sections
MORE

'ഇത് അവസാനത്തെ വാക്കാണോ?'; ട്യൂഷന്‍ ക്ലാസിലുമെത്തി മിഥുന്‍: പിന്നെ അരുംകൊല

devika-midhun
ദേവികയും മിഥുനും
SHARE

കൊച്ചി∙ ‘അവസാനമായി നിന്റെ വായിൽ നിന്നു കേൾക്കാൻ വന്നതാണ്’ – ദേവികയെ കാണാൻ ബുധനാഴ്ച വൈകിട്ട് അത്താണിയിലുള്ള ട്യൂഷൻ സെന്ററിലെത്തിയപ്പോൾ മിഥുൻ പറഞ്ഞതാണിത്. പ്രണയത്തിനു താൽപര്യമില്ലെന്നു പറഞ്ഞിട്ടും ‘ഇതു അവസാനത്തെ വാക്കാണോ’ എന്നായിരുന്നു മിഥുന്റെ ചോദ്യം.

കുറച്ചു കഴിഞ്ഞു വീണ്ടും മിഥുൻ വന്ന് ചോദിച്ച കാര്യങ്ങൾ തന്നെ ആവർത്തിച്ചിട്ടു പോകുമ്പോൾ മനസിൽ കൊല്ലണമെന്ന ഉദ്ദേശ്യമണ്ടെന്ന്  കരുതിയില്ലെന്നു കാക്കനാട് അത്താണിയിൽ പൊള്ളലേറ്റു മരിച്ച കാളങ്ങാട്ട് പദ്മാലയത്തിൽ ഷാലന്റെ മകള്‍ ദേവികയുടെ ട്യൂഷൻ ക്ലാസിലെ സഹപാഠി മനോരമ ഓൺലൈനോടു പറഞ്ഞു. പുറത്തുനിന്ന് ഒരാൾ ദേവികയെ വിളിക്കുന്നതു കണ്ട് ടീച്ചർ തന്നെയാണ് സംസാരിച്ചിട്ടു വരാൻ ദേവികയോടു പറഞ്ഞത്. മറ്റൊരു സുഹൃത്തും ദേവികയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.

ബുധനാഴ്ച ദേവികയുടെ സ്കൂളിലെത്തിയും മിഥുൻ ശല്യപ്പെടുത്തിയിരുന്നതായി സഹപാഠികളിൽ ഒരാൾ വെളിപ്പെടുത്തുന്നു. അപ്പോഴെല്ലാം പ്രണയത്തിന് താൽപര്യമില്ലെന്നായിരുന്നു ദേവികയുടെ മറുപടി. ഇവർ അമ്മ വഴി ബന്ധുക്കളാണെന്നു നേരത്തെ പറഞ്ഞിരുന്നു. ഇടയ്ക്ക് കാണാൻ വരുമായിരുന്നെന്നും അറിയാം. പക്ഷെ പ്രണയമായിരുന്നെന്നു കരുതുന്നില്ല എന്നാണ് സഹപാഠികൾ പറയുന്നത്.

ഏതാനും ദിവസങ്ങൾ മുൻപു മിഥുൻ ദേവികയ്ക്കു നൽകാൻ ഒരു മൊബൈൽ ഫോണുമായി വീട്ടിൽ വന്നതായി അയൽവാസികൾ പറയുന്നു. അന്ന് അത് വാങ്ങാതിരുന്ന ദേവികയെ ഇയാൾ മർദിക്കുകയും ചെയ്തിരുന്നു. തുടർന്ന് പിതാവ് ഷാലൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന്റെ വൈരാഗ്യം കൂടിയാണ് കൊലപാതകത്തിലേയ്ക്കു നയിച്ചത് എന്നാണ് പൊലീസ് കരുതുന്നത്.

പെൺകുട്ടികൾക്ക് വീടിനുള്ളിലും സുരക്ഷയില്ലേ?

പെൺകുട്ടികൾക്ക് വീടിനുള്ളിൽ പോലും സുരക്ഷയില്ലെങ്കിൽ എന്തു ചെയ്യുമെന്നാണ് സങ്കടവാർത്തയറിഞ്ഞ് സ്ഥലത്തെത്തിയ ഒരു വീട്ടമ്മയുടെ ചോദ്യം. ‘വീടിനുള്ളിൽ കിടന്നുറങ്ങിയ പെൺകുട്ടിയെയാണ് പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയത്. പിതാവിനൊപ്പം പുറത്തിറങ്ങി വന്നപ്പോഴാണ് ആക്രമണത്തിന് ഇരയായത്. ഒരുപാട് കഷ്ടപ്പെട്ടാണ് മക്കളെ വളർത്തി വലുതാക്കുന്നത്. അപ്പോഴേയ്ക്ക് ഓരോരുത്തർ ഇങ്ങനെയായാൽ എന്തു ചെയ്യും’– വീട്ടമ്മ സങ്കടത്തോടെ ചോദിക്കുന്നു.

ഇന്നലെ അർധരാത്രി പന്ത്രണ്ടരയ്ക്കു ശേഷം മുറ്റത്ത് ബൈക്ക് വന്നു നിർത്തിയതിന്റെ ശബ്ദം കേട്ടാണ് ഷാലനും കുടുംബവും ഉണർന്നത്. മിഥുൻ വാതിലിൽ മുട്ടിയപ്പോൾ കതക് തുറന്നു. ശരീരം മുഴുവൻ പെട്രോളിൽ കുതിർന്ന നിലയിലായിരുന്നു മിഥുൻ. രണ്ടു കുപ്പികളിൽ പെട്രോൾ കരുതിയിരുന്നു. ഷാലനും ദേവികയും കൂടിയാണ് വാതിൽ തുറന്നത്. തൊട്ടു പിന്നിൽ മാതാവ് മോളിയും.

ദേവികയുടെ ദേഹത്തേക്കൊഴിച്ച പെട്രോൾ പിതാവിന്റെയും മാതാവിന്റെയും ദേഹത്തും വീണിരുന്നു. പെട്രോൾ ‍ദേഹത്ത് വീണിരുന്നെങ്കിലും മോളി അകത്തുള്ള ഇളയ കുട്ടിയെയും എടുത്ത് ഓടിയതിനാലാണ് രക്ഷപെട്ടത്. അതേസമയം മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഷാലനും പൊള്ളലേറ്റു. പൊള്ളലേറ്റ ദേവിക സ്ഥലത്തു തന്നെ മരിച്ചു വീണു. മിഥുൻ ആശുപത്രിയിൽവച്ചാണ് മരിച്ചത്.

മിഥുൻ നേരത്തെയും ആത്മഹത്യാ ശ്രമം നടത്തിയ ആൾ

പറവൂർ ചെറിയപല്ലംതുരുത്ത് സ്വദേശി പാടത്തു വീട്ടിൽ ഉദയൻ – ഉദയ ദമ്പതികളുടെ മകനാണ് മരിച്ച മിഥുൻ. കുറച്ചു നാളായി പറവൂരിനടുത്ത് കൂട്ടുകാടാണ് ഇവർ താമസിക്കുന്നത്. മിഥുൻ നേരത്തെയും ഒരിക്കൽ ആത്മഹത്യാ ശ്രമം നടത്തിയിരുന്നതായി അയൽവാസികൾ പറയുന്നു. പ്രണയ നൈരാശ്യം തന്നെയായിരുന്നു ആത്മഹത്യാ ശ്രമത്തിനു കാരണം.

അന്നു കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം നടത്തിയ മിഥുനെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാലാണ് രക്ഷിക്കാനായതെന്നും നാട്ടുകാർ പറയുന്നു. പെയിന്റിങ് തൊഴിലാളിയാണ് മരിച്ച മിഥുൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA