ADVERTISEMENT

ഒരു രാജ്യം മറ്റു ലോകരാജ്യങ്ങള്‍ക്ക് ഏതെല്ലാംതരത്തില്‍ മാതൃകയാകാം? അല്ലെങ്കില്‍, മറ്റൊരു രാജ്യത്തെ വികസനം എന്നു കേള്‍ക്കുമ്പോള്‍ നാം എന്തൊക്കെയാണു പ്രധാനമായും പ്രതീക്ഷിക്കുക? സാമ്പത്തിക ശക്തി, വ്യവസായ വളര്‍ച്ച, ജീവിതനിലവാരം, അത്യാധുനിക സൗകര്യങ്ങള്‍, വിദ്യാഭ്യാസ ഗുണനിലവാരം, ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനം... അങ്ങനെ പോകും പട്ടിക. എന്നാല്‍ ഇതാ ഒരു രാജ്യം വ്യത്യസ്തമായ രീതികളില്‍ മറ്റു ലോകരാജ്യങ്ങള്‍ക്കു മാതൃകയാകുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഒരു കൊച്ചു ദ്വീപുരാജ്യം. സിംഗപ്പൂര്‍.

മേല്‍പ്പറഞ്ഞ മാനദണ്ഡങ്ങളിലെല്ലാം സിംഗപ്പൂര്‍ ലോകശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍, ജല പുനരുയോഗം, ജലസംരക്ഷണം, വൃത്തി, സാമൂഹികവനവല്‍ക്കരണം, മാതൃകാപരമായ ഭവനസമുച്ചയ പദ്ധതികള്‍, പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിയുള്ള വ്യാവസായിക വളര്‍ച്ച തുടങ്ങിയവയുണ്ട് ആ വ്യത്യസ്തമായ മികവുകളില്‍. ഒപ്പം, മറ്റു ചിലതുകൂടി. വയോജന പരിപാലനം, സാന്ത്വനപരിചരണം അഥവാ പാലിയേറ്റിവ് കെയര്‍, മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം തുടങ്ങി ഏതാനും മേഖലകളില്‍കൂടി ലോകത്തിനു മാതൃകയാകുകയാണീ കൊച്ചു രാജ്യം. എങ്ങനെയാകണം ഈ മേഖലകളില്‍ ഒരു സമൂഹം എന്നു സിംഗപ്പൂര്‍ നമുക്കു കാണിച്ചുതരുന്നു.

ഒക്ടോബര്‍ 12നു ലോക പാലിയേറ്റിവ് കെയര്‍ ദിനമാണ്. സാന്ത്വനപരിചരണ മേഖലയില്‍ സിംഗപ്പൂര്‍ വ്യത്യസ്തമാകുന്നതിനുള്ള കാരണങ്ങള്‍ ലോകത്തെ പരിചയപ്പെടുത്തുന്നതു സന്നദ്ധസംഘടനയായ സിംഗപ്പൂര്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷനാണ്. സിംഗപ്പൂരിന്റെ വേറിട്ട മികവുകള്‍ ലോകമെമ്പാടും പ്രചരിപ്പിക്കുന്നതില്‍ ഏറെ വലിയ പങ്കുണ്ട് എസ്‌ഐഎഫ് എന്ന ഈ ഫൗണ്ടേഷന്.

പാലിയേറ്റിവ് കെയര്‍ രംഗത്തു കേരളവും ഒട്ടും പിന്നിലല്ല. ലോകത്തിനുതന്നെ ശ്രദ്ധേയമായ ഒരുപിടി കാര്യങ്ങള്‍ മാതൃകാപരമായി ചെയ്തിട്ടുള്ള സംസ്ഥാനമാണു കേരളം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി കേന്ദ്രീകരിച്ചു തൊണ്ണൂറുകളുടെ തുടക്കത്തില്‍ തുടങ്ങിവച്ച സാന്ത്വനപരിചരണം ഇന്നു കേരളത്തില്‍ ഒട്ടുമിക്ക ജില്ലകളിലും ഏറെ സജീവമായി നടക്കുന്നു. പ്രത്യേകിച്ചു കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍. സംസ്ഥാനത്തു കിടപ്പുരോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സാന്ത്വനപരിചരണത്തിന്റെ പ്രസക്തി വര്‍ധിച്ചുകൊണ്ടേയിരിക്കും.

സിംഗപ്പൂരിലെ ആരോഗ്യപ്രവര്‍ത്തകര്‍ ഇന്നു സാന്ത്വനപരിചരണം സ്വന്തം രാജ്യത്തു മാത്രമല്ല, അയല്‍ രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ഇന്തൊനീഷ്യ, വിയറ്റ്നാം, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിലെല്ലാം സിംഗപ്പൂരില്‍നിന്നുള്ള പാലിയേറ്റീവ് വൊളന്റിയര്‍മാര്‍ എത്തുന്നു.സിംഗപ്പൂരിലെ പാലിയേറ്റീവ് മേഖലയിലെ പ്രമുഖ വ്യക്തിയും എസ്‌ഐഎഫിന്റെ സ്‌പെഷലിസ്റ്റ് വൊളന്റിയറുമായ ഡോ. രാമസ്വാമി അഖിലേശ്വരനു കേരളവുമായൊരു ബന്ധമുണ്ട്. അദ്ദേഹത്തിന്റെ അച്ഛന്റെ സ്വദേശം പാലക്കാടാണ്. മാതാവ് കോയമ്പത്തൂര്‍ സ്വദേശി.. കേരളത്തില്‍ സാന്ത്വനപരിചരണ പരിപാടികള്‍ക്കു തുടക്കമിട്ട ഡോ.രാജഗോപാല്‍, ഡോ.സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ക്കെല്ലാം സുപരിചിതന്‍.

ramaswamy-akileswaran
ഡോ. രാമസ്വാമി അഖിലേശ്വരന്‍

സാന്ത്വനപരിചരണം ആവശ്യമുള്ള രോഗികള്‍, വയോധികര്‍ തുടങ്ങിയവര്‍ക്കെല്ലാം പ്രത്യേക പരിഗണന ഉറപ്പാക്കുന്ന ഹോസ്പിസുകള്‍, ഹോം കെയര്‍ പരിപാടികള്‍, ഹോസ്പിറ്റല്‍ കെയര്‍ തുടങ്ങിയവയെല്ലാം സജീവമാണു സിംഗപ്പൂരില്‍. 'നാമെല്ലാം ഒരുപാടുകാലം ജീവിക്കുമെങ്കിലും ഒരിക്കല്‍ മരിക്കേണ്ടവരാണ്. രോഗാതുരനായ ഒരാള്‍ ജീവിതത്തിലെ പല കാര്യങ്ങളിലും കഷ്ടപ്പെടേണ്ടിവരുന്നുണ്ട്. ശാരീരികവും വൈകാരികവും മാനസികവുമെല്ലാമായ ഒരുപാട് അവസ്ഥകളില്‍ ഈ വ്യക്തികള്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരുന്നു. ഈ ഘട്ടത്തിലാണ് അയാള്‍ക്ക് ആശ്വാസമായി സമഗ്രപരിപാടികളുമായി സാന്ത്വനപരിചരണ വിഭാഗം എത്തുന്നത്. അത് ആ രോഗിക്കു മാത്രമല്ല, അയാളുടെ കുടുംബത്തിനും അടുത്ത ബന്ധുക്കള്‍ക്കുമെല്ലാം ആശ്വാസമേകാന്‍ ഉതകുന്നു'- ഡോ. രാമസ്വാമി അഖിലേശ്വരന്‍ പറയുന്നു.

സിംഗപ്പൂരിലെ പ്രമുഖ ആതുരാലയമായ ഖൂ ടെക് പോട്ട് ആശുപത്രിയിലെ പാലിയേറ്റീവ് മെഡിസിന്‍, ജെറിയാട്രിക് മെഡിസിന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഡോ.അഖിലേശ്വരന്‍ ഇന്തൊനീഷ്യയിലെ ബന്ദൂങ്ങില്‍ എസ്‌ഐഎഫ് നടപ്പാക്കുന്ന പാലിയേറ്റീവ് കെയര്‍ പദ്ധതികളുടെ ചുമതലക്കാരനാണ്. ഇന്തൊനീഷ്യയില്‍ നാലരക്കോടിയിലേറെ ജനങ്ങള്‍ വസിക്കുന്ന പശ്ചിമ ജാവ മേഖലയില്‍ വിപുലമായ തോതില്‍ സാന്ത്വന പരിചരണ പരിശീലനം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നല്‍കി. സാന്ത്വന പരിചരണ പരിശീലകര്‍ക്കുള്ള പരിശീലനപരിപാടികളും അദ്ദേഹം അവിടെ നടത്തുന്നു. 2015 മുതല്‍ 2018വരെ ഇന്തൊനീഷ്യയിലെ പാലിയേറ്റീവ് കെയര്‍ വിപുലീകരണ പദ്ധതിയുടെ ഭാഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു. 

മാറാ രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന കുട്ടികള്‍ക്കായുള്ള പ്രത്യേക സാന്ത്വനപരിചരണ പദ്ധതിക്കും അദ്ദേഹം അവിടെ നേതൃത്വം നല്‍കി. മരണംപോലുള്ള ചീത്ത വാര്‍ത്തകളെക്കുറിച്ചു സംസാരിക്കുന്നതും അതു രോഗികളെയോ അവരുടെ ബന്ധുക്കളെയോ അറിയിക്കുന്നതു ബുദ്ധിമുട്ടേറിയ കാര്യമാണ്. പ്രത്യേകിച്ചും ആരോഗ്യപ്രവര്‍ത്തകര്‍ക്ക്. രോഗിയോ ബന്ധുക്കളോ ഇതു കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നുമില്ല-ഡോ.അഖിലേശ്വരന്‍ പറയുന്നു. എന്നാല്‍, ശരിയായ സാന്ത്വനപരിചരണ പരിപാടിയിലൂടെ, രോഗിയെപ്പോലും തനിക്ക് എന്താണെന്നും എന്താണു സംഭവിക്കാന്‍ പോകുന്നതെന്നും ബോധ്യപ്പെടുത്താനാകും. അത്തരമൊരു മാനസികാവസ്ഥയിലേക്കു രോഗിയേയും ബന്ധുക്കളെയും പാകപ്പെടുത്തിയെടുക്കാന്‍ മികവുറ്റ പാലിയേറ്റീവ് പ്രവര്‍ത്തനത്തിനു സാധിക്കും. ഇതു പഠനങ്ങളിലൂടെ തെളിയിക്കപ്പെടുന്ന കാര്യമാണ്.  

രോഗികളോടും ബന്ധുക്കളോടും പാലിയേറ്റിവ് വൊളന്റിയര്‍മാര്‍ എന്തെല്ലാം സംസാരിക്കാമെന്നതുപോലും പരിശീലനപരിപാടികളിലൂടെ മനസ്സിലാക്കിയെടുക്കാനാകും. പരിശീലനത്തിലൂടെ സന്നദ്ധപ്രവര്‍ത്തകരുടെയും സാന്ത്വനപരിചരണ മേഖലയിലുള്ള ക്ലിനിക്കല്‍ വിദഗ്ധരുടെയും മികവു വര്‍ധിപ്പിക്കാനാകും. ഇതിലേക്കു ക്ലിനിക്കല്‍ അറിവുകള്‍ മാത്രമല്ല, സാന്ത്വനപരിചരണത്തിന്റെ ഹൃദയംതന്നെയാണു ഡോ.അഖിലേശ്വരന്‍ പങ്കുവയ്ക്കുന്നതെന്ന് അദ്ദേഹത്തിനുകീഴില്‍ പരിശീലനം നേടിയ ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

Assisi Hospice
അസ്സീസ്സി ഹോസ്പിസ്

സാന്ത്വന പരിചരണം, ചില കണക്കുകള്‍

ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്താകമാനമായി നാലു കോടിയോളം പേര്‍ സാന്ത്വന പരിചരണം ആവശ്യമായുള്ളവരാണ്. ഇതില്‍ 78 ശതമാനവും ജീവിക്കുന്നതു വികസ്വര രാജ്യങ്ങളിലാണ്. അതേസമയം, ആരോഗ്യപ്രവര്‍ത്തനങ്ങളുമായി സാന്ത്വന പരിചരണമേഖലയെ സംയോജിപ്പിച്ചു പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളുടെ എണ്ണം എത്രയെന്നോ? ആകെ 20.

രോഗം മൂലമുള്ള കടുത്ത വേദനയെ നേരിടാന്‍ ആവശ്യമായ വേദനസംഹാരികള്‍ തീരെ ലഭ്യമല്ലാത്ത രാജ്യങ്ങളിലാണു സാന്ത്വന പരിചരണം ആവശ്യമുള്ള രോഗികളില്‍ 83 ശതമാനവും ജീവിക്കുന്നതെന്നത്. സാന്ത്വന പരിചരണ മേഖല ഇനിയും എത്രമാത്രം വളര്‍ച്ച നേടാനുണ്ടെന്നതു തെളിയിക്കാന്‍ ഈ ഒരൊറ്റക്കണക്കുതന്നെ ധാരാളം. ഐക്യരാഷ്ട്ര സംഘടനയില്‍ അംഗങ്ങളായ 234 രാജ്യങ്ങളില്‍ 42 ശതമാനത്തിലും പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങളേ ഇല്ലെന്നതാണു 2017വരെയുള്ള കണക്കുകള്‍.

അസ്സീസ്സി ഹോസ്പിസ്

സാന്ത്വനപരിചരണ രംഗത്തു സിംഗപ്പൂരില്‍ ഏറെ ശ്രദ്ധേയമായ സ്ഥാപനമാണ് ഫ്രാന്‍സിസ് അസ്സീസ്സി സന്യാസിനി സമൂഹം നടത്തുന്ന അസ്സീസ്സി ഹോസ്പിസ്. സാന്ത്വനപരിചരണ രംഗത്ത് 1993 മുതല്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം 2007 മുതല്‍ അസ്സീസ്സി ഹോസ്പിസ് എന്നറിയപ്പെട്ടുതുടങ്ങി. പാലിയേറ്റീവ് കെയറിനുമാത്രമായി രൂപകല്‍പന ചെയ്ത ആറു നിലക്കെട്ടിടത്തിലേക്ക് 2017ല്‍ പ്രവര്‍ത്തനം മാറ്റി. ഓരോ രോഗിക്കും വ്യക്തിഗത പരിഗണന ഉറപ്പാക്കുന്ന തരത്തിലേക്ക് 85 കിടക്കകളുള്ള ഈ സ്ഥാനം ഉയര്‍ന്നു. 

മരണം ഏറ്റവുമടുത്തെത്തിയെന്ന് ആരോഗ്യവിദഗ്ധര്‍ ഉറപ്പാക്കുന്ന രോഗികളാണ് അസ്സീസ്സി ഹോസ്പിസില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. അതിനു മുന്‍പ് ഈ രോഗികളെയെല്ലാം അസ്സീസ്സിയിലെ വൊളന്റിയര്‍മാര്‍ ഹോം കെയറിലൂടെ പരിചരിക്കും. ഹോസ്പിസില്‍ പ്രവേശിപ്പിക്കപ്പെട്ടതുമുതല്‍ മരണംവരെയുള്ള ഇടവേളയായി കണക്കാക്കിയിരിക്കുന്നതു ശരാശരി 20 ദിവസമാണ്. മെഡിക്കല്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം, മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍, കൗണ്‍സിലര്‍മാര്‍, തെറപ്പിസ്റ്റുകള്‍, വൊളന്റിയര്‍മാര്‍ തുടങ്ങിയവരെല്ലാം അസ്സീസ്സിയിലെ സാന്ത്വനപരിചരണ സംഘത്തിലുണ്ടാകും.

വയോധികരും രോഗികളുമായവര്‍ വീടുകളില്‍ േരിടുന്ന ഏകാന്തതയ്ക്കു പരിഹാരമായി ഡേ കെയര്‍ സംവിധാനം അസ്സീസ്സിയിലുണ്ട്. പേരമക്കള്‍ സ്‌കൂളിലേക്കും മക്കള്‍ ജോലിക്കും പോകുമ്പോഴുണ്ടാകുന്ന ഏകാന്തതയ്ക്കു പരിഹാരമായി ഇവര്‍ക്കു ഡേ കെയറില്‍ സമപ്രായക്കാരുമായി കളിച്ചും നേരമ്പോക്കു പറഞ്ഞും ഇരിക്കാം. ഒപ്പം ഓരോരുത്തര്‍ക്കും പരിശീലനം സിദ്ധിച്ച ആരോഗ്യപ്രവര്‍ത്തകരുടെ പരിപാലനവും ലഭിക്കും.

തെരുവില്‍ അനാഥരായി കിടക്കുന്ന ആസന്നമരണരായവരെ പരിപാലിക്കുന്ന പദ്ധതിയും അസ്സീസ്സിയിലുണ്ട്. ആരും ഒറ്റയ്ക്കു മരിക്കുന്നില്ല എന്നാണ് ഈ പദ്ധതിയുടെ പേരുതന്നെ. ഇത്തരക്കാരെ കണ്ടെത്തി ഈ സ്ഥാപനത്തിലെത്തിച്ചാല്‍ വൊളന്റിയര്‍മാര്‍ അവരുടെ ചങ്ങാതികളാകും. അവരോടു സംസാരിച്ചും സല്ലപിച്ചും ശുശ്രൂഷിച്ചുമെല്ലാം തനിക്ക് ആരൊക്കെയോ ഉണ്ടെന്ന തോന്നലുമായി മരണത്തിലേക്കു പ്രവേശിക്കുന്ന ഈ രോഗികള്‍. രോഗബാധിതരും മരണാസന്നരുമായ കുട്ടികള്‍ക്കായും പ്രത്യേക വിഭാഗമുണ്ടിവിടെ.

സാന്ത്വന പരിചരണത്തില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കുമെല്ലാം മികവുറ്റ പരിശീലനവും ഇവിടെ ലഭ്യമാക്കുന്നു. വ്യത്യസ്തമായ അനുഭവമാണ് ഒരു സന്ദര്‍ശകനായി അസ്സീസ്സി ഹോസ്പിസ് മുന്നോട്ടുവയ്ക്കുന്നത്. ജീവിതയാഥാര്‍ഥ്യങ്ങളുടെ നേരറിവിനു നമ്മെ പ്രാപ്തമാക്കുന്ന കാഴ്ചകളുണ്ടവിടെ. ഹൃദയഭേദകമാണു സാധാരണ ഒരു സന്ദര്‍ശകന് ഇവിടത്തെ കാഴ്ചകള്‍.

English Summary: SIF celebrates 27 years of sharing and caring overseas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com