ലണ്ടനില്‍നിന്ന് പറന്നിറങ്ങി നൗക്ഷം; മുസ്ലിം സ്ഥാനാര്‍ഥികളുടെ കരുത്തില്‍ ബിജെപി
Mail This Article
ചണ്ഡിഗഡ്∙ ഹരിയാനയിൽ പേരുദോഷം മാറ്റാനുള്ള തയാറെടുപ്പിൽ ബിജെപി. നിയമസഭാ തിരഞ്ഞെടുപ്പിൽ യുവതി ഉൾപ്പെടെ മൂന്ന് മുസ്‌ലിം സ്ഥാനാർഥികളെയാണു ബിജെപി രംഗത്തിറക്കിയിട്ടുള്ളത്. ഗോമാംസം കൈവശം വച്ചു എന്നാരോപിച്ച് ഒരു മുസ്‍ലിം യുവാവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയ ഹരിയാനയിൽ, ആ വിഭാഗത്തിന്റെ വോട്ടു പെട്ടിയിലാക്കുകയാണു ബിജെപിയുടെ ലക്ഷ്യം. മുസ്‍ലിം ഭൂരിപക്ഷ മേഖലയിലെ മൂന്നു മണ്ഡലങ്ങളിലും അതേ സമുദായത്തിലെ സ്ഥാനാർഥികളെ കണ്ടെത്താനായത് ആദ്യഘട്ട വിജയമായാണു ഭരണകക്ഷിയായ ബിജെപി കാണുന്നത്.
മോവാധ് ജില്ലയിലെ പുന്നാന മണ്ഡലത്തിൽ രംഗത്തിറക്കിയ നൗക്ഷം ചൗധരിയാണു ബിജെപിയുടെ മുസ്‍ലിം വനിതാ സ്ഥാനാർഥി. ഡൽഹി മിരാൻഡ ഹൗസിലും ഇറ്റലിയിലും ലണ്ടനിലുമായി ചരിത്ര പഠനത്തിൽ ഉന്നത വിദ്യാഭ്യാസം നേടിയ ഇരുപത്തിയേഴുകാരിയെ ഏറെ പ്രതീക്ഷയോടെയാണു പാർട്ടി കാണുന്നത്. റിട്ട. ജഡ്ജിയാണു പിതാവ്. ഹരിയാന റവന്യൂ വകുപ്പു ഉദ്യോഗസ്ഥയാണു മാതാവ്. ഏതാനും ആഴ്ചകൾക്കു മുൻപാണു നൗക്ഷം വിദേശത്തു നിന്നെത്തിയത്. നിലവിലെ സഭയിൽ ഐഎൻഎൽഡി അംഗങ്ങളായിരുന്ന നസീം അഹമ്മദും സാക്കിർ ഹുസൈനുമാണു മറ്റു രണ്ടു സ്ഥാനാർഥികൾ. സാക്കിർ നൂഹിലും നസീം ഫിറോസ്പുർ ജിർക്കയിലും മൽസരിക്കും.
ബിജെപി താരതമ്യേന ദുർബലമായ ഈ മൂന്നു മണ്ഡലങ്ങളും ഇവരുടെ വരവോടെ പിടിച്ചെടുക്കാം എന്ന പ്രതീക്ഷയാണു പാർട്ടിക്ക്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പുന്നാനയിൽ ബിജെപി രംഗത്തിറക്കിയതു മുസ്‍ലിം സ്ഥാനാർഥിയെയായിരുന്നു. എന്നാൽ റഹീഷ് ഖാൻ എന്ന സ്വതന്ത്രൻ വിജയം നേടിയ ഇവിടെ ബിജെപിയുടെ ഇക്ബാൽ മുന്നാം സ്ഥാനത്തായി. ഇക്ബാൽ നേടിയ 25,131 വോട്ട് വിജയത്തിലേക്കു നയിക്കും എന്ന പ്രതീക്ഷയിലാണു നൗക്ഷത്തെ ഇറക്കിയത്. നൂഹിൽ ബിജെപി സ്ഥാനാർഥി സഞ്ജയ് ആണ് സാക്കിർ ഹുസൈനോടു തോറ്റത്. ഫിറോസ്പുരിൽ ബിജെപി സ്ഥാനാർഥി നേടിയത് 16,540 വോട്ട്.
നിയമസഭ പിരിച്ചുവിടും മുൻപുതന്നെ സാക്കിറും നസീമും ബിജെപിയിൽ ചേർന്നിരുന്നു. അവരുടെ മണ്ഡലങ്ങളിൽ തന്നെ വീണ്ടും മൽസരിക്കാൻ നിയോഗിക്കുകയും ചെയ്തു. പരസ്പരം പോരടിക്കുന്ന പ്രതിപക്ഷമുള്ള ഹരിയാനയിൽ, 10 വനിതകളെയാണു ബിജെപി ഇറക്കിയിട്ടുള്ളത്. ഏറ്റവും പ്രായം കുറഞ്ഞ ആളും ഏക മുസ്‌ലിം സ്ഥാനാർഥിയുമാണു നൗക്ഷം. 2009 ലെ നാലു സീറ്റിൽ നിന്ന് 47 സീറ്റ് നേടി ഭരണം പിടിച്ച ബിജെപിയുടെ ലക്ഷ്യം വൻ ഭൂരിപക്ഷത്തോടെയുള്ള ഭരണത്തുടർച്ചയാണ്. നിലവിൽ അസമിൽ ഒരാൾ ഉൾപ്പെടെ വിരലിലെണ്ണാവുന്ന മുസ്‌ലിം എംഎൽഎമാർ മാത്രമാണു രാജ്യത്തു ബിജെപിക്കുള്ളത്.
Englsih Summary: Haryana polls: Muslim-dominated seats in mind, BJP picks 2 turncoats, a first-timer in Mewat