ADVERTISEMENT

‘നല്ലവണ്ണം ഉണങ്ങിയ കറുത്ത മുന്തിരി പോലെ, മധുരിക്കുന്ന പ്ലം പഴം അയാൾക്കു വളരെ ഇഷ്ടമായിരുന്നു. പഴുത്ത നല്ല ഒന്നാന്തരം പ്ലം ഒരു പെട്ടി നിറയെ ഞാൻ അയാൾക്കു തിന്നാൻ െകാടുത്തു. കൈ നിറയെ പലഹാരം ലഭിച്ച കുട്ടിയെപ്പോലെ ആർത്തിയോടെ അയാൾ അതു തിന്നുന്നതു ഞാൻ നോക്കി നിന്നു. അതിൽ പക്ഷേ ഞാൻ എലി വിഷം കലർത്തിയിരുന്നു...’ കോടതിയിൽ വിചാരണയ്ക്കിടെയായിരുന്നു നാനി ഡോസ് ഇതു പറഞ്ഞത്. അതും തുടർച്ചയായി കുണുങ്ങിച്ചിരിച്ചു കൊണ്ട്. അന്നേരം കോടതിമുറിയിൽ ഉണ്ടായിരുന്നവരുടെ മുഖത്തു തെളിഞ്ഞ പരിഭ്രാന്തിയുടെ ആഴങ്ങളിലുണ്ടായിരുന്നു നാനിയെന്ന വനിതാ സീരിയൽ കില്ലർ എത്രമാത്രം ഭയപ്പെടുത്തുന്ന ജീവിതമാണു നയിച്ചിരുന്നതെന്ന്. തന്റെ അഞ്ചാമത്തെ ഭർത്താവ് സാമുവേൽ ഡോസിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുകയായിരുന്നു നാനി. 

എലിവിഷം പക്ഷേ സാമുവേലിന് ഏറ്റില്ല, ദിവസങ്ങൾക്കു ശേഷം അദ്ദേഹം ആശുപത്രി വിട്ടു. വീട്ടിലെത്തിയതിനു പിന്നാലെ നാനി വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കി ഭർത്താവിനു വിളമ്പി. ഇത്തവണ ഭക്ഷണത്തിൽ ചേർത്തത് ആർസെനിക് എന്ന െകാടുംവിഷമായിരുന്നു. അങ്ങനെ നാനിയുടെ രണ്ടാം ശ്രമത്തിൽ, 1954ല്‍, സാമുവേൽ മരിച്ചു. സ്വാഭാവിക മരണമായി തള്ളിക്കളയേണ്ടതായിരുന്നു അത്. എന്നാൽ സാമുവേലിന്റെ ഡോക്ടർ നിർബന്ധം പിടിച്ചതിനെത്തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യേണ്ടിവന്നു. അങ്ങനെയാണ് ആർസെനിക്കിന്റെ അംശം കണ്ടെത്തുന്നത്.

സംശയം തോന്നിയ പൊലീസ് കുടുംബത്തിലെ മറ്റു മരണങ്ങളെപ്പറ്റിയും അന്വേഷിക്കാൻ തീരുമാനിച്ചു. അതോടെ ചുരുളഴിഞ്ഞത്, അതുവരെ സ്വാഭാവിക മരണം എന്നെഴുതിത്തള്ളിയ മരണങ്ങൾക്കു പിന്നിലെ യഥാർഥ കാരണങ്ങൾ. സ്വാഭാവിക മരണങ്ങളെല്ലാം കൊലപാതകങ്ങളായി മാറി, അവയെല്ലാം കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കിയതാകട്ടെ നാനി ഡോസും.

nannie-doss-news-paper

ലോകം കണ്ട കൊടുംകുറ്റവാളികളായ സ്ത്രീകളിൽ മുൻനിരയിലാണ് യുഎസിലെ അലബാമയിൽ നിന്നുള്ള നാനി ഡോസ്. കോഴിക്കോട് കൂടത്തായിൽ അരങ്ങേറിയ കൊലപാതക പരമ്പരയോട് എറെ സാമ്യം പുലർത്തുന്നതാണ് അലബാമയിലെ െകാലപാതക പരമ്പരയും 1920നും 1954നും ഇടയിലുള്ള കാലയളവിൽ 11 പേരാണ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്. കൂടത്തായി െകാലപാതക പരമ്പരയിലേതു പോലെ ബോധപൂർവം കൃത്യമായ ഇടവേളകൾ എടുത്തു നടത്തിയ ദാരുണ കൊലപാതകങ്ങളായിരുന്നു ഇവയെല്ലാം. ഇതില്‍ നാനിയുടെ അമ്മ, നാലു മുന്‍ഭര്‍ത്താക്കന്മാര്‍, രണ്ടുകുട്ടികള്‍, കൊച്ചുമകന്‍, ഭർതൃമാതാവ് എന്നിവരുള്‍പ്പെടും. വിചാരണ വേളയിൽ തെല്ലും കുറ്റബോധമില്ലാതെ കോടതി മുറിയിൽ െപാട്ടിച്ചിരിച്ച നാനി ഡോസിനെ ‘അലബാമയിലെ കുണുങ്ങിച്ചിരിക്കുന്ന മുത്തശ്ശി’ എന്നയാളാണ് രാജ്യാന്തര മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.

ഏറ്റവും സുമുഖനായ െകാലയാളി എന്ന് രാജ്യാന്തര മാധ്യമങ്ങൾ പേരിട്ടു വിളിച്ച ലോകചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരനായ സീരിയൽ കില്ലർ ടെഡ് ബണ്ടിയുടെ രീതികളോടാണു നാനി ഡോസിന്റെ ചെയ്തികൾക്ക് ഏറെ സാമ്യം. മാന്യനും നിഷ്കളങ്കനും സുമുഖനുമായ ടെഡ് ബണ്ടിയുടെ ഉള്ളിലുള്ള ചെകുത്താനെ തിരിച്ചറിയാൻ ഇരകൾക്കു കഴിഞ്ഞിരുന്നില്ല. രാത്രിയിൽ െകാലപാതകങ്ങൾ നടത്തി പകൽ ജോലിക്കു പോയിരുന്ന ടെഡിനെ പോലെ തന്നെ ഉത്തമയായ കുടുംബിനിയും മനുഷ്യ സ്നേഹിയുമായി നടിച്ചിരുന്ന നാനിയുടെ െകാലപാതങ്ങൾക്കു പിന്നിൽ സാമ്പത്തിക ലാഭവും വ്യക്തിവൈരാഗ്യവും ആയിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ലോകചരിത്രത്തിലെ സൈക്കോപാത്തുകളിൽ മുൻനിരയിൽ ആയിരുന്നു നാനി. 

കോടതിയിൽ സ്വയം വാദിച്ച് ആയിരക്കണക്കിനു ആളുകളെ തന്റെ ആരാധകരാക്കി മാറ്റിയ ടെഡ് ബണ്ടിയെ പോലെ നാനിക്കും ആരാധകരുണ്ടായിരുന്നു. അതിവിദഗ്ധമായി തനിക്കു നേരേ വന്ന ചോദ്യങ്ങളെ നേരിട്ട നാനിക്ക് സാമുവേലിന്റെ കൊലപാതകത്തിൽ മാത്രമാണ് പിഴച്ചത്. 11 പേരെ കൊലപ്പെടുത്തിയ കേസിൽ കയ്യാമം വച്ചു നടത്തുമ്പോൾ ‘ഞാൻ എന്റെ യഥാർഥ പങ്കാളിയെ കാത്തിരിക്കുകയായിരുന്നു, എന്തുകൊണ്ടാണ് നിങ്ങൾ വരാൻ വൈകിയത് ? എന്നായിരുന്നു െപാലീസ് ഉദ്യോഗസ്ഥരോട് അവർ ചോദിച്ചത്. 

