ADVERTISEMENT

മംഗളൂരു ∙ സാക്സോഫോൺ വിദഗ്ധൻ കദ്രി ഗോപാല്‍നാഥ് (69) അന്തരിച്ചു. പുലർച്ചെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.അസുഖബാധയെ തുടർന്ന് ഒരാഴ്ചയായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്നു പുലർച്ചെ പന്ത്രണ്ടോടെയാണു മരിച്ചത്.

സാക്‌സോഫോണിനെ കർണാടക സംഗീതസദസ്സുകൾക്കു പരിചയപ്പെടുത്തിയതു കദ്രിയാണ്. കർണാടകയിലെ ദക്ഷിണ കാനറയിൽ ജനിച്ച ഗോപാൽനാഥ് നാഗസ്വര വിദ്വാനായ അച്‌ഛനിൽ നിന്നാണു സംഗീതത്തിന്റെ ബാലപാഠങ്ങൾ തുടങ്ങിയത്. ആദ്യക്ഷരം കുറിച്ചതും നാഗസ്വരത്തിൽ തന്നെ. മൈസൂർ കൊട്ടാരത്തിലെ ബാൻഡ് സംഘത്തിന്റെ പക്കലുള്ള ക്ലാരനറ്റ് യാദൃച്‌ഛികമായി ഗോപാൽനാഥിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ കഥ മാറുകയായിരുന്നു.

1977ൽ മദ്രാസിൽ നിന്നാണു ജൈത്രയാത്ര തുടങ്ങിയത്. ലോകത്തിലെ പ്രശസ്‌തമായ ഒട്ടുമിക്ക രാജ്യാന്തര സംഗീതോൽസവങ്ങളിലും കദ്രി ഗോപാൽനാഥിന്റെ സാക്‌സ് മുഴങ്ങിയിട്ടുണ്ട്. ബിബിസിയുടെ പ്രൊമനേഡ് കച്ചേരിയിൽ ക്ഷണം കിട്ടിയ ആദ്യത്തെ കർണാടക സംഗീതജ്‌ഞൻ. ബെർലിനിലെയും പ്രേഗിലെയും ജാസ് ഫെസ്‌റ്റിവലുകളിൽ അവസരം. കർണാടക സംഗീതലോകത്തു കദ്രിക്കു കിട്ടാത്ത പുരസ്‌കാരങ്ങൾ ഇല്ലെന്നു തന്നെ പറയാം. 2004ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. ബെംഗളൂരു സർവകലാശാല ഓണററി ഡോക്ടറേറ്റും നൽകി. 

സാക്‌സോഫോൺ ചക്രവർത്തി, സാക്‌സോഫോൺ സമ്രാട്ട്, ഗാനകലാശ്രീ, നാദോപാസന ബ്രഹ്‌മ, സംഗീതവൈദ്യരത്ന, നാദകലാനിധി, കലൈമാമണി.... കദ്രി ഗോപാൽനാഥിന്റെ ബഹുമതികളുടെ നിര നീളുന്നു. കാഞ്ചി കാമകോടി പീഠത്തിന്റെയും ശൃംഗേരി മഠത്തിന്റെയും ആസ്‌ഥാന വിദ്വാൻ പദവിയുമുണ്ട്.

കദ്രി ഗോപാൽനാഥ് എന്ന പേരിനു സാക്‌സഫോൺ എന്ന് അർഥം പറയാം. ഷെഹ്നായിയിൽ ഉസ്‌താദ് ബിസ്‌മില്ലാ ഖാൻ എന്ന പോലെ, മൃദംഗത്തിൽ മണി അയ്യർ എന്ന പോലെ, പുല്ലാങ്കുഴലിൽ മാലിയെപ്പോലെയാണ് സാക്സഫോണിൽ കദ്രി ഗോപാൽനാഥ്. 

English Summary: Saxophone Maestro Kadri Gopalnath Passed Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com