ADVERTISEMENT

പാരിസ് ∙ ഫ്രാൻസിൽനിന്ന് വാങ്ങുന്ന റഫാൽ യുദ്ധവിമാനങ്ങളിൽ ആദ്യത്തേത് ഇന്ത്യ ഏറ്റുവാങ്ങി. ഫ്രാൻസിലെത്തിയ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നിർമാതാക്കളായ ഡാസോ ഏവിയേഷനിൽ നിന്നു വിമാനം ഏറ്റുവാങ്ങി. ബോർദോ മെരിഗ്‌നാക് വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ ആയുധപൂജയ്ക്കു ശേഷമാണ് പ്രതിരോധ മന്ത്രി റഫാൽ വിമാനം കൈപ്പറ്റിയത്. യുദ്ധവിമാനങ്ങള്‍ക്കൊപ്പം അദ്ദേഹം നില്‍ക്കുന്നതിന്റെയും ഫ്രഞ്ച് സൈനിക വിമാനത്തില്‍ പാരിസില്‍നിന്ന് മെരിഗ്‌നാക്കിലേക്ക് പറക്കുന്നതിന്റെയും ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു. ഇന്ത്യൻ വ്യോമസേനയുടെ 87–ാം സ്ഥാപകദിനമാണ് ഇന്ന്.

ഇതു ചരിത്രദിവസമാണ്. റഫാൽ വിമാനം വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കും. വ്യോമസേനയെ നവീകരിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. റഫാൽ വിമാന കൈമാറ്റത്തോടെ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാകുമെന്നു രാജ്‌നാഥ് സിങ് ചടങ്ങിൽ പറഞ്ഞു. 36 റഫാൽ വിമാനങ്ങളാണ് ഇന്ത്യ ഫ്രാൻസിൽനിന്നു വാങ്ങുന്നത്. 2022 സെപ്റ്റംബറോടെ കരാർ പ്രകാരമുള്ള മുഴുവൻ വിമാനങ്ങളും ഇന്ത്യയിൽ എത്തിക്കുമെന്നാണ് സൂചന.

മൂന്നു ദിവസത്തെ സന്ദർശനത്തിനാണ് രാജ്നാഥ് സിങ് ഫ്രാൻസിലെത്തിയത്. റഫാൽ കൈമാറ്റ ചടങ്ങിനു മുൻപു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായി പ്രതിരോധമന്ത്രി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള പ്രതിരോധ, സുരക്ഷാ മേഖലകളിലെ ധാരണ സംബന്ധിച്ചു കൂടിക്കാഴ്ചയിൽ‌ ചർച്ച ചെയ്തു. അതിനു ശേഷം റഫാല്‍ യുദ്ധവിമാനത്തിന്റെ നിര്‍മ്മാതാക്കളായ ഡാസോ ഏവിയേഷന്റെ പ്ലാന്റ് സന്ദര്‍ശിച്ച ശേഷമാണ് രാജ്‌നാഥ് സിങ് ബോർദോ മെരിഗ്‌നാക് വിമാനത്താവളത്തിലേക്ക് പോയത്.

English Summary: 1st Rafale Handed Over By France, Rajnath Singh Says "Historic Day"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com