sections
MORE

യുഎസ് ‘പിന്മാറി’, തീക്കളിയുമായി തുർക്കി; സിറിയൻ കുർദുകളുടെ ഉന്മൂലനത്തിന് യുദ്ധം

Syria Conflict
തുർക്കിയുടെ സൈനികാക്രമണത്തിൽ കൊല്ലപ്പെട്ട സിറിയയിലെ കുർദിഷ് പോരാളികളുടെയും നാട്ടുകാരുടെയും സംസ്കാരച്ചടങ്ങിൽനിന്ന്.
SHARE

യുഎസ് സൈന്യം പിന്മാറിയതിനു പിന്നാലെ സൈനികാക്രമണം തുടങ്ങിയ തുർക്കിക്കെതിരെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ പശ്ചിമേഷ്യൻ രാജ്യമായ സിറിയ ഒരുങ്ങിയതോടെ മേഖല കൂടുതൽ രക്തരൂഷിതമായി. വടക്കുകിഴക്കൻ സിറിയയിലെ കുർദ് സേനയ്ക്കെതിരായ തുർക്കിയുടെ ആക്രമണം പ്രതിരോധിക്കാൻ സിറിയൻ സർക്കാർ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ആഭ്യന്തരയുദ്ധത്തിന്റെ അന്തരീക്ഷം മാറിമറിഞ്ഞത്. കുർദ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ് (എസ്ഡിഎഫ്) നിയന്ത്രണത്തിലുള്ള പ്രദേശത്താണു തുർക്കി കര–വ്യോമ ആക്രമണങ്ങൾ കടുപ്പിച്ചത്. പിടിച്ചുനിൽക്കാനായി കുർദുകൾ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ സഹായം തേടി. അതിർത്തിയിൽ സൈന്യത്തെ വിന്യസിക്കാമെന്നു സിറിയൻ പ്രസിഡന്റ് എഡ്ഡിഎഫിനോടു സമ്മതിക്കുകയും ചെയ്തു.

സിറിയയിൽ തുർക്കിയുടെ ആക്രമണം ആറാം ദിവസത്തിലേക്കു കടന്നതോടെ പലായനം ചെയ്ത സാധാരണക്കാരുടെ എണ്ണം 1.60 ലക്ഷത്തോളമായെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. തുർക്കിയുടെ ആക്രമണത്തെ തുടർന്ന്, ഐഎസ് ഭീകരരുടെ കുടുംബാംഗങ്ങളെ താമസിപ്പിച്ചിരുന്ന ക്യാംപിൽനിന്ന് എണ്ണൂറോളം പേർ രക്ഷപ്പെട്ടു. കുർദ് സായുധ സേനയായ വൈപിജിയിലെ അഞ്ഞൂറോളം പേരെ വധിച്ചതായി തുർക്കി അവകാശപ്പെട്ടു. 52 സാധാരണ പൗരന്മാരടക്കം ഇരുനൂറിലേരെ പേർ കൊല്ലപ്പെട്ടതായാണു മനുഷ്യാവകാശ സംഘടനയായ സിറിയൻ ഒബ്സർവേറ്ററിയുടെ കണക്ക്. കുർദുകൾ നടത്തിയ പ്രത്യാക്രമണത്തിൽ തു‍ർക്കിയിൽ 18 പേർ കൊല്ലപ്പെട്ടു.

syria

രാജ്യാന്തര തലത്തിൽ വൻ പ്രതിഷേധം ഉയർന്നിട്ടും ആക്രമണം അവസാനിപ്പിക്കാൻ തുർക്കി കൂട്ടാക്കിയിട്ടില്ല. ജർമനിയും ഫ്രാൻസും സ്വീഡനും ഇറ്റലിയും തുർക്കിക്ക് ആയുധം നൽകില്ലെന്ന് പ്രഖ്യാപിച്ചു. ബ്രിട്ടനും അറബ് രാജ്യങ്ങളും പ്രതിഷേധം ഉയർത്തി. യുഎസ് ഉപരോധ ഭീഷണി മുഴക്കി. പിന്തുണച്ചില്ലെങ്കിൽ 36 ലക്ഷം അഭയാർഥികളെ യൂറോപ്പിലേക്കു തുറന്നുവിടുമെന്നായിരുന്നു തുർക്കി പ്രസിഡന്റിന്റെ ഭീഷണി. ഇതു പ്രകോപനപരമെന്നു വിലയിരുത്തിയ യൂറോപ്യൻ യൂണിയൻ കടുത്ത ഉപരോധം ഏർപ്പെടുത്തുമെന്നു മുന്നറിയിപ്പു നൽകി. എട്ടു വർഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിൽ മുറിവേറ്റു ചോരയൊലിക്കുന്ന സിറിയയുടെ നെഞ്ചിലേക്കാണു തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ വീണ്ടും നിറയൊഴിക്കുന്നത്.

യുഎസ് പിന്മാറി, കടന്നുകയറി തുർക്കി

ഭീകരസംഘടനയായ ഐഎസിനെ പരാജയപ്പെടുത്തിയെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ 2018 ഡിസംബറിലാണു സിറിയയിൽനിന്നു യുഎസ് സൈന്യത്തിന്റെ പിൻമാറ്റം ആദ്യം തുടങ്ങിയത്. ഐഎസിനെതിരെ പോരാടുന്ന കുർദ്, അറബ് സായുധ വിഭാഗങ്ങളുടെ കൂട്ടായ്‌മയായ എസ്‌ഡിഎഫിനു പരിശീലനം നൽകുകയാണു യുഎസ് സൈന്യം ചെയ്തിരുന്നത്. സിറിയയുടെ കാര്യത്തിൽ യുഎസ് നയത്തിൽ പെട്ടെന്നാണു മാറ്റങ്ങളുണ്ടാവാറുള്ളത്. ട്വിറ്ററിലൂടെയാണ് ഒക്ടോബർ ഒൻപതിനു വീണ്ടും സൈനികപിന്മാറ്റം ട്രംപ് പ്രഖ്യാപിച്ചത്. യുഎസും ട്രംപും പിന്നില്‍നിന്നു കുത്തി എന്നാണു കുര്‍ദുകൾ ഇതിനോടു പ്രതികരിച്ചത്. 

‘മിഡിൽ ഈസ്റ്റിൽ പോരാട്ടത്തിനും പൊലീസിങ്ങിനുമായി യുഎസ് ഇതുവരെ എട്ടു ട്രില്യൻ ഡോളറാണു ചെലവാക്കിയത്. ആയിരക്കണക്കിനു യുഎസ് സൈനികർ മരിക്കുകയും നിരവധിപേർക്കു പരുക്കേൽക്കുകയും ചെയ്തു. ദശലക്ഷക്കണക്കിനു ആൾക്കാർ മറുവശത്തും മരണപ്പെട്ടു. മിഡിൽ ഈസ്റ്റിലേക്കു പോയതു രാജ്യചരിത്രത്തിലെ ഏറ്റവും മോശമായ തീരുമാനമാണ്. തെറ്റായ കാര്യങ്ങളുടെ പേരിലായിരുന്നു മഹാദുരിതം വിതച്ചുള്ള യുദ്ധം. സാവധാനത്തിലും സുരക്ഷിതമായും നമ്മുടെ സൈനികർ വീടുകളിലേക്കു മടങ്ങുകയാണ്. യുഎസിനെ മഹത്തരമാക്കുക എന്ന വലിയ ലക്ഷ്യമാണു നമുക്കു മുന്നിലുള്ളത്’– സേനാ പിന്മാറ്റത്തെപ്പറ്റിയുള്ള ട്രംപിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു.

SYRIA-TURKEY-CONFLICT-KURDS

യുഎസിന്റെ പിന്തുണ നഷ്ടപ്പെട്ടതു ക്ഷീണമാണെങ്കിലും എന്തു വിലകൊടുത്തും മാതൃരാജ്യത്തെ സംരക്ഷിക്കുമെന്നു കുർദുകൾ വ്യക്തമാക്കി. ട്രംപിന്റെ തീരുമാനത്തിനു തൊട്ടുപിന്നാലെ കുര്‍ദുകള്‍ക്കെതിരെ തുര്‍ക്കി പ്രസിഡന്റ് സൈനിക നടപടി തുടങ്ങുകയായിരുന്നു. ദിവസം ചെല്ലുന്തോറും സംഘർഷം രൂക്ഷമാകവെ, മധ്യസ്ഥതയ്ക്കു തയാറാണെന്നു യുഎസ് പ്രസിഡന്റ് പറയുന്നുണ്ട്. ഭീകരവിരുദ്ധ പോരാട്ടത്തിൽ വിശ്വസ്ത പങ്കാളി ആയിരുന്ന കുർദുകളെ അദ്ദേഹം കൈവിട്ടെന്ന് രാജ്യത്തിനകത്തും പുറത്തും ആരോപണമുണ്ട്. എസ്ഡിഎഫിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് 2000 ഐഎസ് ഭീകരർ തടവിലുണ്ടെന്നു തുർക്കി പറയുന്നു. യൂറോപ്പിൽ നിന്നുൾപ്പെടെയുള്ള വിദേശികളാണിവർ. ഇവരെ പിടികൂടാനാണെന്നു പറഞ്ഞാണു തുർക്കിയുടെ ആക്രമണം.

ഏറ്റുമുട്ടൽ ഒഴിവാക്കാൻ ട്രംപ്

സിറിയയുടെ വടക്കുകിഴക്കു ഭാഗത്തുനിന്നാണു യുഎസ് ഭടന്മാർ പിൻവാങ്ങുന്നത്. തുർക്കിയുടെ സൈന്യം ആ ഭാഗത്തേക്കു നീങ്ങുകയുമാണ്. നാറ്റോ സഖ്യരാഷ്ട്രമായ തുർക്കിയുമായി ഏറ്റുമുട്ടാതിരിക്കാനാണു യുഎസ് സൈനികരുടെ പിന്മാറ്റം. സിറിയയിൽ ആഭ്യന്തര യുദ്ധം ഇതോടെ പുതിയ ഘട്ടത്തിലേക്കു കടന്നു. തുർക്കിയുടെ അതിർത്തിയുമായി ചേർന്നുകിടക്കുന്ന സിറിയയുടെ വടക്കുകിഴക്കൻ മേഖല ഇപ്പോൾ എസ്ഡിഎഫ് നിയന്ത്രണത്തിലാണ്. യുഎസ് സഹായത്തോടെ  കഴിഞ്ഞ ചില വർഷങ്ങളിൽ ഐഎസ് ഭീകരരുമായി പോരാടുകയും തുരത്തുകയും ചെയ്ത ശേഷമാണു പ്രദേശം അവർ പിടിച്ചടക്കിയത്. തുർക്കി സൈന്യം ഇവിടെ പ്രവേശിക്കുന്നതോടെ എസ്ഡിഎഫുമായി ഏറ്റുമുട്ടി വലിയ രക്തച്ചൊരിച്ചൽ ഉണ്ടാകും.

എസ്ഡിഎഫിലെ മുഖ്യഘടകമായ വൈപിജിയെ തുർക്കി കാണുന്നതു തുർക്കിവിരുദ്ധ ഭീകര സംഘടനയായിട്ടാണ്. തുർക്കിയിൽ നിരോധിക്കപ്പെട്ടിട്ടുള്ള പികെകെ എന്ന വിഘടനവാദി സംഘടനയുടെ ഭാഗമാണു വൈപിജിയെന്നും തുർക്കി ആരോപിക്കുന്നു. മൂന്നര ദശകങ്ങളായി തുർക്കിയുമായി യുദ്ധത്തിലാണു പികെകെ. 40,000 പേർ കൊല്ലപ്പെട്ടുവെന്നാണു കണക്ക്. പികെകെയെ യുഎസും നിരോധിച്ചിട്ടുണ്ടെങ്കിലും വൈപിജിയെ ഭീകര സംഘടനയായി കാണുന്നില്ല. അതിന്റെ അടിസ്ഥാനത്തിലായിരുന്നു സിറിയയിൽ അവരുമായുള്ള കൂട്ട്. വടക്കു കിഴക്കൻ സിറിയയിൽ തുർക്കിയുമായി ചേർന്നുകിടക്കുന്ന ഭാഗത്തു 480 കിലോമീറ്റർ നീളത്തിലും 32 കിലോമീറ്റർ വീതിയിലും ‘സുരക്ഷിത മേഖല’ ഉണ്ടാക്കുകയാണു തുർക്കിയുടെ ലക്ഷ്യം.

തുർക്കിയിലുള്ള 36 ലക്ഷം സിറിയൻ അഭയാർഥികളിൽ 20 ലക്ഷംപേരെ പാർപ്പിക്കാനാണ് ഈ മേഖലയെന്നാണു തുർക്കിയുടെ വിശദീക‌രണം. വൈപിജിയുടെ അഭിപ്രായത്തിൽ തുർക്കി സൈന്യം വരുന്നത് ഉന്മൂലനം ചെയ്യാനാണ്. അതിനു വഴിയൊരുക്കുകയാണു യുഎസ് ചെയ്തതെന്ന കുറ്റപ്പെടുത്തലുമുണ്ട്. സുരക്ഷിത മേഖല ഉണ്ടാക്കാൻ തുർക്കി നേരത്തെ ശ്രമം തുടങ്ങിയിരുന്നുവെങ്കിലും ട്രംപ് സമ്മതിച്ചിരുന്നില്ല. തുർക്കി സൈന്യം കുർദുകളെ വേട്ടയാടുമെന്ന ഭയമായിരുന്നു കാരണം. ആ ഭയം ട്രംപ് കാര്യമാക്കുന്നില്ലെന്നു പുതിയ തീരുമാനം വ്യക്തമാക്കുന്നു. ഒക്ടോബർ ആറിനു ട്രംപും തുർക്കി പ്രസിഡന്റ് റസിപ് തയ്യിപ് എർദോഗനും ഫോണിൽ സംസാരിച്ചതിനെ തുടർന്നാണു ട്രംപ് നിലപാടു മാറ്റിയത്.

syria-natives

തുർക്കി സൈന്യത്തിന്റെ മുന്നേറ്റത്തിനു തടസ്സം ഉണ്ടാകാതിരിക്കാനാണു വടക്കു കിഴക്കൻ സിറിയയിൽനിന്നു യുഎസ് സൈനികരെ പിൻവലിക്കുന്ന കാര്യം ട്വിറ്ററിലൂടെ ട്രംപ് പ്രഖ്യാപിച്ചത്. 1000 യുഎസ് ഭടന്മാരാണു സിറിയയിലുളളത്. ഐഎസ് ഭീകരർക്കെതിരായ പോരാട്ടത്തിൽ സഹായിക്കാനായി 2016 ൽ ആദ്യമായി  അഞ്ഞൂറിൽതാഴെ ഭടന്മാരെ അയച്ചതു മുൻ പ്രസിഡന്റ് ബറാക് ഒബാമയായിരുന്നു. ട്രംപിന്റെ ഭരണ കാലത്ത് അവരുടെ എണ്ണം 2000 വരെയായി. പിന്നീടു കുറഞ്ഞു. സിറിയയിൽനിന്നും അഫ്ഗാനിസ്ഥാനിൽനിന്നും യുഎസ് സൈനികരെ തിരിച്ചുകൊണ്ടുവരുമെന്നത് 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുകാലം മുതൽക്കേയുള്ള ട്രംപിന്റെ വാഗ്ദാനമാണ്.

റഷ്യയ്ക്കും ഇറാനും നേട്ടമാകുമോ?

ട്രംപിന്റെ സേനാപിന്മാറ്റ തീരുമാനത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. അപകടം വിളിച്ചുവരുത്തൽ, കാര്യങ്ങൾ ശരിക്കു മനസ്സിലാക്കാതെയുള്ള തീരുമാനം എന്നിങ്ങനെയാണു ചില മുതിർന്ന റിപ്പബ്ലിക്കൻ സെനറ്റർമാർ പരസ്യമായി വിമർശിച്ചത്. യുഎസുമായി പലപ്പോഴും ഇടഞ്ഞുകൊണ്ടിരിക്കുന്ന തുർക്കി പ്രസിഡന്റിനു പുറമെ സിറിയയിൽ സ്വാധീനം ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന റഷ്യ, ഇറാൻ എന്നിവയ്ക്കുമായിരിക്കും തീരുമാനത്തിന്റെ പ്രയോജനമെന്നും വിമർശകർ വാദിക്കുന്നു. ആഭ്യന്തര യുദ്ധത്തിനിടയിൽ നഷ്ടപ്പെട്ട പ്രദേശങ്ങളുടെ വലിയൊരു ഭാഗം പ്രസിഡന്റ് ബഷാർ അൽ അസദിന്റെ സൈന്യം തിരിച്ചുപിടിച്ചതു റഷ്യയുടെയും ഇറാന്റെയും സഹായത്തോടെയാണ്.

SYRIA-CONFLICT

യുഎസ് സഹായത്തോടെ കുർദുകൾ പരാജയപ്പെടുത്തിയ ഐഎസിനു പുനരുജ്ജീവനം നൽകാൻ പുതിയ സാഹചര്യം സഹായകമായേക്കാമെന്ന ആശങ്കയുമുണ്ട്. ഐഎസിനോടുള്ള തുർക്കിയുടെ എതിർപ്പ് കുർദുകളുടെ അത്രയും രൂക്ഷമല്ലെന്ന സംശയമാണു കാരണം. ഐഎസുമായി ബന്ധപ്പെട്ട ആയിരക്കണക്കിനാളുകൾ ഇപ്പോൾ കുർദുകളുടെ കസ്റ്റഡിയിലുണ്ട്. ഇവരെ വടക്കു കിഴക്കൻ സിറിയയിൽ പല ക്യാംപുകളിലായി പാർപ്പിച്ചിരിക്കുകയാണ്. ആ പ്രദേശം തുർക്കി സൈന്യത്തിന്റെ പിടിയിലാകുന്നതോടെ ഇവർ അവരുടെ നിയന്ത്രണത്തിലാവും. ഇവരിൽ കൂടുതലും ജർമനിയും ഫ്രാൻസും പോലുളള യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ളവരാണ്. അവരെ സ്വന്തം നാടുകളിൽ കൊണ്ടുപോയി തടവിലാക്കണമെന്നു ട്രംപ് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായിരുന്നില്ല.

വടക്കൻ സിറിയയിൽനിന്നു സൈന്യത്തെ പൂർണമായി പിൻവലിക്കാൻ തയാറെടുക്കുന്നതായി യുഎസ് പ്രതിരോധ സെക്രട്ടറി മാർക് എസ്പെറും പറഞ്ഞു. യുഎസ് സൈന്യം ഭാഗികമായി പിന്മാറിയപ്പോൾ തന്നെ തുർക്കി സൈനിക നടപടി തുടങ്ങി. കുർദുകൾക്കെതിരെ ഷെല്ലാക്രമണമാണു മുഖ്യം. തുർക്കി അതിർത്തിയോടു ചേർന്ന സിറിയൻ പട്ടണങ്ങളായ തൽ അബിയാദ്, റാസൽ ഐൻ എന്നിവ ലക്ഷ്യമിട്ടു കനത്ത ഷെല്ലാക്രമണമാണു നടത്തുന്നത്. തുർക്കി സൈന്യം ആഞ്ഞടിക്കുകയും യുഎസ് സഹായിക്കാതിരിക്കുകയും ചെയ്യുമ്പോൾ ആത്മരക്ഷയ്ക്കു വേണ്ടി അസദിനോടൊപ്പം കൂടുകയേ താൽക്കാലികമായി കുർദുകൾക്കു ചെയ്യാനാവുമായിരുന്നുള്ളൂ. ഈ കൂട്ടുകെട്ടു തുടരുന്നതു പക്ഷെ റഷ്യ, ഇറാൻ രാജ്യങ്ങൾക്കു സന്തോഷിക്കാൻ വക നൽകുന്നതാകുമെന്നു നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ആരാണു കുർദുകൾ, എന്താണു പ്രശ്നം?

