ADVERTISEMENT

തിരുവനന്തപുരം∙ പരീക്ഷാ തട്ടിപ്പ് നടന്ന സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയിലെ 7 റാങ്ക് ലിസ്റ്റുകളിലെയും ആദ്യ 100 പേരുടെ ഫോണ്‍ നമ്പരുകള്‍ പരിശോധിക്കാനുള്ള നീക്കം അവസാനിപ്പിച്ചു. എഴുന്നൂറിലധികം പേരുടെ ഫോണ്‍ വിവരങ്ങള്‍ പിഎസ്‌സി ഡിജിപിക്ക് കൈമാറിയെങ്കിലും കൂടുതല്‍ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് പൊലീസ്. ഒരു വര്‍ഷം കഴിഞ്ഞതിനാല്‍ വിവരങ്ങള്‍ ശേഖരിക്കാനാകില്ലെന്നാണ് ഹൈടെക്സെല്ലും അറിയിച്ചിരിക്കുന്നത്. ഇതോടെ കൂടുതല്‍ പേരിലേക്ക് അന്വേഷണം എത്താതെ കേസ് അവസാനിക്കുമെന്ന് ഉറപ്പായി.

പിഎസ്‌സിയുടെ സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ ക്രമക്കേട് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് 7 റാങ്ക് ലിസ്റ്റിലെയും ആദ്യ 100 പേരുടെ മൊബൈല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പിഎസ്‌സി തീരുമാനിച്ചത്. പിഎസ്‌സിയില്‍ ഒറ്റത്തവണ റജിസ്ട്രേഷന്‍ ചെയ്യുമ്പോള്‍ ഉദ്യോഗാര്‍ഥികള്‍ നല്‍കിയ നമ്പരുകള്‍ ഡിജിപി വഴി ക്രൈം എഡിജിപിയുടെ ഓഫിസിനു കൈമാറി. ഈ നമ്പരുകള്‍ പരിശോധിക്കുന്നതിലൂടെ കൂടുതല്‍ തട്ടിപ്പു പുറത്തുവരുമെന്നായിരുന്നു പിഎസ്‌സിയുടെ കണക്കൂകൂട്ടല്‍.

എന്നാല്‍ പിഎസ്‌സി നിയമനതട്ടിപ്പ് രാഷ്ട്രീയ വിവാദമായതോടെ ഫോണ്‍ നമ്പരുകള്‍  പരിശോധിക്കേണ്ടെന്ന നിലപാടിലാണ് പൊലീസ്. ഒരു വര്‍ഷം കഴിഞ്ഞതിനാല്‍ രേഖകള്‍ കിട്ടില്ലെന്നാണ് വാദം. എന്നാല്‍, പൊലീസിന്റെ ഈ വാദം തെറ്റാണെന്നു സൈബര്‍ വിദഗ്ധര്‍ പറയുന്നു. ഒരു വര്‍ഷത്തെ ഡേറ്റ മാത്രമേ മൊബൈല്‍ കമ്പനികള്‍ ഓണ്‍ലൈനില്‍ സൂക്ഷിക്കാറുള്ളൂ. എന്നാല്‍ 7 വര്‍ഷം വരെയുള്ള ഡേറ്റ കമ്പനികളുടെ കയ്യിലുണ്ടാകും. ദേശീയ അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെടുമ്പോള്‍ കമ്പനികള്‍ ഇത്തരത്തില്‍ ഡേറ്റ നല്‍കാറുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

സാധാരണ രീതിയില്‍ ഇ മെയില്‍ വഴിയോ കത്തിലൂടെയോ പൊലീസ് ആസ്ഥാനത്തുനിന്ന് ഡേറ്റ ആവശ്യപ്പെട്ടാല്‍ കമ്പനികള്‍ താല്‍പര്യം കാണിക്കില്ല. 1 വര്‍ഷം കഴിഞ്ഞതിനാല്‍ ലഭിക്കില്ലെന്ന മറുപടി പ്രതീക്ഷിച്ചാല്‍ മതിയെന്നും സൈബര്‍ വിദഗ്ധര്‍ പറയുന്നു. സര്‍ക്കാരില്‍നിന്ന് നിരന്തര സമ്മര്‍ദമുണ്ടായാലേ ഫലമുള്ളൂ. എന്നാല്‍ പിഎസ്‌സി വിഷയത്തില്‍ കൂടുതല്‍ വിവാദങ്ങളിലേക്ക് പോകാന്‍ സര്‍ക്കാരിനു താല്‍പര്യമില്ലാത്തതിനാല്‍ ഡേറ്റയ്ക്കായി സമ്മര്‍ദമുണ്ടാകാനിടയില്ല.

അന്വേഷണം ആവശ്യപ്പെട്ട് എഴുന്നൂറിലധികം പേരുടെ ഫോണ്‍ നമ്പരുകള്‍ ഡിജിപിക്ക് കൈമാറിയിരുന്നതായി പിഎസ്‌സി അധികൃതര്‍ ‘മനോരമ ഓണ്‍ലൈനോട്’ പറഞ്ഞു. പൊലീസില്‍നിന്ന് റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍, റാങ്ക് പട്ടികയില്‍ ഇടംപിടിച്ച ആദ്യസ്ഥാനക്കാരുടെ ജീവിത പശ്ചാത്തലം, പഠന നിലവാരം എന്നിവയെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും പിഎസ്‌സി വ്യക്തമാക്കുന്നു. ഡിജിപിയുടെ ഓഫിസില്‍നിന്ന് നിര്‍ദേശം ലഭിക്കാത്തതിനാല്‍ അന്വേഷണം നടക്കുന്നില്ലെന്നു സൈബര്‍ വിഭാഗം ഉദ്യോഗസ്ഥര്‍ ്രപതികരിച്ചു. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും ചോദ്യപേപ്പര്‍ ചോര്‍ത്തിയ ആളിനെപോലും കണ്ടെത്താനായിട്ടില്ല.

യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവത്തിനു പിന്നാലെയാണ് പരീക്ഷാ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. ശിവരഞ്ജിത്ത് കെഎപി 4 ബറ്റാലിയന്‍(കാസര്‍ഗോഡ്) റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനക്കാരനും, പ്രണവ് രണ്ടാം സ്ഥാനക്കാരനുമാണ്. നസീം 28ാം റാങ്കുകാരനാണ്. വിദ്യാര്‍ഥിയെ കുത്തിയ കേസില്‍ ശിവരഞ്ജിത്ത് ഒന്നാം പ്രതിയും പ്രണവ് 17ാം പ്രതിയും നസീം രണ്ടാം പ്രതിയുമാണ്. ശിവരഞ്ജിത്തിന് 78.33 മാര്‍ക്കും പ്രണവിന് 78 മാര്‍ക്കുമാണ് പരീക്ഷയില്‍ ലഭിച്ചത്. വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് ഇതുവരെ തയാറായിട്ടില്ല. 

English Summary: PSC Exam Fraud, Police not to Investigate phone details of Rank Holders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com