ADVERTISEMENT

തിരുവനന്തപുരം ∙ മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ മരിക്കാനിടയായ കാര്‍ അപകടമുണ്ടായപ്പോള്‍ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ ക‌യ്യിലുണ്ടായ ചെറിയ പൊള്ളല്‍ കേസില്‍ നിര്‍ണായകമാകുമെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച്. സ്റ്റിയറിങ് വീലില്‍ പിടിച്ചിരിക്കവേ കാറിലെ എയര്‍ബാഗ് വേഗത്തില്‍ തുറന്നാല്‍ കയ്യില്‍ പൊള്ളലേല്‍ക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കാറിടിച്ചപ്പോൾ താൻ മദ്യപിച്ചിരുന്നില്ലെന്നും കാറോടിച്ചത് വഫയായിരുന്നുവെന്നും ശ്രീറാം കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്കു നൽകിയ വിശദീകരണത്തിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ശ്രീറാം പറയുന്നതു പച്ചക്കള്ളമാണെന്ന് ആരോപിച്ച് വഫ രംഗത്തെത്തി.

എയര്‍ബാഗ് തുറന്ന് അതിനുള്ളിലെ പൗഡര്‍ ശരീരവുമായി ഉരയുമ്പോള്‍ പൊള്ളലോ ചെറിയ പോറലുകളോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണു കാര്‍ നിര്‍മാണ കമ്പനികളിലെ സാങ്കേതിക വിദഗ്ധരും പറയുന്നത്. എയര്‍ബാഗ് തുറന്നപ്പോഴാണു ശ്രീറാമിന്റെ കയ്യില്‍ പൊള്ളല്‍ ഉണ്ടായതെന്നു ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞാല്‍ കേസില്‍ നിര്‍ണായകമാകും. അപകട സമയത്തു ശ്രീറാമാണു വാഹനമോടിച്ചതെന്ന് ഇതിലൂടെ തെളിയിക്കാനാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

അപകടം നടക്കുമ്പോള്‍ വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന വഫയ്ക്കു പരുക്കേറ്റില്ലെന്നതും ഈ സാധ്യതകളിലേക്കു വിരല്‍ ചൂണ്ടുന്നു. ശ്രീറാമിന്റെ ഇടതു കയ്യിലെ മണിബന്ധത്തിനു പരുക്കേറ്റതായി മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിരുന്നു. രണ്ടു കയ്യിലും പരുക്കേറ്റതായാണു സംഭവ സ്ഥലത്തെത്തിയ അന്നത്തെ മ്യൂസിയം എസ്ഐ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. ശ്രീറാമിന്റെ വസ്ത്രങ്ങളും കാറിനുള്ളില്‍നിന്നു ശേഖരിച്ച െതളിവുകളും പരിശോധനയ്ക്കായി ഫൊറന്‍സിക് സയന്‍സ് ലാബിനു കൈമാറിയിട്ടുണ്ടെന്നു ക്രൈംബ്രാഞ്ച് അധികൃതര്‍ പറഞ്ഞു.

അപകടം നടന്ന സമയത്ത് ശ്രീറാം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ വേഗം മനസിലാക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കം വിജയിച്ചില്ല. ശ്രീറാം സഞ്ചരിച്ച കാറില്‍ ഇവന്റ് ഡാറ്റാ റെക്കോര്‍ഡര്‍ ഇല്ലാത്തതിനാല്‍ വേഗം മനസ്സിലാക്കാനുള്ള സാധ്യതകള്‍ കുറവാണെന്നു കാര്‍ നിര്‍മാണ കമ്പനി ക്രൈംബ്രാഞ്ചിനെ അറിയിച്ചു. റിപ്പോര്‍ട്ട് കൈമാറിയിട്ടില്ല. കെ.എം.ബഷീര്‍ മരിക്കാനിടയായ അപകടം നടന്നതു മ്യൂസിയം ജംക്‌ഷനിലെ പബ്ലിക് ഓഫിസിനു മുന്നിലാണ്. ശ്രീറാം കാറില്‍ കയറിയത് കവടിയാറില്‍നിന്നും. കവടിയാര്‍ മുതല്‍ പബ്ലിക് ഓഫിസ് വരെയുള്ള ക്യാമറകള്‍ പൊലീസ് പരിശോധിച്ചെങ്കിലും കാര്‍ വേഗത്തില്‍ പോകുന്ന ദൃശ്യങ്ങള്‍ കിട്ടിയില്ല.

ഇവന്റ് ഡാറ്റാ റെക്കോര്‍ഡര്‍ പരിശോധിച്ചാല്‍ വാഹനത്തിന്റെ വേഗം മനസിലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ അന്വേഷണ സംഘം കാര്‍ നിര്‍മിച്ച കമ്പനിയിലെ വിദഗ്ധരെകൊണ്ടു കാര്‍ പരിശോധിപ്പിച്ചിരുന്നു. അവര്‍ ആവശ്യപ്പെട്ട വിവരങ്ങളും കൈമാറി. രേഖകള്‍ പൂര്‍ണമായി വീണ്ടെടുക്കാനാകില്ലെന്നാണു കമ്പനി അറിയിച്ചിരിക്കുന്നത്. സെന്‍സറുകളുപയോഗിച്ചു കാറിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുകയും അപകടം ഉണ്ടായാല്‍ അമിതവേഗം ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കണ്ടെത്തുകയുമാണ് ഇവന്റ് ഡാറ്റാ റെക്കോര്‍ഡര്‍ ചെയ്യുന്നത്.

‘ഡാറ്റാ റെക്കോര്‍ഡര്‍ ഇല്ലാത്തതിനാല്‍ വിവരങ്ങള്‍ കിട്ടാന്‍ സാധ്യത കുറവാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്’- ക്രൈംബ്രാഞ്ച് എസ്പി ഷാനവാസ് പറഞ്ഞു. ഓഗസ്റ്റ് മൂന്നിനു രാത്രി 12.55നാണ് ശ്രീറാം സഞ്ചരിച്ച വാഹനമിടിച്ച് കെ.എം.ബഷീര്‍ കൊല്ലപ്പെടുന്നത്. അന്നു ശ്രീറാം സര്‍വേ ഡയറക്ടറായിരുന്നു. അമിത വേഗത്തിലെത്തിയ കാര്‍, ബഷീര്‍ സഞ്ചരിച്ച ബൈക്കിനു പിന്നില്‍ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ ബഷീറിനെ ആശുപത്രിയിലെത്തിക്കുന്നതിനു മുന്‍പ് മരണം സംഭവിച്ചു. കവടിയാറിലെ ഫ്ലാറ്റില്‍ നടത്തിയ പാര്‍ട്ടി കഴിഞ്ഞു പാളയം ഭാഗത്തേക്ക് പോകുകയായിരുന്നു ശ്രീറാം. ഇപ്പോള്‍ സസ്പെന്‍ഷനിലാണ്.

English Summary: Crime Branch hopefully waiting for forensic test result in Sriram Venkitaraman accident case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com