sections
MORE

മുണ്ടും വേഷ്ടിയും അണിഞ്ഞ് മോദി, പൈതൃക നഗരത്തെ തൊട്ടറിഞ്ഞ് ഷി ചിന്‍പിങ്

modi-tn-china
നരേന്ദ്ര മോദിയുടെ ഷി ചിൻപിങ്ങും മഹാബലിപുരത്ത്
SHARE

ചെന്നൈ∙ രണ്ടു ദിവസത്തെ അനൗദ്യോഗിക ഉച്ചകോടിക്കായി മഹാബലിപുരത്തെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത് പരമ്പരാഗത രീതിയിൽ. തമിഴ്നാട്ടിലെ പരമ്പരാഗത വേഷമായ വെള്ള മുണ്ടും ഷർട്ടും വേഷ്ടിയും അണിഞ്ഞാണ് പ്രധാനമന്ത്രി ഷി ചിൻപിങ്ങിനെ വരവേറ്റത്. തുടർന്ന് മഹാബലിപുരത്തിന്റെ ചരിത്രം പറഞ്ഞുകൊടുത്ത് ഒാരോ കാഴ്ചകളും കാട്ടിക്കൊടുത്ത് മോദി സൗഹൃദം ഉറപ്പിച്ചു.

ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് ചൈനീസ് പ്രസിഡന്റ് ചെന്നൈ വിമാനത്താവളത്തിൽ എത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, തമിഴ്‌നാട് സ്പീക്കര്‍ പി.ധനപാല്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിൻപിങ്ങിനെ സ്വീകരിച്ചത്. 11 മണിയൊടെ നരേന്ദ്ര മോദി എത്തിയിരുന്നു. വീഥികൾ ‌മിനുക്കിയും ശി‌ൽപങ്ങളിൽ ചായമടിച്ചും അലങ്കാര വിളക്കുകളാൽ ജ്വലിച്ചും ബുദ്ധപ്രതിമകൾ സ്ഥാപിച്ചുമാണ് ഇരു രാജ്യതലവന്മാരുടെ കൂടിക്കാഴ്ചയ്ക്കായി മഹാബലിപുരം ഒരുങ്ങിയത്.

മഹാബലിപുരത്തിന്റെ ആത്മാവ് ഉറങ്ങുന്ന ക്ഷേത്രങ്ങളിൽ ഇരുവരും സന്ദർശനം നടത്തി. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ മഹാബലിപുരത്തെ പ്രധാന സ്മാരക കേന്ദ്രങ്ങളായ തീര ക്ഷേത്രം, അർജുനൻ തപസിരുന്നെന്നു കരുതപ്പെടുന്ന സ്ഥലം, പഞ്ചരഥങ്ങൾ എന്നിവയും ഇരുവരും സന്ദർശിച്ചു. ഇതിനു പുറമേ കടൽത്തീര ക്ഷേത്രത്തിലെ അരങ്ങിലൊരുങ്ങിയ പരമ്പരാഗത കലാരൂപങ്ങളായ കഥകളി, നൃത്തരൂപങ്ങൾ എന്നിവയും ആസ്വദിച്ചു. 

മോദി - ഷി ചിൻപിങ് രണ്ടാം അനൗപചാരിക കൂ‌ടിക്കാഴ്ചയ്ക്കു വേദിയാകുന്ന മാമല്ലപുരം എന്ന് ഇപ്പോൾ അറിയപ്പെടുന്ന  ചൈനയുമായി ‌നൂറ്റാണ്ടുകളിലേക്കു നീളുന്ന ബന്ധമാണുള്ളത്. കിഴക്കൻ ചൈനാ നഗരമായ ഫൂജിയനുമായി ‌ഏഴാം നൂറ്റാണ്ടിൽ വ്യാപാരബന്ധമുണ്ടായിരുന്ന പല്ലവ രാജാ‌ക്കന്മാരുടെ രാജധാനിയായിരുന്നു മഹാബലിപുരം. ഷി ചിൻപിങ് നേരത്തേ ഫൂ‌ജിയൻ ഗവർണറായിരുന്നു. മഹാബലിപുരത്തു നിന്നു കപ്പലേറി പോയ തമി‌ഴ് രാ‌ജകുമാരൻ ബോധിരാമനാണു സെൻ ബുദ്ധിസം ചൈനയിൽ പ്രചരിപ്പിച്ചത്. ബോ‌ധിരാമന്റെ പേരിൽ കാന്റൻ പ്രവിശ്യയിൽ ക്ഷേത്രമുണ്ട്. ഏഴാം നൂറ്റാണ്ടിൽ മഹാ‌ബലിപുരം സന്ദർശിച്ച ചൈനീസ് സഞ്ചാരി ഹുവാൻ സാങ് യാത്രയെക്കുറിച്ചു വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. പുതുച്ചേരിയിലെ ആരോവില്ലിൽ ഏറെക്കാലം താമസിച്ചിട്ടുള്ള ചൈനീസ് ഉപവിദേശകാര്യമന്ത്രി ലുവ സാഹുയ് ആണു മഹാബലിപുരത്തിന്റെ പേര് ഉച്ചകോടിക്കായി നിർദേശിച്ചതെന്നാണു സൂചന.

ശനിയാഴ്ച രാവിലെയാണ് ഇരുവരും തമ്മിലുള്ള ഉച്ചകോടി ആരംഭിക്കുക. ഭീകര സംഘടനകള്‍ക്കു ലഭിക്കുന്ന പരിശീലനം സാമ്പത്തിക സഹായം മറ്റു പിന്തുണകള്‍ എന്നിവയാവും കൂടിക്കാഴ്ചയിൽ മുഖ്യ ചർച്ചാ വിഷയം. വ്യാപാരം, പ്രതിരോധം, അതിര്‍ത്തി പ്രശ്‌നങ്ങള്‍ എന്നിവയും ചര്‍ച്ചയാകും. കശ്മീര്‍ വിഷയത്തില്‍ ചൈന നടത്തിയ മലക്കം മറിച്ചില്‍ ഉച്ചകോടിയെ ബാധിക്കില്ലെന്നും ഉഭയകക്ഷി ബന്ധം പരമാവധി സുഗമമാകേണ്ടത് . ഇരുരാജ്യങ്ങളുടെയും ആവശ്യമാണെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. ഉച്ചകോടിയില്‍ കരാറുകളോ സംയുക്ത പ്രസ്താവനയോ ഉദ്ദേശിച്ചിട്ടില്ല. ഇതു രണ്ടാം തവണയാണ് ഷീ–മോദി അനൗപചാരിക ഉച്ചകോടി അരങ്ങേറുന്നത്. ചിത്രങ്ങളാൽ സമ്പുഷ്ടമായ  ചൈനയിലെ തടാക നഗരമായ വുഹാനിൽ കഴിഞ്ഞ ഏപ്രിലിലായിരുന്നു ഷിയും മോദിയും തമ്മിലുള്ള ആദ്യ അനൗപചാരിക ഉച്ചകോടി.

English Summary : Narendra Modi-Xi Jinping meeting in Mahabalipuram

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA