ADVERTISEMENT

കോഴിക്കോട് ∙ കൂടത്തായി കൂട്ടക്കൊലക്കേസിൽ അറസ്റ്റിലായ ജോളി ജോസഫിനു വേണ്ടി കോടതിയിൽ ഹാജരാകുമെന്ന് അഡ്വ. ബി.എ.ആളൂർ. കോഴിക്കോട് ജില്ലാ ജയിലിൽ കഴിയുന്ന ജോളിയെ സന്ദർശിച്ചെന്നും അടുത്ത ദിവസം അവർ വക്കാലത്ത് ഒപ്പിട്ടു തരുമെന്നും ആളൂർ ‘മനോരമ ഓൺലൈനോടു’ പറഞ്ഞു. കൊലപാതക പരമ്പരയിലെ പ്രതികൾക്കായുള്ള ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷ താമരശേരി കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണു നീക്കം. കേസിൽ പ്രതികളായ ജോളിക്കും പ്രജികുമാറിനും വേണ്ടി ബുധനാഴ്ച ഉച്ച വരെ ആരും വക്കാലത്ത് ഏറ്റെടുത്തിരുന്നില്ല.

11 ദിവസത്തേക്കാണു കസ്റ്റഡി അപേക്ഷ നൽകിയതെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിൻ ബേബി പറഞ്ഞു. പ്രതി എം.എസ്.മാത്യുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതും വ്യാഴാഴ്ചത്തേക്കു മാറ്റി. ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ മാത്യുവിന്റെ ജാമ്യാപേക്ഷയാണ് ആദ്യം പരിഗണിച്ചത്. മാത്യു നിരപരാധിയാണെന്നും ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും വാദിച്ചാണ് അപേക്ഷ നൽകിയത്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എതിർത്തതോടെ തീരുമാനം വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

പിന്നാലെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ.ഹരിദാസൻ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ മുഖാന്തരം കസ്റ്റഡി അപേക്ഷ നൽകി. പതിനൊന്ന് ദിവസത്തേക്കാണ് കസ്റ്റഡിയിൽ ചോദിച്ചത്. പ്രതികൾക്ക് അഭിഭാഷകരില്ലാത്തതിനാൽ അവരുടെ ഭാഗം കൂടി കേൾക്കാൻ വ്യാഴാഴ്ച പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

കോടതിയിൽനിന്ന് അനുകൂല വിധി ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ‌പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചാൽ റിമാൻഡ് ചെയ്ത ശേഷം ലഭിച്ച മൊഴികളും തെളിവുകളും അടിസ്ഥാനമാക്കിയായിരിക്കും ചോദ്യം ചെയ്യൽ. ഇതിൽനിന്നു റോയിയുടെ കൊലപാതകത്തിന് അപ്പുറം മറ്റു മരണങ്ങളിലെ പങ്കിനും തെളിവുകൾ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.

English Summary: Adv BA Aloor will appear for Jolly Joseph in Koodathai Serial Murder Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com