nannie-doss-3

കർഷകുടുംബത്തിൽ 1905ൽ ജനിച്ച നാനിയുടെ കുട്ടിക്കാലം നിറമുള്ളതായിരുന്നില്ല. ലൂസിയ, ജെയിംസ് ഹസേൽ ദമ്പതികളുടെ മകളായി പിറന്ന നാനിയെ പിതാവ് സ്കൂളിൽ അയച്ചില്ല. പാടത്ത് പൂട്ടിയ കന്നുകളുടെ വില പോലും പിതാവ് തനിക്കു തന്നിരുന്നില്ലെന്നു നാനി ഡോസ് പലപ്പോഴും പറയുമായിരുന്നു. നാനിക്കൊപ്പം അമ്മ ലൂസിയയുടെയും പേടിസ്വപ്നവും വെറുപ്പുമായിരുന്നു ജയിംസ്. വാരികകൾ വായിച്ച് അക്ഷരം പഠിച്ച നാനി ആ വാരികകളിലെ സുന്ദരന്മാരെ വിവാഹം കഴിക്കുന്നതായി സ്വപ്നം കണ്ടു.

നാലു മാസം മാത്രം പരിചയമുള്ള ചാർലി ബ്രാഗിസിനെ 16–ാം വയസിൽ അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി കല്യാണം കഴിച്ചു. ചാർലി നല്ലവനായിരുന്നുവെങ്കിലും ചാർലിയുടെ അമ്മയിൽ തന്റെ പിതാവിനെ തന്നെയാണ് നാനി കണ്ടത്. ക്രൂരപീഡനങ്ങളും കുത്തുവാക്കുകളും ഭർതൃമാതാവിൽ നിന്നു നാനിക്ക് ഏറ്റുവാങ്ങേണ്ടി വന്നു.1928ൽ വിവാഹമോചനം നേടി മൂത്തമകൾ മെൽവിനയെയും ഒക്കത്തേറ്റി നാടുവിട്ട ചാർലി ബ്രാഗിസ് നാനിയുടെ െകാലക്കത്തിക്ക് ഇരയാകാതെ രക്ഷപ്പെട്ടു. ചാർലിക്കു ശേഷം നാലു പേരെ നാനി വിവാഹം കഴിച്ചു. ആ നാലുപേരും പല കാലഘട്ടത്തിൽ ദുരൂഹസാഹചര്യത്തിൽ െകാല്ലപ്പെടുകയായിരുന്നു. 

ഇരകളുടെ മരണത്തിനു ശേഷം കൃത്യമായി തനിക്ക് ഇൻഷൂറൻസ് തുക ലഭിക്കും വിധം ഇൻഷുറൻസ് പോളിസികൾ നാനി ഡോസ് എടുത്തിരുന്നു. സ്വാഭാവിക മരണമായി ചിത്രീകരിച്ച ശേഷം ആ തുക കൃത്യമായി ഇവർ കൈപ്പറ്റി. ആദ്യ ഭർത്താവിൽ പിറന്ന മെൽവിനയുടെ കുഞ്ഞുങ്ങളെ െകാലപ്പെടുത്തിയതാണ് കൂട്ടത്തിൽ ഏറ്റവും ദാരുണം. മെൽവിനയുടെ മൂത്ത കുട്ടിയും തന്റെ പേരക്കുട്ടിയുമായ രണ്ടുവയസ്സുകാരൻ ആൽബർട്ടിനെ ശ്വാസം മുട്ടിച്ചു െകാന്നതു താനാണെന്ന് നാനി ഡോസ് സമ്മതിച്ചിരുന്നു.

മെൽവിനയുടെ തന്നെ ഇളയകുഞ്ഞിനെ ഹെയർപിൻ തലയിൽ അടിച്ചു കയറ്റി കൊല്ലുകയായിരുന്നു. പ്രസവിച്ച് ദിവസങ്ങൾ മാത്രം പിന്നിട്ട കുഞ്ഞിനെ കൊന്നത് മെൽവിനയോടും ആദ്യഭർത്താവിനോടുമുള്ള പ്രതികാരമായിട്ടാണെന്നു നാനി മൊഴി നൽകി. എന്നാൽ ഈ കൊലപാതകങ്ങളിൽ ഒന്നും ആർക്കും നാനിയെ സംശയമില്ലായിരുന്നു. ഈ മരണങ്ങളുടെയും ഇൻഷുറൻസ് തുക കൃത്യമായി നാനി കൈപ്പറ്റിയിരുന്നു. 

നാനി ഡോസ്
നാനി ഡോസ്

ഓരോ െകാലപാതകത്തിനു ശേഷവും ഏറെ വൈകാതെ അടുത്ത ഇരയെ നാനി കെണിയിൽ കുടുക്കിയിരുന്നു. ഡേറ്റിങ് ക്ലബുകളിലൂടെയാണ് മിക്കവാറും അവർ തന്റെ പുതിയ ഭർത്താക്കന്മാരെ കണ്ടെത്തിയിരുന്നത്. നിസ്സാര കാരണങ്ങളാണ് ഒരോ കൊലപാതകത്തിലും അവർക്കു പറയാനുണ്ടായിരുന്നത്. സാമുവേൽ ഡോസിന്റെ മരണത്തിൽ തന്നെ ഡിറ്റക്ടിവ് നോവലുകൾ വായിക്കാനോ റേഡിയോ കേൾക്കാനോ അനുവദിക്കാത്തതിനാൽ കൊന്നുതള്ളിയെന്നാണ് അവർ കോടതിയിൽ പറഞ്ഞത്. മൂന്നാംഭർത്താവ് അർലി ലാനിങ്ങിന്റെ മരണശേഷം വീടിനു തീവച്ച് ഇൻഷുറൻസ് തുക ഇവർ കൈക്കലാക്കിയതായി കണ്ടെത്തിയ ലാനിങ്ങിന്റെ സഹോദരിയും ദുരൂഹ സാഹചര്യത്തിൽ െകാല്ലപ്പെട്ടു. 

ഭർത്താക്കന്മാരിൽ പലരും ഹൃദയഘാതം മൂലമാണ് മരിച്ചതെന്ന് പലയിടത്തും നാനി ഡോസ് പ്രചരിപ്പിച്ചു. തുടർകൊലപാതകങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കിയിട്ടും ഉറ്റ ബന്ധുക്കൾ പോലും നാനി ഡോസിനെ സംശയിച്ചിരുന്നില്ല. അസുഖബാധിതയായ സഹോദരിയെ ശുശ്രൂഷിക്കാനെന്ന നാട്യത്തിൽ അവരോടോപ്പം താമസിച്ച നാനി ഏറെ താമസിയാതെ സഹോദരിയെയും ഭക്ഷണത്തിൽ വിഷം ചേർത്ത് കൊന്നു. നാനിയുടെ ഭർത്താക്കന്മാരിൽ ഭൂരിഭാഗവും മദ്യപാനികളും രോഗികളും ആയിരുന്നതിനാൽ എല്ലാം സ്വഭാവിക മരണങ്ങളായി ചിത്രീകരിക്കാൻ അവർക്കു വിഷമം ഉണ്ടായിരുന്നില്ല. 

പോണോഗ്രഫിക്ക് അടിമയായി സീരിയൽ കില്ലറായുള്ള ചരിത്രമാണ് ടെഡ് ബണ്ടിക്കു പറയാനുള്ളതെങ്കിൽ ബാല്യകാലം മുതൽ പിതാവിന്റെ ക്രൂരമായ പീഡനങ്ങൾക്കും അടിച്ചമർത്തലിനും വിധേയായതാണ് നാനിയുടെ ജീവിതം മാറ്റിമറിച്ചതെന്നു നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ഏഴാംവയസിൽ ട്രെയിനിൽ നിന്നു വീണ് ഗുരുതരമായി പരുക്കേറ്റതും സ്വഭാവവൈകല്യത്തിനു കാരണമായി. ഒരിക്കൽ തെരുവു റൗഡികളാൽ ക്രൂരമായി ലൈംഗിക പീഡനത്തിനു വിധേയായ നാനി  ഓരോ കൊലപാതങ്ങൾക്കു ശേഷവും ഗൂഢമായ ആനന്ദം അനുഭവിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു.

English Summary: The Story Of Nannie Doss, The 'Giggling Granny' Serial Killer of US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com