ADVERTISEMENT

ബെംഗളൂരു ∙ കോൺഗ്രസ് നേതാക്കളായ കർണാടക മുൻ ഉപമുഖ്യമന്ത്രി ജി.പരമേശ്വര, മുൻ എംപി ആർ.എൽ.ജലപ്പ എന്നിവരുടെയും സഹായികളുടെയും സ്ഥലങ്ങളിൽ നടന്ന റെയ്ഡിൽ 4.25 കോടി രൂപ കണ്ടെത്തിയതായി ആദായനികുതി വകുപ്പ്. ബെംഗളൂരുവിലെയും തുമകുരുവിലെയും മുപ്പതോളം സ്ഥലങ്ങളിൽ മുന്നൂറിലേറെ ഉദ്യോഗസ്ഥരാണു റെയ്ഡ് നടത്തിയത്.

മെഡിക്കൽ സീറ്റുകൾ 50 ലക്ഷം മുതൽ 60 ലക്ഷം രൂപയ്ക്കു വരെ വിൽക്കുന്നുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണു റെയ്ഡ്. പണവും മെഡിക്കൽ പ്രവേശനത്തിലെ ക്രമക്കേട് തെളിയിക്കുന്ന രേഖകളും കണ്ടെത്തി. ‘റെയ്ഡിനെക്കുറിച്ച് എനിക്കറിയില്ല. അവർ എവിടെയാണ് പരിശോധിക്കുന്നതെന്നും അറിയില്ല. എനിക്ക് ഒരു പ്രശ്നവുമില്ല. ഞങ്ങളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും കുറ്റമുണ്ടെങ്കിൽ ഞങ്ങൾ ശരിയാക്കും’– ജി.പരമേശ്വര പറഞ്ഞു.

റെയ്ഡുകൾ രാഷ്ട്രീയപ്രേരിതമാണെന്നു ജലപ്പ പറഞ്ഞു. സർക്കാരിനെതിരാണെങ്കിൽ ഇത്തരം ഐടി റെയ്ഡുകൾ സംഭവിച്ചിരിക്കും. ഇതിലൂടെ തരംതാഴ്ത്തിക്കെട്ടാനാണു ശ്രമമെന്നും കോൺഗ്രസ് എംഎൽഎ പ്രിയങ്ക് ഖാർഗെ അഭിപ്രായപ്പെട്ടു. പരമേശ്വരന്റെ സഹോദരപുത്രൻ ആനന്ദിന്റെ വീട്ടിലും സിദ്ധാർത്ഥ മെഡിക്കൽ കോളജിലും പരിശോധന നടന്നു.

58 വർഷം മുമ്പ് പരമേശ്വരയുടെ പിതാവ് എച്ച്.എം.ഗംഗാധരയ്യ സ്ഥാപിച്ചതാണു സിദ്ധാർത്ഥ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്. ജലപ്പയുടെ മകൻ രാജേന്ദ്ര ദൊഡ്ഡബല്ലാപുരയിലും കോലാറിലും ആർ‌എൽ ജലപ്പ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോളജ് നടത്തുന്നുണ്ട്.

English Summary: 4.25 Crores Cash Found In Raids On Karnataka Congress Leader: Officials

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com