ഇറാന്‍ എണ്ണ ടാങ്കറിനുനേരെ മിസൈൽ ആക്രമണം; ചെങ്കടലിൽ എണ്ണച്ചോർച്ച

iran-tanker-attack
SHARE

ടെഹ്‍റാൻ ∙ ഇറാന്‍ എണ്ണടാങ്കറിനുനേരെ മിസൈലാക്രമണം. സൗദി തുറമുഖ നഗരമായ ജിദ്ദയില്‍നിന്നു 96 കിലോമീറ്റര്‍ ദൂരെ ചെങ്കടലിലുണ്ടായ ആക്രമണത്തില്‍ ടാങ്കറിന്റെ സ്റ്റോര്‍ റൂമുകള്‍ തകര്‍ന്ന് എണ്ണച്ചോര്‍ച്ചയുണ്ടായതായി ഇറാന്‍ വ്യക്തമാക്കി. രണ്ടു മിസൈലുകളാണു ടാങ്കറില്‍ പതിച്ചത്. ജീവനക്കാര്‍ സുരക്ഷിതരാണെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ചു സൗദി അറേബ്യ പ്രതികരിച്ചിട്ടില്ല. ഇറാന്റെ ദേശീയ എണ്ണക്കമ്പനിയുടെ ഉടമസ്ഥതയിലുള്ള സാബിറ്റി എന്ന കപ്പലിനുനേരെയായിരുന്നു ആക്രമണം. ഇറാനും യുഎസിനും ഇടയിലുള്ള സംഘര്‍ഷം വര്‍ധിപ്പിക്കുന്നതാണ് ആക്രമണമെന്നു നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

സംഭവത്തെക്കുറിച്ചു മാധ്യമങ്ങളില്‍നിന്ന് അറിഞ്ഞതായി മേഖലയിലുള്ള അമേരിക്കയുടെ അഞ്ചാം കപ്പല്‍പട പ്രതികരിച്ചു. കപ്പലിനു നേരെയുണ്ടായത് ഭീകരാക്രമണമാണെന്നാണ് ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ മഹാസമുദ്രത്തെ സൂയല്‍സ് കനാല്‍ വഴി മെഡിറ്ററേനിയന്‍ സമുദ്രവുമായി ബന്ധിപ്പിക്കുന്ന ചെങ്കടല്‍ കഴിഞ്ഞ കുറേ നാളുകളായി സംഘര്‍ഷഭരിതമാണ്. സൗദിയുടെ എണ്ണപ്പാടങ്ങള്‍ക്കും ശുദ്ധീകരണശാലകള്‍ക്കും നേരെ കഴിഞ്ഞ മാസം ആക്രമണം നടന്നിരുന്നു. ഇതിനു പിന്നില്‍ ഇറാനാണെന്നാണ് അമേരിക്ക ആരോപിച്ചത്. എന്നാല്‍ ഇറാന്‍ ഇതു നിഷേധിക്കുകയും ചെയ്തു.

English Summary: Blast Sets Iran Tanker On Fire Off Saudi, 2 Missiles Hit It: State Media

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA