ക നിവാസി യശോദമ്മ (60) കൊല്ലപ്പെട്ടത് ആസ്‌മ രോഗം മാറ്റാനുള്ള പൂജയ്ക്കിടെയാണ്. പൂജയ്‌ക്കെന്ന വ്യാജേന സിദ്ധഗംഗ മഠത്തിനു സമീപം മുറിയെടുക്കുകയും ഇവർ ഉറങ്ങുമ്പോൾ സയനൈഡ് നൽകി കൊലപ്പെടുത്തുകയുമായിരുന്നു. ഭക്തിഗാനങ്ങൾ ആലപിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ചിക്കബൊമ്മസന്ദ്ര നിവാസിയായ ഭക്‌തഗായിക മുനിയമ്മയെ(60) പാട്ടുകൾ റെക്കോർഡ് ചെയ്യാൻ സഹായിക്കാമെന്നു പറഞ്ഞാണ് യഡിയൂർ ക്ഷേത്രത്തിനു സമീപം കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഹെബ്ബാൾ നിവാസി പിള്ളമ്മയെ (60) ക്ഷേത്രങ്ങൾ കാണിക്കാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയാണ് കൊലപ്പെടുത്തിയത്.

സയനൈഡ് കലക്കിയ വെള്ളം

cyanide-mallika-killer
സയനൈഡ് മല്ലിക (ഫയൽ ചിത്രം)

കുട്ടികളില്ലാത്തതിൽ അതീവ ദുഃഖിതയായിരുന്ന രേണുകയെ നഗരപ്രാന്തത്തിലുള്ള ശ്രീ നാരായണ ക്ഷേത്രത്തിൽ പൂജ നടത്തിയാൽ കുട്ടികളുണ്ടാകുമെന്നു വിശ്വസിപ്പിച്ച് മല്ലിക ബന്ധം സ്ഥാപിക്കുകയായിരുന്നു. പൂജയുടെ കാര്യങ്ങൾ ആരോടും പറയരുതെന്നും എങ്കിൽ ഫലപ്രാപ്തി ഉണ്ടാകില്ലെന്നും മല്ലിക രേണുകയോട് പറഞ്ഞു. ആഭരണങ്ങൾ മൊത്തം അണിഞ്ഞ് പുലർച്ചെ പൂജ നടത്തിയാലേ ഫലപ്രാപ്തി ഉണ്ടാകൂയെന്നും മല്ലിക അവരെ വിശ്വസിപ്പിച്ചു. ഇതനുസരിച്ച രേണുക ആരോടും പറയാതെ അകലെയുള്ള ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ക്ഷേത്രത്തിനടുത്ത് മുറിയെടുത്തു. പുലർച്ചെ ആഭരണങ്ങളെല്ലാം ധരിക്കാൻ രേണുകയോട് ആവശ്യപ്പെട്ടശേഷം മല്ലിക പൂജ ആരംഭിച്ചു. തുടർന്ന് കുടിക്കാനായി തീർഥജലം നൽകി. സയനൈഡ് കലക്കിയ വെള്ളംകുടിച്ച രേണുക ആ മുറിയിൽ പിടഞ്ഞു വീണു മരിച്ചു.

ആൺമക്കളുണ്ടാകുമെന്നു വിശ്വസിപ്പിച്ചാണ് ഹെബ്ബാൾ നിവാസി നാഗവേണിയെ (30) കൂട്ടികൊണ്ടുപോയി കൊലപ്പെടുത്തിയത്. ഇലക്‌ട്രിക് വയർ കൊണ്ടു കഴുത്തു ഞെരിച്ച ശേഷം സയനൈഡ് നൽകുകയായിരുന്നു. ഈ കൊലകളെല്ലാം നടത്തിയിട്ടും ആർക്കും സംശയം തോന്നാത്ത വിധം മല്ലിക ജീവിതം തുടർന്നു. അടുത്ത ഇരയെ തേടിയുള്ള യാത്രയ്ക്കു മുന്നോടിയായി തന്റെ കയ്യിലുള്ള സ്വർണാഭരണങ്ങൾ വിൽക്കാൻ നടത്തിയ ശ്രമമാണ് മല്ലികയ്ക്കു ജയിലിലേക്കുള്ള വഴി തെളിച്ചത്.

ജ്വല്ലറിയിൽ നിന്നുള്ള ആ ഫോൺകോൾ

2007 ഡിസംബർ 31: പതിവ് പട്രോളിങ്ങിനിടയിലാണ് കലാസിപാളയയിലെ പൊലീസുകാർക്ക് ആ വിവരം ലഭിച്ചത്. വിളിച്ചത് സമീപത്തെ ഒരു ജ്വല്ലറി ഉടമ. ജ്വല്ലറിയിൽ സ്വർണാഭരണങ്ങൾ വിൽക്കാൻ വന്ന ഒരു സ്ത്രീയെ സംശയമുണ്ടെന്നായിരുന്നു ഫോണ്‍ സന്ദേശം. ഒട്ടും വൈകാതെ പൊലീസ് സ്ഥലത്തെത്തി. 40 വയസ്സിനു മുകളിൽ പ്രായമുള്ള ഒരു സ്ത്രീയായിരുന്നു കടയിലുണ്ടായിരുന്നത്. ചോദ്യം ചെയ്യലിൽ പൊലീസിനു ലഭിച്ചതാകട്ടെ പരസ്പര വിരുദ്ധമായ മറുപടികളും. അതോടെ വിശദമായി ചോദ്യം െചയ്യലിനു വേണ്ടി സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വന്തം ആഭരണങ്ങളാണെന്നും പണത്തിന് ആവശ്യമുള്ളതിനാൽ വിൽക്കാനെത്തിയതാണെന്നും സ്റ്റേഷനിലെ ചോദ്യംചെയ്യലിലും അവർ ആവർത്തിച്ചു. എന്നാൽ യുവതികൾ അണിയുന്ന തരത്തിലുള്ള സ്വർണാഭരണങ്ങളായിരുന്നു വിൽക്കാൻ കൊണ്ടുവന്നതെന്നത് പൊലീസിൽ സംശയമുണ്ടാക്കി.

ഇതിനിടയിലാണ് ഇവർ ഒരു മോഷണക്കേസിൽ നേരത്തേ പിടിയിലായിട്ടുണ്ടെന്നും ആറു മാസം ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസിനു വിവരം ലഭിക്കുന്നത്. അതു നിർണായകമായി. ഭർത്താവിൽനിന്നും മക്കളിൽനിന്നും അകന്നുകഴിയുന്ന ഇവരുടെ പെരുമാറ്റത്തിൽ ദുരൂഹതയുണ്ടെന്നു കണ്ടെത്തിയ പൊലീസ് കൂടുതൽ അന്വേഷണം നടത്തി. അവരിൽനിന്നും പിടിച്ചെടുത്ത ആഭരണങ്ങളിലെ അടയാളങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അങ്ങനെ ഹെബ്ബാൾ സ്വദേശിയായ നാഗവേണിയുടേതാണ് ആഭരണങ്ങളെന്നു തിരിച്ചറിഞ്ഞു. അവരെ അന്വേഷിച്ചു പോയപ്പോഴായിരുന്നു അടുത്ത ഞെട്ടൽ– നാഗവേണി മാസങ്ങൾക്കു മുൻപ് കൊല്ലപ്പെട്ടിരുന്നു. പൊലീസിന്റെ പഴുതടച്ചുള്ള ചോദ്യം ചെയ്യലായിരുന്നു പിന്നെ. അതോടെ അവർ തന്റെ യഥാർഥപേര് ആദ്യമായി പറഞ്ഞു– കെ.ഡി.കെംപമ്മ. രാജ്യത്തെ നടുക്കിയ ആദ്യത്തെ വനിതാ സീരിയൽ കില്ലറിന്റെ കൊലപാതകക്കഥകൾ അതോടെ ഓരോന്നായി പുറത്തുവരികയായിരുന്നു. 

2000 പേരെ കൊല്ലാനുള്ള വിഷം

മേദാർപേട്ടിലെ സ്വർണ പോളിഷിങ് ഷോപ്പിൽനിന്ന് 200 രൂപയ്‌ക്കാണു മല്ലിക മാരകവിഷമായ സയനൈഡ് വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. ഇവർ വാങ്ങിയ സയനൈഡ് 2000 പേരെ കൊലപ്പെടുത്താൻ മതിയാകുമായിരുന്നെന്നാണു പൊലീസ് റിപ്പോർട്ട്. സിനിമകളിൽ നിന്നായിരുന്നു സയനൈഡ് കൊലപാതകത്തിന്റെ ആശയം മല്ലികയ്ക്കു ലഭിക്കുന്നത്. ചില സ്വർണപ്പണിക്കാരുടെ ഒപ്പം മല്ലിക സഹായിയായും ജോലി ചെയ്തിട്ടുണ്ട്. സ്വർണം പോളിഷ് ചെയ്യാൻ സയനൈഡ് ഉപയോഗിക്കുന്ന വിവരവും അങ്ങനെയാണു ലഭിച്ചത്. കൊലപാതകത്തിനു സയനൈഡ് ഉപയോഗിച്ചിരുന്നതിനാൽ സയനൈഡ് മല്ലിക എന്നും പേരും ഇവർക്കു ലഭിച്ചു. ലക്ഷ്‌മി, സാവിത്രാമ്മ, മല്ലിക, ജയമ്മ, കല, ശിവമോഗ്ഗമ്മ തുടങ്ങിയ പേരുകളിലും പലരെയും സമീപിച്ചായിരുന്നു കൊലപാതകം.

മല്ലിക അറസ്റ്റു ചെയ്യപ്പെട്ടതോടെ വിവിധയിടങ്ങളിൽ കാണാതായ സ്ത്രീകളുടെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിലേക്ക് പ്രവഹിച്ചു. അക്കൂട്ടത്തിൽ രേണുകയുടെ സഹോദരി  മണിയും ഉണ്ടായിരുന്നു. തന്റെ സഹോദരി കൊല്ലപ്പെട്ടതിനു പിന്നിൽ മല്ലികയെ സംശയമുണ്ടെന്ന് മണി പൊലീസിനെ അറിയിച്ചു. വീട്ടുജോലിക്കാരിയായി മണി നിന്ന വീട്ടിൽ പാചകക്കാരിയായിരുന്നു മല്ലിക. തന്റെ വീട്ടിൽ പതിവായി  മല്ലിക വരാറുണ്ടായിരുന്നെന്നും രേണുകയുമായി മല്ലികയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്നും അവർ പൊലീസിനെ അറിയിച്ചു. ചോദ്യം ചെയ്യലിൽ രേണുകയെ സയനൈഡ് നൽകി കൊന്നതായി മല്ലിക സമ്മതിച്ചു.

ഇക്കാര്യം സ്ഥിരീകരിക്കാനായി കലാസിപാളയ പൊലീസ് കോലാറിലെ പൊലീസുമായി ബന്ധപ്പെട്ടു. അവരാണ് യോഗി നാരായണ ആശ്രമം ഗെസ്‌റ്റ് ഹൗസിലെ ശുചിമുറിയിൽ 2006 ഡിസംബർ ഏഴിന് അജ്‌ഞാത യുവതിയെ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയ വിവരം പറയുന്നത്. എന്നാൽ ആരും അന്വേഷിച്ച് വരാത്തതിനാൽ മൃതദേഹം പൊലീസ് ദഹിപ്പിച്ചു. അന്വേഷണത്തിൽ ഒന്നും  കണ്ടെത്താനാകാത്തതിനാൽ കേസും അവസാനിപ്പിച്ചിരുന്നു (രേണുകയെ കാണാനില്ലെന്ന പരാതി ബെംഗളൂരുവിലെ മൈക്കോ ലേഔട്ട് പൊലീസ് സ്റ്റേഷനിൽ 2006 ഡിസംബറിൽത്തന്നെ അവരുടെ ഭർത്താവ് ശങ്കർ നൽകിയിരുന്നുവെന്നതാണു സത്യം)

പക്ഷേ കൊല്ലപ്പെട്ട വനിതയുടെ വസ്ത്രങ്ങൾ പൊലീസ് സൂക്ഷിച്ചിരുന്നു. രേണുകയുടെ സഹോദരി മണി ഈ വസ്ത്രങ്ങൾ തിരിച്ചറിഞ്ഞതോടെ കുരുക്കു മുറുകി. രേണുകയുടെ ആഭരണങ്ങൾ വിൽപന നടത്തിയ സ്ഥലത്തെത്തി അതും പൊലീസ് പരിശോധിച്ചു. ഇതോടെ കൂടുതൽ കേസുകളിൽ മല്ലിക ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസിനു മനസ്സിലായി. കൂടുതൽ പരാതികൾ വന്നപ്പോൾ മല്ലികയെ നുണപരിശോധനയ്‌ക്കും വിധേയമാക്കി. അതോടെ ബാക്കി കൊലപാതങ്ങളുടെ വിവരങ്ങളും ലഭിച്ചു. 

നാഗവേണിയെ കൊലപ്പെടുത്തിയ കേസിൽ മല്ലികയ്‌ക്ക് ഒന്നാം അഡീഷനൽ റൂറൽ കോടതി വധശിക്ഷ വിധിച്ചു. മുനിയമ്മയെ കൊലപ്പെടുത്തിയ കേസിലും ഇവരെ തൂക്കിക്കൊല്ലാൻ വിധി വന്നു. നാഗവേണി വധക്കേസിൽ പിന്നീട് ഇവരുടെ ശിക്ഷ ഇളവു ചെയ്തു ജീവപര്യന്തമാക്കി. ഇപ്പോഴും ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലുണ്ട് മല്ലിക.അടുത്തിടെ മല്ലിക വീണ്ടും വാർത്തകളിൽനിറഞ്ഞു, ജയലളിതയുടെ തോഴി ശശികല ശിക്ഷിക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലിലെത്തിയപ്പോൾ. മല്ലികയുടെ തൊട്ടടുത്തുള്ള സെല്ലാണ് ശശികലയ്ക്ക് ലഭിച്ചത്. പിന്നീട് സുരക്ഷാ കാരണങ്ങളാൽ മല്ലികയെ ഈ സെല്ലിൽനിന്ന് മാറ്റുകയായിരുന്നു.

English Sumamry: India's first woman serial killer Cyanide Mallika

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com