ADVERTISEMENT

തിരുവനന്തപുരം ∙ അരൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ ‘പൂതന’ പരാമർശം നടത്തിയ മന്ത്രി ജി.സുധാകരനു ക്ലീൻ ചിറ്റ് നൽകി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. മന്ത്രിയുടെ പ്രസംഗത്തിന്റെ വിഡിയോ പരിശോധിച്ച ശേഷം വസ്തുതാപരമായ റിപ്പോർട്ട് നൽകണമെന്നു ടിക്കാറാം മ‍ീണ ആലപ്പുഴ കലക്ടറോടു നിർദേശിച്ചിരുന്നു. കലക്ടർ, എസ്പി എന്നിവരുടെ റിപ്പോർട്ടുകൾ പരിശോധിച്ചെന്നും മന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും മീണ വ്യക്തമാക്കി. യുഡിഎഫിന്റെയും സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്റെയും പരാതികൾക്കെതിരെ ജി.സുധാകരൻ കലക്ടർക്കു പരാതി നൽകിയിരുന്നു. ഇതും പരിശോധിച്ചു.

ഷാനിമോൾ ഉസ്മാനെയോ സ്ത്രീത്വത്തെയോ അപമാനിക്കുന്ന ഒന്നും പ്രസംഗത്തിൽ പരാമർശിച്ചിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ പരാതിയിലുണ്ടായിരുന്നത്. ഷാനിമോൾ ഉസ്മാന്റെ പേരോ ഷാനിമോൾ ഉസ്മാൻ പൂതനയാണെന്നോ യുഡിഎഫ് സ്ഥാനാർഥി പൂതനയാണെന്നോ ഏതെങ്കിലും സ്ഥാനാർഥി പൂതനയാണെന്നോ പറഞ്ഞിട്ടില്ലെന്നും പൂതനമാർക്കു ജയിക്കാൻ ഉള്ളതല്ല അരൂർ മണ്ഡലം എന്നു പറഞ്ഞതിലൂടെ ഏതെങ്കിലും പ്രത്യേക വ്യക്തിയെ ഉദ്ദേശിച്ചിരുന്നില്ലെന്നും മന്ത്രി പരാതിയിൽ വിശദീകരിച്ചു. സ്വയം പൂതനയാണെന്നു വ്യാഖ്യാനിച്ച് യുഡിഎഫ് സ്ഥാനാർഥികളും അനുയായികളും സത്യവിരുദ്ധമായ പ്രചാരണം നടത്തി തന്നെ അപമാനിക്കുകയാണെന്നും പരാതിയിൽ സുധാകരൻ ചൂണ്ടിക്കാട്ടി.

പരാമർശം വിവാദമായതോടെ, ഷാനിമോൾ ഉസ്മാനെതിരെ മന്ത്രി ജി.സുധാകരൻ നടത്തിയ ‘പൂതന’ പരാമർശം പരിശോധിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സുധാകരൻ കവിയും സാഹിത്യകാരനുമാണ്. സ്ത്രീത്വത്തെ ബഹുമാനിക്കുന്ന നേതാവാണ് അദ്ദേഹം. ഷാനിമോൾ ഉസ്മാനെ സഹോദരിയായി കാണുന്നതായി അദ്ദേഹം പറഞ്ഞു കഴിഞ്ഞെന്നും സ്ത്രീ സമത്വം ഉറപ്പു വരുത്തുന്ന പാർട്ടിയാണു സിപിഎം എന്നുമായിരുന്നു കോടിയേരിയുടെ മറുപടി. വ്യക്തിഹത്യാപരമായ പരാമർശം പിൻവലിച്ച് ജി.സുധാകരൻ മാപ്പു പറയണം എന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

English Summary: Election Commission gives clean chit to G Sudhakaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com