ADVERTISEMENT

വിശാഖപട്ടണം ∙ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ജഗൻ റെഡ്ഡിയുടെ പെരുമാറ്റം മാനസികരോഗിയുടെതു പോലെയാണെന്ന് മുൻമുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. ജനവിരുദ്ധ രാഷ്ട്രീയമാണ് നടപ്പിലാക്കുന്നത്. മറ്റു പാർട്ടി നേതാക്കൾക്കെതിരെ അനാവശ്യവും നിയമവിരുദ്ധവുമായ കേസുകൾ ഫയൽ ചെയ്യുന്നു. പൊലീസ് അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു, എന്നോട് മാന്യമായി പെരുമാറുന്നവരോട് ഞാനും മാന്യമായാണ് പെരുമാറുന്നത്. എന്നാൽ ജഗൻ ഒരു മനോരോഗിയെ പോലെയാണ് പെരുമാറുന്നത്– ചന്ദ്രബാബു നായിഡു പറഞ്ഞു. വിശാഖപട്ടണത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ കാണാനെത്തിയപ്പോഴായിരുന്നു ജഗൻ റെഡ്ഡിക്കെതിരെ ചന്ദബാബു നായിഡു ആഞ്ഞടിച്ചത്.

ഒരുപാട് മുഖ്യമന്ത്രിമാരെ കണ്ടവനാണ് ഞാൻ, എന്നാൽ ഇതുപോലെ ഒരു മുഖ്യമന്ത്രിയെ കണ്ടിട്ടില്ല. വൈഎസ്ആർ കോൺഗ്രസിന്റെ ഭരണം വളരെ മോശമാണ്. ഭരണപരാജയം മറച്ചു വയ്ക്കാൻ  സർക്കാർ ആവശ്യമില്ലാതെ ഞങ്ങളുടെ പാർട്ടി നേതാക്കളെ വേട്ടയാടുന്നു. ‘ജഗൻ നികുതി’ ശേഖരിക്കാനുള്ള നേട്ടോട്ടത്തിലാണ് വൈഎസ്ആർ കോൺഗ്രസ് നേതാക്കൾ. സർക്കാർ അഹന്ത വെടിയണമെന്നു പലവട്ടം ഞങ്ങൾ മുന്നറിയിപ്പ് നൽകിയതാണ്- ചന്ദ്രബാബു നായിഡു പറഞ്ഞു.

‘ജഗൻ റെഡ്ഡി അധികാരത്തിൽ വന്നതിനുശേഷം കഴിഞ്ഞ നാല് മാസമായി ടിഡിപി പ്രവർത്തകർക്കു നേരെ നിരന്തരം ആസൂത്രിതമായി ആക്രമണം അഴിച്ചു വിടുകയാണ്. ഇതുവരെ എട്ടു പാർട്ടി പ്രവർത്തകർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഭൂരിഭാഗവും ഗുണ്ടൂർ ജില്ലയിലെ അക്രമബാധിത പ്രദേശമായ പൽനാട് മേഖലയിലാണ്. അഞ്ഞൂറോളം പാർട്ടി പ്രവർത്തകർ ആക്രമിക്കപ്പെട്ടു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി ഞങ്ങൾ ഒരുങ്ങുകയാണ്. അതിനായി ഉടൻ കമ്മിറ്റികൾ രൂപീകരിക്കും. സ്ത്രീകൾക്കും യുവാക്കൾക്കും മൂന്നിലൊന്ന് സംവരണം നൽകും. ലാൻഡ് പൂളിംഗിലൂടെ തലസ്ഥാനമായ അമരാവതിക്കായി ഞങ്ങൾ ഭൂമി കണ്ടെത്തി. എന്നാൽ ഇപ്പോഴത്തെ സർക്കാർ എല്ലാം കൊള്ളയടിച്ചു’– നായിഡു കുറ്റപ്പെടുത്തി.

ജഗൻ റെഡ്ഡി സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുക്കുന്നത് തടയാൻ കഴിഞ്ഞ മാസം നായിഡുവിനെയും മകൻ നര ലോകേഷിനെയും പാർട്ടി നേതാക്കളെയും വീട്ടുതടങ്കലിൽ താമസിപ്പിച്ചിരുന്നു. അമരാവതിയിലെ നായിഡുവിന്റെ വാടക വീട് പൊളിച്ചു നീക്കാൻ കഴിഞ്ഞ മാസം സംസ്ഥാന സർക്കാർ നോട്ടീസ് നൽകിയിരുന്നു. കൃഷ്ണ നദിയുടെ തീരത്തു പാരിസ്ഥിതികമായി ദുർബലമായ പ്രദേശത്തു നിർമിച്ച വീട് അനധികൃതമെന്നു കാണിച്ചായിരുന്നു നോട്ടിസ് നൽകിയത്. 

English Summary: Jagan Reddy Is Acting Like A Psycho": Says N Chandrababu Naidu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com