മധ്യപൂർവേഷ്യയിലെ പ്രബലമായ വംശമാണു കുർദുകൾ. ലോകത്തു സ്വന്തമായി രാജ്യമില്ലാത്ത വലിയ വംശം. 25 മുതൽ 35 ദശലക്ഷം വരെ ജനസംഖ്യയുള്ള കുർദുകൾ തുർക്കി, ഇറാഖ്, സിറിയ, ഇറാൻ, അർമേനിയ എന്നീ രാജ്യങ്ങളിലായി പരന്നുകിടക്കുന്നു. കുര്‍ദിഷ് ഭാഷ സംസാരിക്കുന്ന, ആഘോഷങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും തനതുശൈലി കാത്തു സൂക്ഷിക്കുന്ന കുർദുകളിൽ സുന്നി മുസ്‌ലിംകൾക്കാണു ഭൂരിപക്ഷം. സ്വന്തമായി 'കുർദിസ്ഥാൻ' എന്നൊരു രാജ്യമാണു പതിറ്റാണ്ടുകളായി ഇവരുടെ സ്വപ്നം. ഒാട്ടോമന്‍ സാമ്ര്യാജ്യത്തിന്‍റെ പതനത്തോളം പഴക്കമുണ്ട് കുര്‍ദുകളുടെ സ്വതന്ത്ര്യരാജ്യ മോഹത്തിന്. ഒാട്ടോമന്‍ പതനത്തെ തുടര്‍ന്നു മധ്യപൂര്‍വദേശത്തു സ്വതന്ത്ര രാജ്യങ്ങളുണ്ടായെങ്കിലും കുര്‍ദുകള്‍ പലയിടങ്ങളിലായി ചിതറിപ്പോയി.

പ്രത്യേക മേഖലാ പദവി, രാഷ്ട്രീയ അവകാശങ്ങള്‍, സ്വതന്ത്രരാജ്യം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കുര്‍ദുകള്‍ പലപ്പോഴും നീക്കങ്ങള്‍ നടത്തിയെങ്കിലും എല്ലാം കൊടും പീഡനങ്ങളിലാണ് അവസാനിച്ചത്. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലാണു കുര്‍ദുകള്‍ക്ക് രാജ്യാന്തരശ്രദ്ധ ലഭിക്കുന്നത്, പ്രത്യേകിച്ചും ഇറാഖില്‍. 2003ലെ ഇറാഖ് അധിനിവേശകാലത്തു യുഎസ് സഖ്യസേനയുടെ മുഖ്യപങ്കാളികളായി പെഷ്മര്‍ഗ എന്നുമറിയപ്പെടുന്ന കുര്‍ദിഷ് പോരാളികള്‍. സദ്ദാം ഹുസൈന്‍റെ പതനവും  സിറിയന്‍ ആഭ്യന്തരയുദ്ധവും ഐഎസിന്റെ ഉദയവും കുര്‍ദിസ്ഥാന്‍ മോഹങ്ങളെ തല്‍ക്കാലം മരവിപ്പിച്ചു. ഐഎസ് എന്ന പൊതു ശത്രുവിനെ തുരത്താന്‍ ഇറാഖിലും സിറിയയിലും സൈന്യത്തിനൊപ്പം ചേർന്നു കുര്‍ദുകള്‍.

SYRIA-CONFLICT-KURDS-SYRIA-ISIS

സിറിയയുടെ തെക്കൻ അതിർത്തിയോടു ചേർന്ന് കുർദുകൾ ശക്തി പ്രാപിക്കുന്നതു ഭീഷണിയാണെന്നു തുർക്കി കരുതുന്നു. ‘ഓപ്പറേഷൻ പീസ് സ്‌പ്രിങ്‌’ എന്ന പേരിൽ വടക്കുകിഴക്കൻ സിറിയയിലെ കുർദുകളെ ഉന്മൂലനാശമാണു അവരുടെ ലക്ഷ്യം. പതിറ്റാണ്ടുകളായി തുർക്കിയിൽ കുർദുകളുടെ അവകാശ പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ട്. സ്വയംഭരണവും കൂടുതൽ രാഷ്ട്രീയ അധികാരവും കുർദുകൾ ആവശ്യപ്പെടുന്നു. അതിർത്തിയിലെ സിറിയൻ കുർദുകൾ കരുത്തരാകുന്നതു തുർക്കിയിലെ കുർദുകൾക്കു ആവേശമാകുമെന്നും പ്രക്ഷോഭങ്ങളെ ആളിക്കത്തിക്കുമെന്നും എർദോഗൻ ഭയപ്പെടുന്നു. ഇങ്ങനെയാരു സാഹചര്യത്തെ എന്തുവില കൊടുത്തും തടയാനാണു സിറിയയിലേക്കുള്ള കടന്നുകയറ്റം. രാജ്യം സംരക്ഷിക്കാൻ ‘അതിരുവിടുമ്പോൾ’ എത്രയോ സാധാരണക്കാർ അഭയാർഥികളാവുന്നത് ആരും കാണുന്നില്ലെന്നു മാത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA