ADVERTISEMENT

കൊച്ചി ∙ ‘അത്താണി മണ്ണോർക്കോട്ടമൂല പരിസരത്തു ഷാലന്റെ വീടു ചോദിച്ചാൽ എല്ലാവരും അറിയണമെന്നില്ല, പാറുവിന്റെ വീടു ചോദിച്ചാൽ പരിസരവാസികൾക്കു സുപരിചിതം. നാട്ടുകാരുമായി നല്ല സൗഹൃദമാണു പാറുവിന്. വഴിയിൽ പ്രായമായവരോടുപോലും കുശലം പറയുന്ന സ്വഭാവം. സുഖമല്ലേ എന്നെങ്കിലും ചോദിച്ച ശേഷമേ പാറു പോകൂ.’– ബന്ധുവായ യുവാവ് പെട്രോളൊഴിച്ചു കത്തിച്ചു കൊലപ്പെടുത്തിയ ദേവികയെക്കുറിച്ച് അയൽവാസികൾക്കു പറയുന്നതിങ്ങനെ.

സഹപാഠികൾക്കും ദേവികയെക്കുറിച്ചു നല്ലതേ പറയാനുള്ളൂ. എല്ലാവരോടും സ്നേഹത്തോടെ മാത്രമാണു പാറു പെരുമാറിയിരുന്നതെന്ന് അയൽവാസിയായ പ്ലസ് വൺ വിദ്യാർഥിനി പ്രിയങ്ക പറഞ്ഞു. ഇന്നലെ ഉച്ചയ്ക്കുശേഷം മൂന്നുമണിക്കു മൃതദേഹം വീട്ടിലെത്തിക്കുമ്പോൾ സഹപാഠികളുടെ കൂട്ടവിലാപം ഉയർന്നതു കണ്ടുനിന്നവരെയും കണ്ണീരണിയിച്ചു. ‘ഇതൊന്നും സംഭവിക്കുമെന്നു കരുതിയതല്ല. എല്ലാവരോടും പെട്ടെന്നു കൂട്ടാകുന്നതാണ് അവളുടെ സ്വഭാവം’– പ്രിയങ്ക പറഞ്ഞു.

ദാരിദ്ര്യത്തിന്റെ നടുവിലും പഠിക്കാൻ മിഠുക്കിയായിരുന്നു ദേവികയെന്ന് എറണാകുളം ഗേൾസ് എച്ച്എസ്എസിലെ അധ്യാപികമാർ പറയുന്നു. പത്താം ക്ലാസ് പരീക്ഷയ്ക്ക് അഞ്ച് എ പ്ലസുകൾ സ്വന്തമാക്കിയാണു പ്ലസ് വണ്ണിലെത്തിയത്. മകൾ പഠിച്ചു നല്ല നിലയിലായാൽ വീട്ടിലെ കഷ്ടപ്പാടെല്ലാം മാറുമെന്ന പ്രതീക്ഷയിലായിരുന്നു മോളിയും ഭർത്താവ് ഷാലനും. ഒറ്റവാതിൽ മാത്രമുള്ള ആ പ്രദേശത്തെ ഏക വീടായിരുന്നു ദേവികയുടേത്. അമ്മ കലക്ട്രേറ്റിൽ താൽക്കാലിക ജോലിക്കാരി. പിതാവിനു കാര്യമായ വരുമാനമില്ല. കഷ്ടപ്പെട്ടാണു കുടുംബം മുന്നോട്ടു പോയിരുന്നതെന്ന് അയൽവാസികൾ പറഞ്ഞു.

ഏതാനും ദിവസങ്ങളായി മിഥുൻ വിഷമത്തിലായിരുന്നെന്നു സഹോദരി ഓർക്കുന്നു. ദേവികയുടെ വീട്ടുകാരുമായി എന്തോ പ്രശ്നമുണ്ടെന്നു പറഞ്ഞിരുന്നു. വീട്ടിൽനിന്നു കാര്യമായി പുറത്തിറങ്ങാറില്ല. ഈ സമയമാണു വീടിന്റെ ഭിത്തിയിൽ ദേവികയുമായുള്ള പ്രണയവും മരണക്കുറിപ്പും എഴുതിയത് എന്നാണ് കരുതുന്നത്. മൃതദേഹം എത്തിക്കുന്നതിനു മുൻപുവരെ മിഥുന്റെ അമ്മയോടു സംഭവത്തെക്കുറിച്ചു പറഞ്ഞിരുന്നില്ല. പിതാവ് ഉദയൻ സെക്യൂരിറ്റി ജോലിക്കാരനാണ്. ഏതാനും മാസങ്ങളായി രോഗബാധിതനായി ചികിത്സയിലാണ്. മിഥുൻ പെയിന്റിങ് ജോലിക്കു പോകുന്നതിനാലാണു കുടുംബം കഴിഞ്ഞിരുന്നതെന്നും സഹോദരി പറഞ്ഞു. 

മിഥുൻ പൊതുവെ ശാന്തസ്വഭാവക്കാരനായിരുന്നെന്ന് അയൽവാസികൾ പറയുന്നു. നാട്ടുകാരുമായി അടുപ്പമില്ല. എട്ടാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. പിന്നെ പല പണികൾക്കും പോയെങ്കിലും സ്ഥിരമായി നിന്നില്ല. പെയിന്റിങ് ജോലിക്കും മുടങ്ങാതെ പോകാറില്ല. മിഥുന്റെ അമ്മയുടെ അടുത്ത ബന്ധുവാണു ദേവികയുടെ അമ്മ മോളി. അതുകൊണ്ടു തന്നെ ദേവികയുമായി ചെറിയ പ്രായം മുതലുള്ള കൂട്ടാണ്. പ്രണയമായി മാറിയപ്പോൾ വീട്ടുകാർ എതിർത്തു. ദേവികയ്ക്കും വീട്ടുകാരുടെ നിലപാടായിരുന്നു. പ്രണയത്തോടുള്ള മോളിയുടെ എതിർപ്പാണു മിഥുനെ കൊലപാതകത്തിലേയ്ക്കു നയിച്ചത് എന്നാണു കുറിപ്പുകളിൽനിന്നു വ്യക്തമാകുന്നത്.

English Summary: Spurned 'lover' sets girl ablaze in Kochi, both die of burns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com