ADVERTISEMENT

ബെയ്ജിങ് ∙ ചൈനയെ വിഭജിക്കാനും ആളുകൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനും ശ്രമിക്കുന്നവരുടെ വിധി ദാരുണമായിരിക്കുമെന്നു പ്രസിഡന്റ് ഷി ചിൻപിങ്. അവരുടെ ശരീരം ഛിന്നഭിന്നമാകുകയും എല്ലുകൾ നുറുങ്ങുകയും ചെയ്യും. ചൈനയുടെ വിഭജനത്തെ പിന്തുണയ്ക്കുന്ന ഏതൊരു ബാഹ്യശക്തിയെയും ചൈനീസ് ജനത വഞ്ചകരായി മാത്രമേ കണക്കാക്കൂ. ചൈനീസ് പ്രസിഡന്റിന്റെ നേപ്പാൾ സന്ദർശനത്തിനിടെ വിദേശകാര്യ മന്ത്രാലയം ഇറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

ഒരു പ്രദേശത്തെയും പേരെടുത്തു പരാമർശിച്ചിട്ടില്ലെങ്കിലും ഹോങ്കോങ്ങിൽ പ്രക്ഷോഭം വീണ്ടും ശക്തിയാർജിച്ചിരിക്കെയാണു പ്രസിഡന്റിന്റെ പ്രസ്താവന. ചൈനയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക അധികാര മേഖലയായ ഹോങ്കോങ്ങിനെ സ്വതന്ത്രരാജ്യമാക്കണം എന്ന ആവശ്യവുമായാണു പ്രതിഷേധം. ഹോങ്കോങ്ങിൽ കുറ്റകൃത്യങ്ങളിൽ പ്രതിയാകുന്നവരെ ചൈനയിൽ കൊണ്ടുപോയി അവിടുത്തെ നിയമമനുസരിച്ച് വിചാരണ ചെയ്യാനുള്ള ബില്ലാണ് മൂന്നു മാസത്തിനു മുൻപു പ്രക്ഷോഭത്തിനു തിരികൊളുത്തിയത്.

വിവാദ ബിൽ കഴിഞ്ഞ മാസമാദ്യം ചൈനീസ് പാർട്ടിയുടെയും സർക്കാരിന്റെയും വിശ്വസ്തയും ഹോങ്കോങ് ചീഫ് അഡ്മിനിസ്ട്രേറ്ററുമായ കാരി ലാം പിൻവലിച്ചെങ്കിലും പോരാട്ടം തുടരുമെന്നു സമരക്കാർ നിലപാടെടുത്തു. പ്രക്ഷോഭം അടിച്ചമർത്താൻ ചൈന സൈന്യത്തെ അയക്കുമെന്ന ആശങ്ക ഉയർന്നിരുന്നെങ്കിലും പ്രതിഷേധം കൈകാര്യം ചെയ്യാൻ ഹോങ്കോങ് പൊലീസിനു കഴിയുമെന്നു ബെയ്ജിങ് അറിയിച്ചു. ‍ഞായറാഴ്ച പ്രക്ഷോഭകരെ പൊലീസ് നേരിട്ടതോടെ ഹോങ്കോങ് കലാപഭൂമിയായി.

ഷോപ്പിങ് മാളുകളും മെട്രോകളും കേന്ദ്രീകരിച്ചു സമാധാനപരമായി തുടങ്ങിയ ചെറു പ്രകടനങ്ങൾ ഉച്ചകഴിഞ്ഞ് അക്രമാസക്തമായപ്പോഴാണ് പൊലീസ് ബലം പ്രയോഗിച്ചത്. ജനത്തിരക്കിനിടയിൽ സമരക്കാരെ പൊലീസ് തിരഞ്ഞുപിടിച്ചു കണ്ണീർവാതകം പ്രയോഗിച്ചും ലാത്തിച്ചാർജ് ചെയ്തും തുരത്തിയോടിച്ചു. നഗരത്തിലെങ്ങും ഗതാഗതം സ്തംഭിച്ചു. ഒട്ടേറെ പേർ അറസ്റ്റിലായി. തായ്‌വാനുമായി നിലനിൽക്കുന്ന സംഘർഷങ്ങളും ഷി ചിൻപിങ്ങിന്റെ പ്രസ്താവനയ്ക്ക് കാരണമായെന്നാണ് വിലയിരുത്തൽ.

2016ൽ പ്രസിഡന്റ് സായ് ഇങ്-വെൻ അധികാരമേറ്റതു മുതൽ തായ്‌വൻ ചൈനയുടെ ഭാഗമാണെന്ന് അംഗീകരിക്കാൻ വിസമ്മതിച്ചിരുന്നു. 1949ലെ ആഭ്യന്തര യുദ്ധത്തിനുശേഷം തായ്‌വാൻ സ്വതന്ത്രരാജ്യമാണെങ്കിലും ചൈന അംഗീകരിക്കുന്നില്ല. ചൈനീസ് തായ്‌പേയ് എന്നാണ് അവർ തായ്‌വാനെ വിശേഷിപ്പിക്കുന്നത്.

English Summary: "Bodies Smashed, Bones Ground To Powder": Xi Warns Anti-Beijing Forces

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com