ADVERTISEMENT

കൊച്ചി∙ കൂടത്തായി കൊലപാതകക്കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് സാധിക്കില്ലെന്ന് അഭിഭാഷകൻ ബി.എ. ആളൂർ. പിഞ്ചു കുഞ്ഞൊഴികെ മരിച്ചവരെല്ലാം ആത്മഹത്യ ചെയ്തതൊ ഹൃദയാഘാതം മൂലം മരിച്ചതൊ ആണെന്നാണ് തനിക്കു മനസിലായിട്ടുള്ളത്. നരഹത്യ തെളിയിക്കേണ്ടത് പ്രോസിക്യൂഷനാണ്.

സംഭവത്തിൽ ദൃക്സാക്ഷികളില്ലാത്തതിനാൽ കൊലപാതകമാണെന്നു പ്രോസിക്യൂഷന് തെളിയിക്കാനാവില്ല. ആറു മാസത്തിനകം കുറ്റപത്രം സമർപ്പിക്കേണ്ടതുണ്ട്. വിദേശത്തു നിന്നുള്ള രാസപരിശോധനാ ഫലങ്ങൾ ലഭിച്ചിട്ടു വേണം അതെന്നാൽ പൊലീസിന് അത് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.  

കേസിൽ ജോളിക്കു വേണ്ടി ഹാജരാകുന്നതിന് ആവശ്യപ്പെട്ടത് അവരുടെ ഏറ്റവും അടുത്ത ആളുകളാണ്. അതാരാണെന്ന് വെളിപ്പെടുത്തില്ല. അവരുമായി തന്റെ ജൂനിയർ അഭിഭാഷകർ ഇന്നലെ സംസാരിച്ചതിനെ തുടർന്ന് വക്കാലത്ത് എടുക്കുകയായിരുന്നു. കേസിൽ അവർ പ്രതി മാത്രമാണ്. കുറ്റം തെളിയിക്കുന്നതു വരെ കുറ്റം ആരോപിക്കപ്പെടുന്ന ആൾ മാത്രമാണ് ജോളി. അതുകൊണ്ടു തന്നെ സമീപിക്കുന്ന പ്രതികളുടെ അവകാശം സംരക്ഷിക്കുക തന്റെ ഉത്തരവാദിത്തമാണ്. ജോളിക്കു വേണ്ടി താൻ ഹാജരാകാൻ തീരുമാനിച്ചത് അതുകൊണ്ടാണ്. 

പ്രതി നൽകിയ മൊഴി പ്രതിക്കെതിരെ ഉപയോഗിക്കാനാവില്ല. പൊലീസ് ശേഖരിച്ചിട്ടുള്ള മൊഴികളൊന്നും കോടതിയിൽ അംഗീകരിക്കപ്പെടാവുന്നതല്ല. കോടതി അനുവദിച്ച ആറു ദിവസമെന്ന കസ്റ്റഡി കാലാവധി കഴിയുന്നതോടെ കേസിന്റെ യഥാർഥ ചിത്രം തെളിയും. അതിനു ശേഷം ജോളിക്കു വേണ്ടി കോടതിയിൽ ഹാജരാകും. മാധ്യമ ശ്രദ്ധയുള്ള കേസുകൾ താൻ ഏറ്റെടുക്കുന്നു എന്നു പറയുന്നതിൽ കാര്യമില്ല. എല്ലാ തരം കേസുകളും വാദിക്കുന്നുണ്ട്. പ്രതികൾ ആവശ്യപ്പെട്ടാൽ ആർക്കു വേണ്ടിയും താൻ ഹാജരാകുമെന്നും ആളൂർ മാധ്യമങ്ങളോടു പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com