sections
MORE

വ്യാപാരം മുതൽ ഭീകരവാദം വരെ; മഹാബലിപുരത്ത് നിർണായക ചർച്ചകൾ

xi-jinping-modi-meet
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും
SHARE

ചെന്നൈ∙കശ്മീർ വിഷയത്തിലെ ചൈനയുടെ നിലപാട് കരിനിഴൽ വീഴ്ത്തി നിൽക്കുന്ന അന്തരീക്ഷത്തിൽ, ചെന്നൈയ്ക്കടുത്ത് മഹാബലിപുരത്ത് ഇന്ന് ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള അനൗപചാരിക ഉച്ചകോടി. കഴിഞ്ഞ വർഷം ചൈനയിലെ വുഹാനിൽ ഇരുനേതാക്കളും കൂടിക്കണ്ടതിന്റെ തുടർച്ചയായുള്ള മഹാബലിപുരം ഉച്ചകോടിയിൽ ഉഭയകക്ഷി ബന്ധം ഉറപ്പോടെ മുന്നോട്ടു കൊണ്ടുപോകുന്ന തീരുമാനങ്ങളുണ്ടാകുമെന്നാണു പ്രതീക്ഷ..

രാവിലെ പത്തിനാണ്  പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റും തമ്മിലുള്ള ചർച്ച. മാധ്യമങ്ങള്‍ക്കു മുന്നിലെ ഈ പുഞ്ചിരിയും സൗഹൃദവുമൊന്നുമല്ല  യഥാര്‍ഥത്തില്‍ ഇന്ത്യ- ചൈന ഉഭയകക്ഷി ബന്ധം. മേഖലയില്‍ മേല്‍കൈ നേടാന്‍ ഇരുരാജ്യങ്ങളും പരസ്പരം മല്‍സരിക്കുമ്പോള്‍ ഐക്യത്തിലേറെ അനൈക്യത്തിന്റെ മേഖലകളാണ് കൂടുതല്‍. ഇന്നു രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും ഒന്നിച്ചിരിക്കുമ്പോഴും ബന്ധത്തിലെ കല്ലുകടികള്‍ മുഴച്ചുനില്‍ക്കുമോയെന്നതാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. വുഹാനിലെ ഒന്നാം ഉച്ചകോടിയുടെ പശ്ചാത്തലം ദോക് ലാമില്‍ ഇരുസൈന്യവും പരസ്പരം 71 ദിവസം ഉപരോധമേര്‍പെടുത്തിയതായിരുന്നെങ്കില്‍ മാമലപുരത്ത് കശ്മീരാണ് വിഷയം.

പാക്കിസ്ഥാനു വേണ്ടി പരസ്യമായി രംഗത്തുള്ള ചൈനയെ ഏങ്ങനെ കൈകാര്യം ചെയ്യുമെന്നതു തന്നെയാണ് ഇന്ത്യയെ സംബന്ധിച്ചു നിര്‍ണായകം. വ്യാപാരം സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങള്‍ ചര്‍ച്ചയിലുണ്ടാകുമെന്നാണ് സൂചന. പ്രത്യേകിച്ചും അമേരിക്കയും ചൈനയും തീരുവ യുദ്ധം കൊടുംപിരി കൊണ്ടിരിക്കെ ഇന്ത്യയെ പാടേ അവഗണിക്കാന്‍ ബെയ്ജിങ്ങിനാവില്ല. ഇതുകഴിഞ്ഞു സെക്രട്ടറി തല ചര്‍ച്ചകള്‍ തുടരും. അനൗദ്യോഗിക ഉച്ചക്കോടിയായതിനാല്‍ തന്നെ സംയുക്ത പ്രസ്താവനയോ പ്രഖ്യപനങ്ങളോ  ഉണ്ടാവില്ല. പക്ഷേ ഇരുരാജ്യങ്ങളും പ്രത്യേകം പ്രത്യേകം വാര്‍ത്തകുറിപ്പുകള്‍ ഇറക്കും.

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി 3 ദിവസം മുൻപ് ഷി ചിൻപിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. കശ്മീർ വിഷയം ചൈന സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും യുഎൻ ചാർട്ടർ അനുസരിച്ച് പ്രശ്നം സമാധാനപരമായി പരിഹരിക്കണമെന്നും ഇമ്രാൻ – ഷി കൂടിക്കാഴ്ചയ്ക്കു ശേഷമുള്ള സംയുക്ത പ്രസ്താവനയിൽ പറഞ്ഞിരുന്നു. ചൈനയുടെ നിലപാടിൽ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തു.

എന്നാൽ, കശ്മീർ വിഷയം ഇന്നത്തെ ഉച്ചകോടിയിൽ വലിയ പ്രശ്നമായി ഉയർന്നു വരില്ലെന്നാണ് സൂചന. കടുത്ത അഭിപ്രായ ഭിന്നതകളുള്ള വിഷയങ്ങളിൽ സ്പർശിക്കാതെ, വികസനത്തിന്റെ പുതുപാത കണ്ടെത്താനുള്ള ശ്രമമാകും ചർച്ചയിലുണ്ടാവുക എന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

ഇന്നലെ മഹാബലിപുരത്തെത്തിയ മോദിയും ഷിയും പുരാതന സ്മാരകങ്ങൾ സന്ദർശിച്ചു. ഏഴാം നൂറ്റാണ്ടിലെ കടലോര ക്ഷേത്രസമുച്ചയത്തിൽ ഇരുവരും ഒരുമിച്ച് കലാപരിപാടികൾ കണ്ടു. മോദി അത്താഴവിരുന്ന് ഒരുക്കിയിരുന്നു.നേരത്തെ ചെന്നൈയിലും മഹാബലിപുരത്തും ഷി ചിൻപിങ്ങിന് ഊഷ്മള സ്വീകരണമാണു നൽകിയത്. പരമ്പരാഗത തമിഴ് വേഷമായ മുണ്ടും ഷർട്ടുമണിഞ്ഞാണ് മഹാബലിപുരത്തെ ഹെലിപാഡിൽ മോദി, ഷി ചിൻപിങ്ങിനെ സ്വീകരിച്ചത്.

ഗിണ്ടിയിലെ ഐടിസി ഗ്രാൻഡ് ചോളയിലാണ് ചൈനീസ് പ്രസിഡന്റ് താമസിക്കുന്നത്. പ്രധാനമന്ത്രി മോദി മഹാബലിപുരത്തെ കോവളം താജ് ഫിഷർമെൻസ് ഗ്രോവ് ഹോട്ടലിലും. രണ്ടിടങ്ങളിലും കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിനിടയിലും ഗിണ്ടിയിലെ ഹോട്ടലിനു മുന്നിൽ ടിബറ്റൻ വിദ്യാർഥികൾ പ്രതിഷേധം നടത്തി. ഇന്ന് ഫിഷർമെൻസ് ഗ്രോവ് ഹോട്ടലിലാണ് ഉച്ചകോടി. രാവിലെ 9.50 മുതൽ ഒരു മണിക്കൂർ മോദിയുമായി ചർച്ച. പിന്നീട് പ്രതിനിധിതല ചർച്ചയ്ക്കു ശേഷം 12.45 നു ഷി ചെന്നൈ വിമാനത്താവളത്തിലേക്കു പോകും. അവിടെ നിന്നു ചൈന എയറിന്റെ പ്രത്യേക വിമാനത്തിൽ നേപ്പാളിലേക്ക്.

വിദേശകാര്യമന്ത്രി വാങ് യി, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പൊളിറ്റ്ബ്യൂറോ അംഗം ഡിങ് ഷയുഷിയാങ് എന്നിവരുൾപ്പെട്ട 90 അംഗ പ്രതിനിധി സംഘം പ്രസിഡന്റിനൊപ്പമുണ്ട്.

English Summary: Modi-Xi meet: India, China to issue separate statements today

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA