ADVERTISEMENT

കൊച്ചി∙ മരടിൽ ഫ്ലാറ്റുകൾ പൊളിക്കുന്നതു നിയന്ത്രിത സ്ഫോടനത്തിലൂടെ തന്നെയായിരിക്കുമെന്നു സാങ്കേതിക വിദഗ്ധരുടെ യോഗത്തിനു ശേഷം മരട് മുനിസിപ്പൽ സെക്രട്ടറിയുടെ ചുമതലയുള്ള ഫോർട്ട്കൊച്ചി സബ് കലക്ടർ സ്നേഹിൽ കുമാർ സിങ്ങ് അറിയിച്ചു. ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള രണ്ടു കമ്പനികളെ സാങ്കേതിക സമിതി ശുപാർശ ചെയ്തു. 

മുംബൈ കേന്ദ്രീകരിച്ചുള്ള എഡിഫൈസ്, ചെന്നൈയിൽ നിന്നുള്ള വിജയ് സ്റ്റീൽസ് എന്നീ കമ്പനികൾക്കായിരിക്കും പൊളിക്കൽ ദൗത്യം. നേരത്തെ മൂന്നു കമ്പനികളാണ് അന്തിമ പട്ടികയിലുണ്ടായിരുന്നത്. ഇവ ഓരോന്നും വ്യക്തിപരമായി വിലയിരുത്തിയ ശേഷമാണ് അന്തിമ പട്ടിക തയാറാക്കിയത്. ശനിയാഴ്ച നടക്കുന്ന കൗൺസിൽ യോഗം സാങ്കേതിക സമിതിയുടെ തീരുമാനങ്ങൾ അംഗീകരിച്ച ശേഷമായിരിക്കും കമ്പനികൾക്കു ഫ്ലാറ്റുകൾ കൈമാറുക. ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ അപകടഭീതി വേണ്ടെന്നും സുരക്ഷിതമായ രീതി ഉപയോഗിച്ചായിരിക്കും സ്ഫോടനങ്ങൾ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഫ്ലാറ്റുകൾ പൊളിക്കാൻ  ഇൻഡോറിൽ നിന്നെത്തിയ വിദഗ്ധ എൻജിനീയർ ശരത് ബി. സർവത്തെ ഫ്ലാറ്റുകൾ പരിശോധിച്ചു. സബ് കലക്ടർക്കും സാങ്കേതിക സമിതി അംഗങ്ങൾക്കും ഒപ്പമായിരുന്നു സന്ദർശനം. പൊളിക്കുന്ന കെട്ടിടത്തിന്റെ പ്രായം പ്രധാനമാണെന്നും ചരിച്ചു പൊളിക്കുന്നതാണ് ഉചിതമെന്നും സർവത്തെ പറഞ്ഞു.

ആദ്യം ഗോൾഡൻ കായലോരത്തിലും പിന്നീട് പൊളിക്കുന്ന കെട്ടിടങ്ങളിൽ ഏറ്റവും വലുതായ ജെയിൻ കോറൽ കോവ് ഫ്ലാറ്റിലുമാണ് എത്തിയത്. ഫ്ലാറ്റും പരിസരവും, അടുത്തുള്ള കായലും നടന്നു കണ്ടു. ഇരട്ട കെട്ടിടങ്ങൾ നിലകൊള്ളുന്ന ആൽഫാ സെറിൻ ഫ്ലാറ്റിൽ എത്തി പരിശോധിച്ച ശേഷം ഹോളിഫെയ്ത്തിന്റെ എച്ച്ടുഒ ഫ്ലാറ്റിലും എത്തി. ഇവടെയും സംഘമായി നടന്നുകണ്ടു. ഇടക്ക് ഉദ്യോഗസ്ഥരുമായി സംശയങ്ങൾ പങ്കുവച്ചു. ഫ്ലാറ്റ് പൊളിക്കാൻ തിരഞ്ഞെടുത്ത കമ്പനിയുടെ പ്രതിനിധികളും ഫ്ലാറ്റുകൾ പരിശോധിച്ചു. പൊളിക്കുന്ന കെട്ടിടങ്ങളുടെ പ്രായം വെല്ലുവിളിയാണെന്നും തുറസായ ഭാഗത്തേക്കു ഫ്ലാറ്റുകൾ ചരിച്ചു പൊളിക്കുന്നതാണ് ഉചിതമെന്നും സർവത്തെ പറഞ്ഞു.

