ADVERTISEMENT

ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാനിൽ ഒളിവിൽ കഴിഞ്ഞിരുന്ന അൽ ഖായിദ ഭീകരൻ ഉസാമ ബിൻ ലാദനെ കണ്ടെത്താൻ യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയെ സഹായിച്ച പാക്ക് ഡോക്ടർ ഷക്കീൽ അഫ്രീദിയുടെ മോചന ഹർജി ബുധനാഴ്ച പെഷാവർ ഹൈക്കോടതി പരിഗണിച്ചു. ഹർജിയിൽ വാദം സമർപ്പിക്കാൻ കോടതി പ്രോസിക്യൂഷന് രണ്ടാഴ്ചത്തെ സമയം നൽകി. കേസ് ഇതിനു ശേഷം വീണ്ടും പരിഗണിക്കുമെന്നു കോടതി അറിയിച്ചു.

ഇതാദ്യമായാണ് ഷക്കീലിന്റെ കേസ് പാക്കിസ്ഥാൻ ഒരു തുറന്ന കോടതിയിൽ പരിഗണിക്കുന്നത്. രാജ്യവിരുദ്ധ പ്രവർത്തനമെന്ന കുറ്റം ചാർത്തി 23 വർഷം തടവുശിക്ഷ വിധിക്കപ്പെട്ട അഫ്രീദി ഇപ്പോൾ റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണെന്നാണ് സൂചന. കഴിഞ്ഞ വർഷം ഏപ്രിലിലാണ് അഫ്രീദിയെ പെഷാവറിലെ ജയിലിൽ നിന്ന് ഇവിടേയ്ക്കു മാറ്റിയത്.

2012 മേയ് മുതൽ ജയിലിൽ കഴിയുന്ന അഫ്രീദിയുടെ കേസുകൾ ഇതുവരെ അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ഉള്ള ട്രൈബൽ കോടതികളിലാണ് പരിഗണിച്ചിരുന്നത്. നാട്ടുകൂട്ട മാതൃകയിൽ ഉള്ള ഈ കോടതികളിൽ വിവിധ ഗോത്രങ്ങളിലെ മൂപ്പന്മാരടങ്ങുന്ന സമിതിയാണ് വിധി പ്രസ്താവിക്കുന്നത്. അതുകൊണ്ടു തന്നെ തുറന്ന കോടതികൾക്കുള്ള സുതാര്യത ഇവയ്ക്ക് ഇല്ല. എന്നാൽ കഴിഞ്ഞ വർഷം ആദിവാസി പ്രദേശങ്ങൾ ഖൈബർ പഖ്തുൻഖ്‌വ പ്രവിശ്യയുമായി ലയിപ്പിച്ചതോടെ എല്ലാ കേസുകളും തുറന്ന കോടതികളിലേക്ക് മാറ്റുകയായിരുന്നു.

പാക്ക് വില്ലൻ, യുഎസിലെ ഹീറോ

‘ഞാൻ അധികാരത്തിലേറിയാൽ ഡോ. ഷക്കീൽ അഫ്രീദിയെ രണ്ടു മിനിറ്റിനുള്ളിൽ മോചിപ്പിക്കും’– 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനമായിരുന്നു ഇത്. ട്രംപിന്റെ വാക്കുകൾ യാഥാർഥ്യമായില്ലെങ്കിലും അഫ്രീദിക്കു യുഎസ് നൽകുന്ന പ്രധാന്യം ഇതിൽ വ്യക്തമാണ്. എക്കാലവും അമേരിക്കയുടെ ദുഃഖമായ 9/11 ഭീകരാക്രമണത്തിന്റെ സൂത്രധാരനെ ഒരു വീഴ്ച പോലും സംഭവിക്കാതെ വകവരുത്താൻ സഹായിച്ച ഡോ. ഷക്കീൽ അഫ്രീദി അമേരിക്കയുടെ ഹീറോയാണ്.

osama-bin-laden
ഉസാമ ബിൻ ലാദൻ

എന്നാൽ പാക്കിസ്ഥാനിൽ അഫ്രീദി രാജ്യത്തിന് അപമാനം വരുത്തിയ രാജ്യദ്രോഹിയാണ്. വൻ സുരക്ഷാ നയങ്ങൾ ഉണ്ടെന്നു അവകാശപ്പെടുന്ന പാകിസ്ഥാന്റെ സൈന്യത്തിന് ഒരു ഭീകരവാദി രാജ്യത്ത് ഒളിച്ചിരിപ്പുണ്ടെന്ന കാര്യം അറിയാൻ സാധിച്ചില്ലേ എന്ന ചോദ്യം ഈ സംഭവം ഉയർത്തി. ലോകരാഷ്ട്രങ്ങൾക്കിടയിൽ പാക്കിസ്ഥാന് ഇതു വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.

പാക്കിസ്ഥാനിലെ ഖൈബർ ഗോത്ര ജില്ലയിൽ ആരോഗ്യ സേവനങ്ങൾ നടത്തിയിരുന്നു ഡോ.ഷക്കീൽ അഫ്രീദി അമേരിക്കൻ സഹായത്തോടെ നടക്കുന്ന വാക്സിനേഷൻ പരിപാടികളുടെ പ്രധാന സംഘാടകനായിരുന്നു. ഇതു പോലെ ഒരു വാക്സിനേഷൻ പരിപാടിയിലൂടെ തന്നെയാണ് ബിൻ ലാദനെ കണ്ടെത്താൻ അഫ്രീദി യുഎസ് രഹസ്യാന്വേഷണ സംഘടനയായ സിഐഎയെ സഹായിച്ചതും.

