ADVERTISEMENT

തിരുവനന്തപുരം∙ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ 6 പ്രതികള്‍ക്കെതിരെ കള്ളക്കടത്ത് തടയാനുള്ള നിയമമായ കൊഫെപോസ ചുമത്തി. ഇവരില്‍ മൂന്നു പേരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. ബിജു, പ്രകാശ് തമ്പി, സെറീന എന്നിവരെയാണ് അറസ്റ്റു ചെയ്തത്. മെയ് 13നാണ് 25 കിലോ സ്വര്‍ണവുമായി തിരുമല സ്വദേശിയായ കെഎസ്ആർടിസി കണ്ടക്ടർ സുനിൽകുമാറിനെയും സുഹൃത്ത് കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനി സെറീനയെയും ഡിആര്‍ഐ പിടികൂടിയത്.

പിന്നാലെ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്‍, ബിജു, പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരെ പിടികൂടി. റിമാന്‍ഡിലായിരുന്ന ഇവര്‍ ജാമ്യത്തില്‍ കഴിയുമ്പോഴാണ് കൊഫെപോസ പ്രകാരം വീണ്ടും അറസ്റ്റു ചെയ്തത്. കേസ് ഇപ്പോള്‍ സിബിഐ ആണ് അന്വേഷിക്കുന്നത്. ഉദ്യോഗസ്ഥരുടെയും കടത്തുകാരുടേയും വിദേശ ബന്ധങ്ങളെക്കുറിച്ചാണ് പ്രധാനമായും അന്വേഷണം.

കേന്ദ്ര ധനകാര്യമന്ത്രാലയമാണ് കൊഫെപോസ നിയമപ്രകാരം നടപടികള്‍ക്ക് നിര്‍ദേശം നല്‍കുന്നത്. കൊഫെപോസ പ്രകാരം അറസ്റ്റിലാകുന്ന പ്രതികളെ ഒരു വര്‍ഷംവരെ കരുതല്‍ തടങ്കലില്‍ വയ്ക്കാം. പ്രതികള്‍ക്ക് അപ്പീല്‍ നല്‍കാം. ഹൈക്കോടതിയിലെ മൂന്നു ജഡ്ജിമാര്‍ അംഗങ്ങളായ ഉപദേശക സമിതിക്കാണ് നിവേദനം നല്‍കേണ്ടത്. ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജിയും ഫയല്‍ ചെയ്യാം. നിവേദനവും ഹര്‍ജിയും തള്ളിയാല്‍ സ്വത്തു കണ്ടെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. വരുമാന മാര്‍ഗങ്ങളെക്കുറിച്ചും നിലവിലെ സ്വത്തുകള്‍ എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ചും അന്വേഷണം നടക്കും.

കസ്റ്റംസ് സൂപ്രണ്ടായിരുന്ന രാധാകൃഷ്ണന്റെ സഹായത്തോടെ കോടിക്കണക്കിനു രൂപയുടെ സ്വര്‍ണം ബിജുവും സംഘവും തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയതായാണ് സിബിഐ എഫ്ഐആര്‍. രാധാകൃഷ്ണനും ബിജുവിന്റെ സംഘവും ഏപ്രില്‍ മുതല്‍ മെയ് 13വരെ സ്വര്‍ണക്കടത്തലിനെക്കുറിച്ച് പദ്ധതിയിട്ടു. ഏപ്രില്‍ 24നും മെയ് 13നും മധ്യേ കോടിക്കണക്കിനു രൂപയുടെ സ്വര്‍ണം ഇവര്‍ കടത്തി.

മെയ് 13ന് രാധാകൃഷ്ണന്റെ സഹായത്തോടെ 25 കിലോ സ്വര്‍ണം കടത്തിയപ്പോഴാണ് സുനില്‍കുമാറും സെറീനയും ഡിആര്‍ഐയുടെ പിടിയിലാകുന്നത്. ദുബായില്‍നിന്ന് മസ്ക്കറ്റുവഴി തിരുവനന്തപുരത്തെത്തിയ ഒമാന്‍ എയര്‍വേയ്സിലാണ് സുനില്‍കുമാറും സെറീനയും സ്വര്‍ണവുമായി എത്തിയത്. ദുബായില്‍വച്ച് ജിത്തുവെന്നയാളാണ് സ്വര്‍ണം നല്‍കിയതെന്നു ഡിആര്‍ഐയ്ക്ക് മൊഴി നല്‍കിയ സെറീന, മുന്‍പും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും വിമാനത്താവളത്തിലെ എക്സ്റേ പോയിന്റില്‍ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്റെ സഹായം ലഭിച്ചതായും വെളിപ്പെടുത്തി.

സഹപ്രവര്‍ത്തകരാരും അറിയാതെയായിരുന്നു രാധാകൃഷ്ണന്റെ നീക്കം. ബിജുവിന്റെ ഭാര്യ വിനീതയും ഇതേ മൊഴിയാണ് നല്‍കിയത്. എക്സ്റേ പോയിന്റില്‍ ജോലി ചെയ്യാന്‍ രാധാകൃഷ്ണന്‍ താല്‍പര്യം കാണിച്ചിരുന്നതായി സഹപ്രവര്‍ത്തരും വെളിപ്പെടുത്തി. സ്വര്‍ണക്കടത്തു നടന്നപ്പോഴെല്ലാം രാധാകൃഷ്ണന്‍ എക്സ്റേ പോയിന്റില്‍ ഉണ്ടായിരുന്നതിനു സിസിടിവി ദൃശ്യങ്ങള്‍ തെളിവാണെന്നും എഫ്ഐആറില്‍ വ്യക്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com