ഫ്ലാറ്റുകൾ കൈമാറിയ ശേഷം കമ്പനികൾ 15 ദിവസത്തിനകം വിശദമായ പഠനം നടത്തിയായിരിക്കും സ്ഫോടന രീതികൾ നിശ്ചയിക്കുക. സാങ്കേതിക സമിതി ഇതു പരിശോധിക്കും. തുടർന്ന് സർക്കാരിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഫ്ലാറ്റ് പൊളിക്കുമ്പോൾ ഉണ്ടാകാവുന്ന അപകട സാധ്യതകൾക്കായി ഒരു തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കുന്നതിന് സാങ്കേതിക വിദഗ്ധരുടെ സമിതി സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്. ഗ്രാവിറ്റ് ബേസ്ഡ് ആയ സ്ഫോടനമായിരിക്കും സുരക്ഷിതം എന്നാണ് നിലവിലുള്ള വിലയിരുത്തൽ. ചെറു സ്ഫോടനങ്ങളിലൂടെ താഴെയുള്ള നിലകൾ തകർത്തു താഴേയ്ക്ക് ഇരിക്കുന്ന രീതിയിലുള്ള പൊളിക്കൽ രീതിയായിരിക്കും ഉപയോഗപ്പെടുത്തുക. കായലിലേയ്ക്കു മൂന്നു മീറ്റർ പരിധിയിൽ അവശിഷ്ടങ്ങൾ പതിക്കുന്നതിനും സാധ്യതയുണ്ട്. 

സ്ഫോടന സമയത്ത് ഒരു മിനിറ്റു നേരം 100 മീറ്റർ വരെ പരിധിയിൽ പൊടിപടലങ്ങളോ ചെറു ചീളുകളൊ തെറിക്കുന്നതിനുള്ള സാധ്യതകളുണ്ട്. ഇതു മുൻകൂട്ടിക്കണ്ട് പരിസര പ്രദേശത്തു താമസിക്കുന്നവരെ മാറ്റുന്നതിനു വേണ്ട നടപടി സ്വീകരിക്കും. സമീപവാസികൾക്ക് ഔദ്യോഗികമായി നോട്ടിസ് നൽകും. സമയം നിശ്ചയിച്ച് ആറുമണിക്കൂർ മുൻപെങ്കിലും നോട്ടീസ് നൽകിയ ശേഷമായിരിക്കും സ്ഫോടനം നടത്തുക. സ്ഫോടനം നടക്കുമ്പോൾ 10 മീറ്റർ ചുറ്റളവിൽ പ്രകമ്പനം ഉണ്ടായേക്കാം. ട്രാഫിക് നിയന്ത്രണങ്ങൾ ആവശ്യമുണ്ടോ എന്നു പരിശോധിച്ച് നടപടികൾ സ്വീകരിക്കും. സമീപവാസികൾ ഭയപ്പെടേണ്ടതില്ലെന്നും പാലത്തിനൊ സമീപത്തുള്ള കെട്ടിടങ്ങൾക്കൊ യാതൊരു അപകടവും ഉണ്ടാകില്ലെന്നും സാങ്കേതിക വിദഗ്ധൻ ശരത് ബി. സർവത്തെ മാധ്യമങ്ങളോടു പറഞ്ഞു. 

ഫ്ലാറ്റ് കൈമാറിയ ശേഷം നിരവധി പ്രക്രിയകൾ പൂർത്തിയാക്കേണ്ടതുണ്ട്. ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നതിനു പ്രൊജക്ട് ഷെഡ്യൂൾ, ജിയോ മാപ് ഉൾപ്പടെ തയാറാക്കേണ്ടതുണ്ട്. ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നതിന് അപേക്ഷ നൽകിയ കമ്പനികളുടെ ശേഷി വിലയിരുത്തിയ ശേഷമാണ് അന്തിമ തീരുമാനത്തിലെത്തിയിട്ടുള്ളത്. പൊളിക്കൽ പ്രക്രിയ പൂർത്തിയാക്കാൻ രണ്ടു മാസം വേണ്ടി വരും. ഫ്ലാറ്റ് പൊളിക്കുന്നതിനൊപ്പം സമീപവാസികളുടെ സുരക്ഷയ്ക്കാണ് ഏറ്റവുമധികം പ്രാമുഖ്യം നൽകിയിട്ടുള്ളത്. ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള ചിലവ് എത്ര വരും എന്നത് ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നു സബ് കലക്ടർ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com