സിഐഎ ആസൂത്രണം ചെയ്‌തപ്രകാരം ഡോക്‌ടർ അബട്ടാബാദിൽ ഒരു വാക്‌സിനേഷൻ പരിപാടി സംഘടിപ്പിച്ച് ഒളിവിടത്തിൽ കഴിഞ്ഞിരുന്നവരുടെ ഡിഎൻഎ സാംപിൾ ശേഖരിച്ചുനൽകുകയായിരുന്നു. അഫ്രീദിയുടെ സഹായിയാണ് ഡിഎൻഎ സാംപിളുകൾ എടുത്തത്. ഖൈബർ മെഡിക്കൽ കോളജിൽ നിന്നു 1990ൽ എംബിബിഎസ് പാസായ അഫ്രീദിയെ ബിൻ ലാദൻ കൊല്ലപ്പെട്ട് 20 ദിവസത്തിന് ശേഷം 2011 മെയ് 23 നാണ് കസ്റ്റഡിയിലെടുത്തത്.

അഫ്രീദി പിടിയിലായതു മുതൽ അദ്ദേഹത്തിന്റെ കുടുംബം ഒളിവിലാണ്. 2012 ജനുവരിയിലാണ് ബിൻ ലാദൻ ഒളിവിൽ കഴിയുന്നുവെന്ന് ഉറപ്പിക്കാൻ സുപ്രധാന തെളിവുനൽകി സഹായിച്ചതു പാക്കിസ്‌ഥാൻകാരനായ ഡോ. ഷക്കീൽ അഫ്രീദി ആയിരുന്നുവെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലിയോൺ പനേറ്റ ആദ്യമായി തുറന്നുപറഞ്ഞത്. ബിൻ ലാദനെ യുഎസ് സൈനികർ ആക്രമണത്തിൽ കൊലപ്പെടുത്തിയപ്പോൾ സിഐഎയുടെ തലവനായിരുന്ന പനേറ്റ.

എന്തിന് ജയിലിൽ ?

രാജ്യദ്രോഹ കുറ്റംചുമത്തി 2011ൽ അറസ്റ്റ് ചെയ്ത ഡോ.അഫ്രീദി 2012 മുതൽ തുടർച്ചയായി ജയിലിലാണ്. നിരോധിത ഭീകര സംഘടനായ ലഷ്‌കർ-ഇ-ഇസ്‌ലാമിന് ധനസഹായം നൽകിയതിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് അഫ്രീദീക്ക് 33 വർഷം തടവു ശിക്ഷ വിധിച്ചത്. ഇതു പിന്നീട് 23 വർഷമായി കുറച്ചു. ഭീകരർക്ക് അഫ്രീദി വൈദ്യസഹായം നൽകിയതായും അദ്ദേഹം നേതൃത്വം നൽകിയ സർക്കാർ ആശുപത്രിയിൽ യോഗങ്ങൾ നടത്താൻ സംഘടനയെ അനുവദിച്ചതായും പാക്ക് ഇന്റലിജൻസ് ആരോപിക്കുന്നു. 2012ൽ ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ ഉദ്യോഗസ്ഥർ തന്നെ പീഡിപ്പിക്കുന്നതായി അഫ്രീദി വെളിപ്പെടുത്തിയിരുന്നു.

കേസ് തുറന്ന കോടതിയിൽ പരിഗണിക്കുന്നതിനാൽ അഫ്രീദിയെ മോചിപ്പിക്കാൻ കോടതി തീരുമാനിക്കുമോ അതോ ശിക്ഷാ കാലാവധി കുറയ്ക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എഫ്ബിഐ ഏജന്റുമാരെയും സൈനികരെയും വെടിവച്ചു എന്ന കുറ്റം ചുമത്തി 86 വർഷത്തെ തടവുശിക്ഷ ലഭിച്ചു പാക്ക് ന്യൂറോസയന്റിസ്റ്റ് ആഫിയ സിദ്ദിഖി യുഎസ് ജയിലിൽ കഴിയുന്നതിനാൽ ഡോ. അഫ്രീദിയെ മോചിപ്പിക്കുന്ന കാര്യം പാക്കിസ്ഥാൻ ഗൗരവമായി തന്നെ പരിഗണിക്കുമെന്നാണ് കരുതുന്നത്.

ആഫിയ സിദ്ദിഖിയെ വിട്ടയച്ചാൽ ഡോ. അഫ്രീദിയെ മോചിപ്പിക്കുന്ന കാര്യം ആലോചിക്കാമെന്നു ജൂലൈയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രിയ ചാനലായ ഫോക്സ് ന്യൂസിന് വാഷിങ്ടനിൽ വച്ചു നൽകിയ അഭിമുഖത്തിൽ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറയുകയും ചെയ്തിരുന്നു. ബിൻ ലാദന്റെ ഒളിത്താവളം കണ്ടെത്താൻ അമേരിക്കയെ സഹായിച്ചത് പാക്ക് ചാരസംഘടനയായ ഐഎസ്ഐ ആയിരുന്നുവെന്നും ഇമ്രാൻ ഖാൻ അന്ന് അവകാശപ്പെട്ടിരുന്നു.

English Summary: Shakil Afridi, The doctor who helped the CIA find Bin Laden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com