ADVERTISEMENT

തൃശൂർ ∙ കഞ്ചാവുമായി പിടിക്കപ്പെട്ട പ്രതി എക്സൈസ് കസ്റ്റഡിയിൽ മർദനമേറ്റു മരിച്ച കേസിൽ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. പ്രിവന്റീവ് ഓഫിസർമാരായ അബ്ദുൽ ജബ്ബാർ, അനൂപ് കുമാർ, സിവിൽ എക്സൈസ് ഓഫിസർ നിധിൻ മാധവ് എന്നിവരെയാണ് പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഈ മാസം ഒന്നിന് വൈകിട്ട് നാലരയ്ക്കായിരുന്നു സംഭവം. രണ്ടു കിലോ കഞ്ചാവുമായി എൻഫോഴ്സ്മെന്റ് സ്പെഷൽ സ്ക്വാഡ് പിടികൂടിയ പ്രതി എക്സൈസ് വാഹനത്തിൽ വച്ചാണ് മരിച്ചത്. മലപ്പുറം തിരൂർ കൈമലശേരി തൃപ്പംകോട് കരുമത്തിൽ രഞ്ജിത് കുമാർ (40) ആണ് മരിച്ചത്. ഗുരുവായൂരിൽ നിന്ന് അറസ്റ്റ് ചെയ്ത് തൃശൂരിലേക്കു കൊണ്ടുപോകുമ്പോൾ വഴിമധ്യേയായിരുന്നു മരണം.

അപസ്മാര ലക്ഷണങ്ങളെത്തുടർന്ന് പ്രതി അബോധാവസ്ഥയിലായെന്നും പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചുവെന്നുമായിരുന്നു എക്സൈസ് വിശദീകരണം. പ്രതിയുടെ ദേഹം നനഞ്ഞ നിലയിൽ കണ്ടത് ദുരൂഹതയുണർത്തിയിരുന്നു. എന്നാൽ, അബോധാവസ്ഥയിലായ പ്രതിയെ ഉണർത്താൻ ദേഹത്തു വെള്ളം തളിച്ചതാണെന്നാണ് ഒപ്പമുണ്ടായിരുന്ന എക്സൈസ് ഉദ്യോഗസ്ഥർ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചത്.

ഒന്നിലേറെ കഞ്ചാവു കേസിൽ പ്രതിയായ രഞ്ജിത്ത് ഗുരുവായൂർ മേഖലയിൽ കഞ്ചാവു വിൽപന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. നാലു കിലോ കഞ്ചാവുമായി ഇതേ സ്ക്വാഡ് തന്നെ രഞ്ജിത്തിനെ മുൻപും പിടികൂടിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com