sections
MORE

ബിജെപി വിമതനെ പിന്തുണച്ച് ശിവസേനാ നേതാക്കള്‍: വെട്ടിലായി ഭരണമുന്നണി

amit-aditya
സാംഗ്ലിയിൽ നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പുറാലിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പാർട്ടി പ്രവർത്തകർ ഹാരമണിയിക്കുന്നു. നാസിക്കിൽ നടന്ന ബിജെപി –ശിവസേനാ തിരഞ്ഞെടുപ്പ് റാലിയിൽ യുവജനസഖ്യം നേതാവും സ്ഥാനാർഥിയുമായ ആദിത്യ താക്കറെ. ചിത്രങ്ങൾ പിടിഐ
SHARE

മുംബൈ ∙ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി 10 ദിവസം മാത്രം ശേഷിക്കെ കല്യാൺ ഈസ്റ്റ് മണ്ഡലത്തിൽ ശിവസേനയിലെ ഒരു വിഭാഗം വിമത സ്ഥാനാർഥിക്കു പിന്തുണ പ്രഖ്യാപിച്ചത് ഭരണമുന്നണിക്ക് തലവേദനയായി.

ബിജെപിയുടെ  സ്ഥാനാർഥി ഗണപത് ഗായ്ക്ക്്‌വാഡിനെ വീണ്ടും സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് കല്യാൺ-ഡോംബിവ്‌ലി മുനിസിപ്പൽ കോർപറേഷനിലെ 30 ശിവസേന കോർപറേറ്റർമാർ രാജി പ്രഖ്യാപിച്ചു. പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയ്ക്കാണ് രാജിക്കത്ത് നൽകിയത്. ശിവസേനക്കാരനായ വിമത സ്ഥാനാർഥി ധനഞ്ജയ് ബോദാരെയുടെ വിജയത്തിനു പ്രവർത്തിക്കുമെന്ന് കോർപറേറ്റർമാർ  പറഞ്ഞു . 

ബിജെപിയുടെ സിറ്റിങ് സീറ്റ് തങ്ങൾക്ക് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഒരു വിഭാഗം ശിവസേന പ്രവർത്തകർ. കഴിഞ്ഞ 10 വർഷക്കാലം എംഎൽഎ എന്ന നിലയിൽ ഗായ്ക്ക്‌വാഡിന്റെ പ്രവർത്തനം തൃപ്തികരമല്ലെന്നും പറയുന്നു. സീറ്റുധാരണ പ്രകാരം സംസ്ഥാനത്ത് ആകെയുള്ള 288 സീറ്റുകളിൽ സേന 124 സീറ്റിലും ബിജെപിയും സഖ്യകക്ഷികളും 164 സീറ്റിലുമാണ്‌ മത്സരിക്കുന്നത്.

അമിത് ഷായും ഉദ്ധവും അമരാവതിയിൽ

മുംബൈ∙ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ, ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ എന്നിവർ ഇന്ന് വിദർഭ മേഖലയിലെ അമരാവതിയിൽ പ്രചാരണത്തിന് എത്തും. എന്നാൽ ഇരുവരും വേദി പങ്കിടാതെ വ്യത്യസ്ത റാലികളിലാണ് പങ്കെടുക്കുക.  എട്ടു നിയമസഭാ സീറ്റുള്ള അമരാവതിയിലെ മേൽഘട്ട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി രമേഷ് മവസ്കറുടെ പ്രചാരണ റാലിയിൽ അമിത്ഷാ പങ്കെടുക്കും. സിറ്റിങ് എംഎൽഎ പ്രഭുദാസ് ഭിലാവേക്കറെ മാറ്റിയാണ് ബിജെപി മവസ്കർക്ക് അവസരം നൽകിയത്. 

എൻസിപിയുടെ കേവൽറാം കാലെ ആണ് എതിരാളി. ഉദ്ധവ് താക്കറെ ഇന്ന് അമരാവതി നഗരത്തിലെ ദസറ മൈതാനത്ത് പാർട്ടി സ്ഥാനാർഥികളായ പ്രീതി ബന്ദ് (ബഡ്‌നേര), രാജേഷ് വാങ്കഡെ(ടവ്‌സ), സുനിത ഫിസ്‌കെ (അചൽപുർ) എന്നിവർക്ക് വേണ്ടിയുള്ള പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.

ബഡ്‌നേരയിൽ മുൻ ശിവസേന എംഎൽഎ സഞ്ജയ് ബന്ദിന്റെ വിധവ പ്രീതി കോൺഗ്രസ്-എൻസിപി സഖ്യത്തിന്റെ പിന്തുണയുള്ള  സ്വതന്ത്ര എംഎൽഎ രവി റാണയെ ആണ് എതിരിടുന്നത്. ടവ്‌സയിൽ തുടർച്ചയായി രണ്ടുതവണ എംഎൽഎ ആയ യശോമതി ഠാക്കൂറിനോടാണ് വാങ്കഡെയുടെ പോരാട്ടം. അചൽപുരിൽ മുനിസിപ്പൽ കൗൺസിൽ അധ്യക്ഷൻ ഫിസ്‌കെ നേരിടുന്നത് മണ്ഡലത്തിൽ ഹാട്രിക് തികച്ച സ്വതന്ത്ര എംഎൽഎ ബച്ചു കഡുവിനെ ആണ്.

പ്രചാരണം: രാഹുൽ 13ന് ധാരാവിയിൽ

മുംബൈ∙ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ഈ മാസം 13, 15 തീയതികളിൽ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കും. 13ന് ധാരാവിയിൽ കോൺഗ്രസ് സ്ഥാനാർഥി സിറ്റിങ് എംഎൽഎ വർഷ ഗായ്ക്ക്‌വാഡിനു വേണ്ടിയുള്ള റാലിയോടെ ആണ് തുടക്കം. അന്നു തന്നെ വിദർഭയിൽ റാലിയിലും രാഹുൽ പങ്കെടുത്തേക്കും.

മുംബൈയിൽ 31 സീറ്റിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. സഖ്യകക്ഷിയായ എൻസിപി 5 സീറ്റിലും. 2014ൽ നഗരത്തിലെ 5 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചിരുന്നു. 15ന് വീണ്ടും മടങ്ങിയെത്തുമ്പോൾ  മറാഠ്‌വാഡ മേഖലയിലെ ലാത്തൂരിലെ റാലിയിൽ പങ്കെടുക്കും. മുൻ മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്മുഖിന്റെ മക്കളായ അമിതും ധീരജുമാണ് ലാത്തൂർ സിറ്റി, ലാത്തൂർ റൂറൽ മണ്ഡലങ്ങളിൽ മത്സരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA