sections
MORE

കശ്മീരിൽ മലേഷ്യ പാക്കിസ്ഥാനൊപ്പം; പാം ഓയിൽ ഇറക്കുമതി കുറച്ച് ഇന്ത്യയുടെ മറുപടി

Image for representation
പ്രതീകാത്മക ചിത്രം
SHARE

ന്യൂഡൽഹി∙ ജമ്മു കശ്മീര്‍ വിഷയത്തില്‍ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് യുഎന്നിൽ നടത്തിയ പരാമർശങ്ങൾക്ക് തിരിച്ചടി നൽകാനൊരുങ്ങി ഇന്ത്യ. മലേഷ്യയില്‍ നിന്ന് പാമോയില്‍ ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കാനും മറ്റ് ഉല്‍പന്നങ്ങളുടെ ഇറക്കുമതിയില്‍ നിയന്ത്രണം കൊണ്ടുവരാനും കേന്ദ്രം ഉദ്ദേശിക്കുന്നതായി സർക്കാർ–വ്യവസായ വൃത്തങ്ങൾ അറിയിച്ചു. ജമ്മു കശ്മീരില്‍ ഇന്ത്യ അതിക്രമിച്ച് കയറി കൈവശപ്പെടുത്തിയെന്ന മഹാതിർ മുഹമ്മദിന്റെ പരമാർശത്തിൽ പ്രകോപിതരായാണ് മലേഷ്യയുടെ പ്രധാന വരുമാനമായ പാമോയിൽ ഉൾപ്പെടെയുള്ള ഉല്‍പന്നങ്ങളുടെ ഇറക്കുമതിയിൽ നിയന്ത്രണം കൊണ്ടുവരാൻ ഇന്ത്യ ആലോചിക്കുന്നത്.

വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് സുപ്രധാന തീരുമാനമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിഗണനയിലുള്ള കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ പറയാൻ കഴിയില്ലെന്നും വാണിജ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വക്താവ് പറഞ്ഞു. മലേഷ്യൻ പ്രധാനമന്ത്രി കഴിഞ്ഞ മാസം യുഎന്നിൽ ജമ്മു കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചതിൽ കടുത്ത അതൃപ്തി അറിയിക്കാൻ ആഗ്രഹിക്കുന്നതായും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

എന്നാൽ ഇന്ത്യയിൽ നിന്ന് ഔദ്യോഗികമായി ഒരു സൂചനകളും ലഭിച്ചിട്ടില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി പ്രതികരിച്ചു. വാർത്തയ്ക്കു പിന്നാലെ വെള്ളിയാഴ്ച വൈകുന്നേരം മലേഷ്യൻ പാം ഓയിൽ അഞ്ചു ദിവസത്തെ കുറഞ്ഞ നേട്ടം രേഖപ്പെടുത്തി. നേരത്തെ വ്യാപാരം നടന്നിരുന്ന ബർസ മലേഷ്യ ഡെറിവേറ്റീവ് എക്സ്ചേഞ്ചിലെ ഡിസംബർ ഡെലിവറിയിലെ പാം ഓയിൽ കരാർ 0.9 ശതമാനം ഇടിഞ്ഞ് ടണ്ണിന് 2,185 റിംഗിറ്റ് (522.23 ഡോളർ) ആയി.

ലോകത്തിൽ ഏറ്റവും കൂടുതൽ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമായ ഇന്ത്യ, ഇന്തോനേഷ്യ, അർജന്റീന, യുക്രെയ്ൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും പാം ഓയില്‍ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യയുടെ മൊത്തം ഭക്ഷ്യ എണ്ണ ഇറക്കുമതിയുടെ മൂന്നിൽ രണ്ട് ഭാഗവും പാം ഓയിൽ ആണ്. ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ നിന്ന് പ്രതിവർഷം 9 ദശലക്ഷം ടണ്ണിലധികം പാം ഓയിൽ വാങ്ങുന്നുണ്ട്. മലേഷ്യൻ പാം ഓയിൽ ബോർഡിന്റെ കണക്കനുസരിച്ച് 2019 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ഏറ്റവും അധികം പാം ഓയിൽ വാങ്ങിയത് ഇന്ത്യയാണ്. 3.9 ദശലക്ഷം ടൺ.

മലേഷ്യയിൽ നിന്ന് പാം ഓയിൽ ഇറക്കുമതി ചെയ്യുന്നത് നിർത്തിയാലും ഇന്ത്യയിൽ ഭക്ഷ്യ എണ്ണയുടെ കുറവുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. മലേഷ്യൻ പാം ഓയിൽ കയറ്റുമതിയിൽ ഉണ്ടായേക്കാവുന്ന കുറവ് പരിഹരിക്കുന്നതിന് അർജന്റീനയിൽ നിന്നുള്ള സോയോയിൽ, യുക്രെയ്നിൽ നിന്നുള്ള സൂര്യകാന്തി എണ്ണ എന്നിവയുടെ ഇറക്കുമതി വർധിപ്പിച്ചാൽ മതിയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മലേഷ്യയിൽ നിന്നുള്ള പാം ഓയിൽ ഇറക്കുമതി കുറച്ചാൽ ഫലത്തിൽ അത് ഇന്തോനേഷ്യയ്ക്കും നേട്ടമായേക്കും. ഇന്ത്യ പാം ഓയിൽ വാങ്ങുന്നത് വർധിപ്പിക്കണമെന്ന് ഇന്തോനേഷ്യ ആഗ്രഹിക്കുന്നു. പകരമായി ഇന്ത്യയിൽ നിന്ന് പഞ്ചസാര വാങ്ങും.

Mahathir Bin Mohamad
മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ്

ഇന്ത്യ ഇറക്കുമതി വെട്ടിക്കുറയ്ക്കുകയോ നിർത്തുകയോ ചെയ്താൽ മലേഷ്യയുടെ ഇറക്കുമതി വരുമാനത്തിൽ ഗണ്യമായി കുറവുണ്ടായേക്കും. ജമ്മു കശ്മീരിലെ ഇന്ത്യയുടെ നടപടിയെക്കുറിച്ച് തുർക്കിയും പ്രസ്താവനകൾ ഇറക്കിയതിനു പിന്നാലെ അവിടെ നിന്നുളള നിന്നുള്ള ഇറക്കുമതിക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്നും സർക്കാര്‍ വൃത്തങ്ങൾ പറഞ്ഞു.

മതപ്രഭാഷകൻ സാക്കിർ നായിക്കിനെച്ചൊല്ലി ഇന്ത്യയും മലേഷ്യയും തമ്മിൽ സംഘർഷമുണ്ടായിട്ടുണ്ട്. അദ്ദേഹത്തെ മലേഷ്യയിൽ നിന്ന് നാടുകടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. 2016 ൽ ഇന്ത്യൻ ഭീകരവിരുദ്ധ ഏജൻസി നായിക്കിന്റെ വിദ്വേഷ പ്രഭാഷണം മലേഷ്യ പ്രോത്സാഹിപ്പിക്കുന്നതായി ആരോപിച്ചിരുന്നു.

English Summary: India considers curbing Malaysian imports over Kashmir criticism

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA