ADVERTISEMENT

ചെന്നൈ ∙ സ്കൂട്ടറിൽ സഞ്ചരിക്കവെ അനധികൃതമായി സ്ഥാപിച്ച ഫ്ലെക്സ് ബോർഡ് തലയിൽ വീണ് വനിതാ സോഫ്റ്റ് വെയർ എഞ്ചിനീയർ മരിച്ച സംഭവത്തിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിതാവ് കോടതിയിൽ. മരിച്ച ശുഭശ്രീയുടെ പിതാവ് ആർ. രവിയാണ് നഷ്ടപരിഹാരത്തിനു പുറമെ ബോർഡ് സ്ഥാപിച്ചവർക്കു പരമാവധി ശിക്ഷയും നൽകണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

കുറ്റകൃത്യത്തിനു പരമാവധി ശിക്ഷ നൽകുന്ന നിയമത്തിന്റെ അഭാവത്തിൽ രാഷ്ട്രീയ പാർട്ടികളും വിവിധ സംഘടനകളും സ്വകാര്യ വ്യക്തികളും സ്ഥാപിക്കുന്ന ഇത്തരം അനധികൃത ബാനറുകൾ വെട്ടിക്കുറയ്ക്കുന്നതു പ്രയാസമാണെന്നു രവി കോടതിൽ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രവിയുടെ അപേക്ഷ ജസ്റ്റിസ് എസ്.വൈദ്യനാഥൻ, ജസ്റ്റിസ് സി.ശരവണൻ എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കും.

അപകടത്തിനും മകളുടെ മരണത്തിനും പ്രധാന കാരണം അധികാരികളുടെ അശ്രദ്ധയാണ്. അനധികൃതമായി സ്ഥാപിച്ച ഫ്ലെക്സ് ബോർഡ് നീക്കം ചെയ്യാത്തതിൽ അധികാരികളുടെ ഭാഗത്തുനിന്നുള്ള നിഷ്‌ക്രിയത്വമാണ് പ്രധാന കാരണം. ചെന്നൈ കോർപ്പറേഷൻ മുനിസിപ്പൽ നിയമപ്രകാരം ഹൈക്കോടതിയുടെ നിർദേശങ്ങളും നിലവിലുള്ള ചട്ടങ്ങളും അധികൃതർ നടപ്പാക്കിയിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്കൂട്ടറിൽ ഓഫിസിൽ നിന്നു വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ശുഭശ്രീയ്ക്ക് അപകടമുണ്ടായത്. റോഡ് മുറിച്ചു കടക്കുമ്പോൾ ഫ്ലെക്സ് ബോർഡ് തലയിൽ വീഴുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ വീണ ശുഭശ്രീയെ അതിവേഗത്തിൽ വന്ന വാട്ടർ ടാങ്കർ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ എസ്‌ഐടി രൂപീകരിക്കണമെന്നും നിയമവിരുദ്ധ ബാനറുകളുടെ ഭീഷണി തടയുന്നതിന് പ്രത്യേക നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ടും കഴിഞ്ഞ മാസം 24നു സംസ്ഥാന സർക്കാരിനും രവി നിവേദനം നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com