ADVERTISEMENT

കൊൽക്കത്ത∙ ബംഗാളിലെ മുര്‍ഷിദാബാദില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെയും ഗര്‍ഭിണിയായ ഭാര്യയെയും ആറു വയസ്സുകാരനായ മകനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പ്രൈമറി സ്‌കൂള്‍ അധ്യാപകനും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ബാന്ധു പ്രകാശ് പാൽ (35), എട്ടു മാസം ഗര്‍ഭിണിയായിരുന്ന ഭാര്യ ബ്യൂട്ടി പാല്‍ (28), മകൻ ആംഗൻ എന്നിവരാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. കൊല്‍ക്കത്തയില്‍നിന്നു 210 കിലോമീറ്റര്‍ അകലെ ജിയാഗഞ്ച് ഏരിയയിലെ വീട്ടില്‍ ചൊവാഴ്ച ഉച്ചയോടെയാണ് മൃതദേഹങ്ങൾ കണ്ടത്.

ചൊവാഴ്ച പകൽ 11 മണിയോടെ ചന്തയിൽ നിന്നു സാധനങ്ങൾ വാങ്ങി പ്രകാശ് പാൽ വീട്ടിലെത്തുന്നത് അയൽവാസികൾ കണ്ടിരുന്നു. 11.15 വരെ പ്രകാശ് പാൽ ഫോണിൽ ബന്ധുവിനോടു സംസാരിച്ചിരുന്നു. തുടർന്ന് ഫോൺ കട്ടായി. 12 മണിയോടെ കൊല്ലപ്പെട്ടു. ബന്ധുവുമായി ഫോണിൽ സംസാരിക്കുമ്പോൾ മുറിയിൽ കൊലയാളിയുടെ സാന്നിധ്യമുണ്ടായിരുന്നതായി സംശയിക്കുന്നതായി പ്രകാശ് പാലിന്റെ അമ്മാവൻ രാജേഷ് ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു. 

വിജയദശമി നാളിലെ പൂജയ്ക്കു കുടുംബാംഗങ്ങളെ കാണാത്തതിനെ തുടർന്ന് ഉച്ചയോടെ അയൽവാസികൾ പ്രകാശിന്റെ വീട്ടിലെത്തുകയായിരുന്നു. അകത്ത് നിന്ന് വാതിൽ കുറ്റിയിട്ടതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നു പൊലീസിൽ വിവരം അറിയിച്ചു. രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലാണ് മൂന്നുപേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്.

അക്രമികളെ കുറിച്ചു സൂചനകൾ ഒന്നും ലഭിച്ചില്ലെന്നു പൊലീസ് അറിയിച്ചു. അധ്യാപകരുടെ സംഘടനയുള്‍പ്പടെ പ്രതിഷേധവുമായി മുന്നോട്ട് വന്നിട്ടുണ്ട്. മകന്റെ വിദ്യാഭ്യാസ ആവശ്യത്തിനാണ് ബാന്ധു പാല്‍ മുര്‍ഷിദാബാദിലേക്കു താമസം മാറിയതെന്നും ആരെങ്കിലുമായി എന്തെങ്കിലും പ്രശ്‌നമുള്ളതായി അറിയില്ലെന്നും ബന്ധു സുജോയ് ഘോഷ് പറഞ്ഞു.

മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നും സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. വീടിനുള്ളിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന മൂവരുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ രാഷ്ട്രീയ കൊലപാതകമാണെന്ന ആരോപണവുമായി ബിജെപിയുടെ പ്രമുഖ നേതാക്കൾ രംഗത്തെത്തി.

ബംഗാളിൽ വ്യാപകമായി ആർഎസ്എസ്, ബിജെപി  പ്രവർത്തകർ തൃണമൂൽ കോൺഗ്രസിന്റെ കൊലക്കത്തിക്കു ഇരയാകുകയാണന്നും വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടണമെന്നും ബിജെപി എംഎല്‍എ രാജാ സിങ് ആവശ്യപ്പെട്ടു. ‌സംസ്ഥാനത്തെ ക്രമസമാധാനനില താറുമാറായെന്ന് ആരോപിച്ച് ബിജെപി, ആർഎസ്എസ് പ്രവര്‍ത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. സംസ്ഥാനത്ത് അക്രമങ്ങള്‍ വർധിച്ചെന്നും ഇതിന് പിന്നിൽ തൃണമൂൽ കോണ്‍ഗ്രസ് ആണെന്നും ബിജെപി ആരോപിക്കുന്നു. 

English Summary: RSS worker, pregnant wife, 6-yr-old son killed in Bengal’s Murshidabad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com