ADVERTISEMENT

കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരയിൽ നിർണായക വെളിപ്പെടുത്തലുമായി മുഖ്യപ്രതി ജോളി. ഷാജുവിന്റെ മകളെ കൊന്ന ദിവസം സിലിയേയും കൊല്ലാന്‍ ശ്രമിച്ചിരുന്നെന്ന് ജോളി പൊലീസിനോടു പറഞ്ഞു. എന്നാൽ വീട്ടില്‍ നടന്ന ചടങ്ങിലെ തിരക്ക് ഇതിനു തടസമായി. സയനൈഡ് കലര്‍ത്തിയ ഭക്ഷണം കുഞ്ഞിനു കൊടുക്കുമ്പോള്‍ സിലിയേയും കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. ബ്രെഡു കഴിച്ചതോടെ അസ്വസ്ഥതയുണ്ടായ കുട്ടി നിലവിളിച്ചതോടെ ആ ശ്രമം പരാജയപ്പെടുകയായിരുന്നെന്നാണു ജോളിയുടെ മൊഴി. രണ്ടാംവട്ടമാണു സിലിയെ കൊലപ്പെടുത്താനുള്ള ശ്രമം വിജയിച്ചത്. 

കസ്റ്റഡി കാലാവധി തീരാൻ രണ്ടു ദിവസം മാത്രം ശേഷിക്കെ പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ശനിയാഴ്ച പകൽ മുഴുവൻ ജോളിയെ മാത്രമാണു വടകര റൂറൽ എസ്പി ഓഫിസിലെത്തിച്ച് അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. തുടർ ചോദ്യം ചെയ്യലിൽ നിർണായക തെളിവുകളിലേക്കുള്ള സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കൂടുതൽ ദിവസത്തേക്കു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു കിട്ടാൻ അന്വേഷണ സംഘം കോടതിയെ സമീപിച്ചേക്കും.

അന്വേഷണ സംഘത്തിനു സാങ്കേതിക സഹായം നൽകുന്നതിനു രൂപീകരിച്ച സംഘം ഞായറാഴ്ച വടകര റൂറൽ എസ്പി കെ. ജി. സൈമണുമായി കൂടിക്കാഴ്ച നടത്തും. ഐസിറ്റി വിഭാഗം പൊലീസ് സൂപ്രണ്ട് ഡോ. ദിവ്യ വി. ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് എത്തുക. ഫൊറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടർ, ഫിംഗർപ്രിന്റ് ബ്യൂറോ ഡയറക്ടർ തുടങ്ങി ഏഴു വിദഗ്ധരെ ഉൾപ്പെടുത്തിയാണ് ഡിജിപി സംഘം രൂപീകരിച്ചത്.

അതേസമയം, ഉടമസ്ഥാവകാശത്തിന്റെ കാര്യത്തിൽ  ജോളി ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചതാകാമെന്ന് ഓമശ്ശേരി മുൻ പഞ്ചായത്ത് സെക്രട്ടറി ഒ.സി.ലാലു മനോരമ ന്യൂസിനോടു പറ‍ഞ്ഞു. 2012ലാണ് വ്യാജ ഒസ്യത്തു ചമച്ച് സ്വത്തു തട്ടിയെടുക്കാൻ ജോളി ശ്രമിച്ചത്. ഓമശ്ശേരി പ‍ഞ്ചായത്താണ് ജോളിക്ക് ഉടമസ്ഥാവകാശം നൽകിയത്. അന്ന് ഓമശ്ശേരി പഞ്ചായത്ത് സെക്രട്ടറിയായിരുന്നു ഒ.സി.ലാലു. ആവശ്യമായ രേഖകൾ ഇല്ലാതെ ആർക്കും ഇതുവരെ ഉടമസ്ഥാവകാശം നൽകിയിട്ടില്ലെന്നും ജോളിയെ കണ്ടതായി ഓർമയില്ലന്നും ലാലു പറഞ്ഞു. 

English Summary : Sili died in second attempt, saya Jolly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com