ADVERTISEMENT

കോഴിക്കോട്∙ ആദ്യഭാര്യ സിലിയുടെ മരണം ഷാജുവിന്റെ അറിവോടെയാണ് ജോളി നടപ്പാക്കിയതെന്ന് ആവര്‍ത്തിച്ച് സിലിയുടെ സഹോദരന്‍ സിജോ സെബാസ്റ്റ്യന്‍. മരണകാരണം അന്വേഷിക്കാന്‍ താമരശ്ശേരിയില്‍ പുതിയ കേസെടുത്തതിനു പിന്നാലെ വടകര കോസ്റ്റല്‍ സിഐയ്ക്ക് നല്‍കിയ മൊഴിയിലാണു ഗുരുതര ആരോപണങ്ങളുള്ളത്. കൊലപാതകങ്ങളില്‍ പലതും ഷാജുവിന്റെ പിന്തുണയോടെയാണെന്ന ജോളിയുടെ മൊഴി ശരിവയ്ക്കുന്ന തരത്തിലാണ് സിജോയും വിവരങ്ങള്‍ കൈമാറിയത്.  

സിലി കുഴഞ്ഞു വീണെന്ന് ജോളിയാണു ഫോണില്‍ വിളിച്ചറിയിച്ചത്. വേഗത്തില്‍ താമരശ്ശേരിയിലെത്താനും പറഞ്ഞു. ദന്തല്‍ ആശുപത്രിയിലെത്തുന്നതിനിടെ മൂന്നു തവണ ജോളി വീണ്ടും വിളിച്ചു. ഓടിക്കിതച്ചെത്തുമ്പോള്‍ കസേരയില്‍ തളര്‍ന്നു കിടക്കുന്ന സിലിയെയാണ് കണ്ടത്. ഈ സമയം യാതൊരു ഭാവമാറ്റവുമില്ലാതെ ജോളിയും ഷാജുവും സമീപത്തുണ്ടായിരുന്നു. ഏറെ നിര്‍ബന്ധിച്ച് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സിലിയുടെ മരണം സംഭവിച്ചിരുന്നു എന്നാണ് സിജോ അന്വേഷണസംഘത്തിനു നല്‍കിയിരിക്കുന്ന മൊഴി. 

അന്നുണ്ടായ സംശയങ്ങള്‍ പുറത്തു പറയാതിരുന്നതു കുടുംബത്തിന്റെ സത്പേര് ഭയന്നാണ്. ജോളിയും ഷാജുവും തമ്മിലുള്ള ബന്ധം അതിരില്ലാതെ വളര്‍ന്നപ്പോള്‍ ചില മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതാണ്. ഷാജു വീണ്ടും വിവാഹിതനാകുന്നതില്‍ കുടുംബത്തിന് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. ബോധപൂര്‍വമാണു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്നും സിജോ മൊഴി നല്‍കി. 

സിലിക്ക് ജോളി ഗുളികയില്‍ വിഷം ചേര്‍ത്ത് നല്‍കിയതില്‍ ഷാജുവിന് വ്യക്തമായ പങ്കുണ്ടെന്ന് സിജോ മൊഴി നല്‍കി. ആശുപത്രിയിലുണ്ടായ മുഴുവന്‍ സംഭവങ്ങളും അന്വേഷണസംഘത്തിന് മുന്‍പാകെ സിജോ വിവരിച്ചു. ഷാജുവിന്റെ അറിവോടെയാണ് സിലിയെ കൊലപ്പെടുത്തിയതെന്ന ജോളിയുടെ മൊഴി ശരിവയ്ക്കുന്ന തരത്തിലാണ് സിജോയുടെ പ്രതികരണം. 

ജോളിയെ ദന്താശുപത്രിയില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ സിജോയും അന്വേഷണസംഘത്തിനൊപ്പമുണ്ടായിരുന്നു. നഴ്സ് ഉള്‍പ്പെടെയുള്ളവര്‍ ജോളിയെ തിരിച്ചറിഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചെങ്കിലും കാലപ്പഴക്കം കാരണം നഷ്ടപ്പെട്ടു എന്നാണു കണ്ടെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com