ADVERTISEMENT

ബെയ്ജിങ് ∙ ലോകത്തിൽ ഏറ്റവുമധികം ജനസംഖ്യയുള്ള ചൈന ‘രക്തക്കടത്തിന്റെ’ വലിയ വിപണിയായി മാറുന്നു. ചൈനയിൽനിന്നു ഹോങ്കോങ്ങിലേക്കാണു വ്യാപക രക്തക്കടത്ത്. പണത്തിനു വേണ്ടിയല്ല, അടുത്ത തലമുറ വളരണോ എന്നു തീരുമാനിക്കുന്ന നിർണായക തീരുമാനം എടുക്കുന്നതിനാണു ചൈനക്കാർ രഹസ്യമായി രക്തം ഹോങ്കോങ്ങിലേക്കു കടത്തുന്നത്. രാജ്യാന്തര രക്തമാഫിയാ സംഘങ്ങളെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു മാധ്യമങ്ങൾ വെളിപ്പെടുത്തിയത്.

ചൈനയിലെ ഷെന്‍സ്‌ഹെൻ പ്രവിശ്യയെയും ഹോങ്കോങ്ങിനെയും വേർതിരിക്കുന്ന ലുവാഹു ജില്ലയിൽ 2019 ഫെബ്രുവരിയിൽ 12 വയസ്സുകാരിയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. അതിർത്തി കടന്നെത്തുന്ന കുട്ടികളുടെ ബാഗിൽ ആഹാരമോ നോട്ടുബുക്കുകളോ ആണ് സാധാരണ ഉണ്ടാകുകയെന്നതിനാൽ കാര്യമായി പരിശോധിക്കാൻ ഉദ്യോഗസ്ഥര്‍ ആദ്യം തയാറായി‌ല്ല. തിങ്ങിനിറഞ്ഞു വീർത്തിരിക്കുന്ന ബാഗ് കണ്ട് സംശയം തോന്നിയതോടെ തുറന്നു പരിശോധിക്കാൻ തീരുമാനിച്ചു. 142 രക്തസാംപിളുകളാണ് ബാഗിൽനിന്ന് കണ്ടെടുത്തത്. ഗര്‍ഭിണികളായ സ്ത്രീകളുടെ രക്തമാണെന്നു ചോദ്യം ചെയ്യലിൽ കുട്ടി പറഞ്ഞു.

2017 ജൂലൈയിലാണ് ഇത്തരത്തിലുള്ള അറസ്റ്റ് മുൻപു രേഖപ്പെടുത്തിയത്. അതിര്‍ത്തിയിൽ മുടന്തി നീങ്ങികൊണ്ടിരുന്ന മധ്യവയസ്കയെ ഉദ്യോഗസ്ഥർ പരിശോധിച്ചു. ചെറിയ കുപ്പികളിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിരവധി രക്തസാംപിളുകളാണു കണ്ടെടുത്തത്. നാലു ദിവസങ്ങൾക്കുശേഷം മറ്റൊരു സ്ത്രീ കൂടി പിടിയിലായി. വലിയ ബാഗ് നിറയെ സ്ത്രീകളുടെ രക്തസാംപിളുകളായി ഹോങ്കോങ്ങിലേക്കു പോകുകയായിരുന്നു. 203 സാംപിളുകളാണു പിടിച്ചെടുത്തത്.

എന്തിനാണു സ്ത്രീകൾ ഉൾപ്പെടെയുള്ളവർ രക്തസാംപിളുകൾ ഒളിച്ചുകടത്തുന്നത്? 14 മുതൽ 42 ഡോളറാണ് ഒരു സാംപിളിന് ഏജൻസി ഇവർക്കു നൽകിയിരുന്നത്. ചൈനീസ് അതിർത്തി കടത്തി രക്തസാംപിളുകൾ ഇടനിലക്കാരനു കൈമാറുകയെന്നതായിരുന്നു ഇവരുടെ ദൗത്യം. അടുത്തകാലത്തായി സംശയാസ്പദ സാഹചര്യത്തില്‍ നിരവധി സ്ത്രീകളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിൽ എടുത്തുവെങ്കിലും വേണ്ടത്ര തെളിവില്ലാത്തതിനാൽ വിട്ടയച്ചു.

∙ രക്തക്കടത്തിന് വൈബോ വിചാറ്റ്

ഗർഭം ആറോ ഏഴോ ആഴ്ചകൾ പിന്നിടുന്ന സ്ത്രീകളാണു ഹോങ്കോങ്ങിലെ ക്ലിനിക്കുകളിലേക്കു രക്തസാംപിളുകൾ പരിശോധനയ്ക്ക് അയക്കുന്നത്. ഭ്രൂണ ലിംഗ‌നിർണയ പരിശോധനയ്ക്കു ചൈനയിൽ 2002 മുതൽ വിലക്കുണ്ട്. ജനിക്കാനിരിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്നറിയാനാണു ഹോങ്കോങ്ങിൽ പരിശോധന. പെൺകുട്ടിയോ ജനിതക വൈകല്യങ്ങളോ ഉള്ള കുഞ്ഞോ ആണെങ്കിൽ അതോടെ കഥ കഴിഞ്ഞു. ഉടനെ സ്ത്രീകൾ ഗർഭഛിദ്രം നടത്തുന്നതാണു ചൈനയിലെ പൊതുരീതി.

എൻടി സ്കാനിങ്ങിന്റെ കൂടെ നടത്താവുന്ന വേദനരഹിതമായ ആധുനിക പരിശോധനയാണു നോൺ ഇൻവേസീവ് പ്രീനാറ്റൽ ടെസ്റ്റിങ് (എൻെഎപിടി). നൂതനമായ എൻെഎപിടി പരിശോധന രൂപം കൊണ്ട നാടാണു ഹോങ്കോങ്. ലിംഗനിർണയത്തിനു മാത്രമല്ല, 99% ശതമാനം വരെ ഭ്രൂണത്തിന്റെ ക്രോമസോം വൈകല്യങ്ങൾ മുൻകൂട്ടിയറിയുവാനും സാധിക്കും. വൻതുകയാണ് ചൈനക്കാരിൽനിന്ന് ഹോങ്കോങ്ങിലെ ലാബുകൾ ഈടാക്കുന്നത്. 

blood-smuggling
പിടിച്ചെടുത്ത രക്തസാംപിളുകൾ

സ്കാനിങ് റിപ്പോർട്ടും രക്തസാംപിളും എത്തിച്ചാല്‍ കുട്ടി ആണാണോ പെണ്ണാണോ എന്ന വിവരം അറിയിക്കുന്ന സംഘങ്ങൾ മാഫിയയായി ചുവടുമാറാൻ തുടങ്ങിയിട്ട് കാലങ്ങളായി. ചൈനീസ് സമൂഹമാധ്യമം വൈബോയിൽ ഏജൻസികളുടെ നിരവധി പരസ്യങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. മൃഗരൂപത്തിലുള്ള കളിപ്പാട്ടങ്ങളിലോ പ്രത്യേക ബോക്സുകളിലോ രക്തസാംപിളുകൾ ഒളിപ്പിച്ചു കടത്താൻ ഏജൻസികൾ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിശീലനം നൽകാറുണ്ട്. ആശുപത്രിയിൽ എത്തിയോ നഴ്സുമാരെ വീട്ടിലെത്തിച്ചോ സാംപിളുകൾ എടുത്തശേഷം ഏജന്റുമാർ വഴി ഹോങ്കോങിൽ എത്തിക്കും.

അതിർത്തിയിൽ പരിശോധന കർക്കശമാക്കിയതോടെ കുറിയറിലൂടെ രക്തസാംപിളുകൾ അയക്കുന്നതും കൂടി. ഇടപാടുകാരനെന്ന വ്യാജേന രാജ്യാന്തര മാധ്യമം രക്തക്കടത്ത് ഏജൻസിയുമായി വിചാറ്റ് അക്കൗണ്ടിലൂടെ നടത്തിയ ചാറ്റിന്റെ വിശദാംശങ്ങൾ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. 2002 ലെ നിയമം മൂലമാണ് ഭ്രൂണലിംഗ നിർണയ പരിശോധന ചൈനയിൽ കർശനമായി നിരോധിച്ചത്. 2017 മുതൽ ഹോങ്കോങ്ങിലേക്കുള്ള രക്തക്കടത്ത് നിയമം മൂലം നിരോധിച്ചുവെങ്കിലും ഭ്രൂണലിംഗ നിർണയ പരിശോധനയോ രക്തക്കടത്തോ തടയാൻ കഴിഞ്ഞില്ല.

ഡോക്ടറുടെ നിര്‍ദേശം ഉണ്ടെങ്കില്‍ മാത്രമേ രക്തപരിശോധന നടത്താവൂ എന്നാണ് ഹോങ്കോങ്ങിലെ നിയമം. പക്ഷേ, സ്വകാര്യ ക്ലിനിക്കുകളും രക്തക്കടത്ത് മാഫിയാ സംഘവും ചേർന്നു നിയമം അട്ടിമറിച്ചു പണം കൊയ്തെടുക്കുകയാണ്. നാഷനൽ യുണിവേഴ്സ്റ്റി ഓഫ് സിംഗപ്പൂരിന്റെ പഠനം അനുസരിച്ച് 1970 മുതൽ 2017 വരെ കാലയളവിൽ ചൈനയിൽ 12 ലക്ഷത്തോളം പെൺഭ്രൂണഹത്യകൾ നടന്നിട്ടുണ്ടെന്നാണു കണക്ക്. അതിനു കാരണമായതാകട്ടെ അനധികൃത പരിശോധനയും.

∙ ചൈനയ്ക്ക് വയസ്സാകുന്നു

40 വർഷമായി രാജ്യത്തു തുടരുന്ന നയത്തിന്റെ ഭാഗമായി ജനസംഖ്യയിലെ ഭൂരിഭാഗവും പ്രായമായവരാണ്. 2050 ഓടെ ജനസംഖ്യയുടെ 44 ശതമാനവും വൃദ്ധരാകുമെന്നാണ് ഐക്യരാഷ്ട്ര സംഘടന കണക്കാക്കുന്നത്. രാജ്യത്തെ തൊഴിൽശക്തിയിലും ഗണ്യമായ കുറവുണ്ടായതോടെ ചൈന ഒറ്റക്കുട്ടി നയം 2015ൽ ഭാഗികമായി എടുത്തുകളഞ്ഞിരുന്നു. ഒറ്റക്കുട്ടി നയം ലംഘിക്കുന്നവർക്കു തൊഴിൽ നൽകാതിരിക്കുക, നിര്‍ബന്ധിത ഗർഭഛിദ്രം, വലിയ പിഴ, രണ്ടാമതൊരു കുട്ടി വേണമെന്നുള്ളവര്‍ക്ക് ബോധവല്‍ക്കരണം തുടങ്ങിയ നീക്കങ്ങൾ റദ്ദാക്കി. പതിറ്റാണ്ടുകളായുള്ള ജനസംഖ്യാ നിയന്ത്രണ ആഹ്വാനങ്ങളും വർധിച്ച ചെലവും കാരണം ഒറ്റക്കുട്ടി മതിയെന്ന നിലപാടാണു ചൈനക്കാർ.

ഒന്നിലധികം കുട്ടികളെ വളര്‍ത്താനുള്ള സാമ്പത്തിക സ്ഥിതി, വിദ്യാഭ്യാസ ചെലവ് തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടി നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ‘ഒറ്റക്കുട്ടി നയ’ത്തിൽ തുടരാൻ തീരുമാനിച്ചതോടെ ചൈന പ്രതിരോധത്തിലായി. ചൈനീസ് ജനതയ്ക്ക് ഒറ്റ കുഞ്ഞുമതി, അത് ആൺകുട്ടി തന്നെയാകണമെന്നു ദമ്പതികൾ നിലപാട് എടുത്തു. ഇതോടെയാണു ഭ്രൂണലിംഗ നിർണയ പരിശോധനയ്ക്കായി രക്തസാംപിളുകൾ ഹോങ്കോങ്ങിൽ പ്രവർത്തിക്കുന്ന ക്ലിനിക്കുകളിലേക്ക് അയക്കാൻ സഹായിക്കുന്ന മാഫിയകൾ രൂപം കൊണ്ടത്. ജനാധിപത്യാവകാശങ്ങൾക്കായി പോരാടുന്ന പ്രക്ഷോഭകരേക്കാൾ ഹോങ്കോങ്ങിൽ പ്രവർത്തിക്കുന്ന ഇത്തരം ക്ലിനിക്കുകൾ ചൈനയുടെ ഉറക്കം കെടുത്തുകയാണ്.

ഭ്രൂണലിംഗ നിർണയ പരിശോധന നിർബാധം നടക്കുകയും പെൺകുഞ്ഞാണെങ്കിൽ യാതൊരു ദയയുമില്ലാതെ െകാലക്കത്തിക്കു ഇരയാകുന്നതു തുടരുകയും ചെയ്തതോടെ ശിശുജനന നിരക്കിൽ ചൈന പിന്നോട്ടു പോയി. ഭ്രൂണലിംഗ നിർണയ പരിശോധനയ്ക്കായി ഹോങ്കോങ്ങിലേക്കു രക്തം കടത്താൻ സഹായിക്കുന്ന ഏജൻസികൾ ചൈന തദ്ദേശീയമായി വികസിപ്പിച്ച സമൂഹമാധ്യമായ വൈബോയാണു തട്ടകമായി തിരഞ്ഞെടുത്തത്. വൈബോയിൽ 3,80,000 പേർ പിന്തുടർന്ന ഏജൻസി ഏകദേശം 35,000 രൂപയാണ് ഓരോ ഇടപാടിനും ഈടാക്കുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഭരണകൂടം സമ്മർദത്തിലായി.

1979 ലാണ് ചൈന ഒറ്റക്കുട്ടി നയം നടപ്പാക്കിയത്. 1950 കളിൽ തന്നെ ഈ തീരുമാനം നടപ്പാക്കാൻ തീരുമാനിച്ചെങ്കിലും 1959 മുതല്‍ 1961 വരെയുണ്ടായ കടുത്ത ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ വൈകിപ്പിച്ചു. 1979 മുതല്‍ ഒറ്റക്കുട്ടി നയം ചൈന അക്രമാസക്തമായി നടപ്പാക്കി. 1980 കളിൽ നിയമത്തിൽ ചില ഇളവു വരുത്തി. 2000ൽ ജനസംഖ്യ 140 കോടിയിൽ എത്തിയതോടെ ഒന്നിൽ കൂടുതൽ കുഞ്ഞുങ്ങളെ ജനിപ്പിക്കുന്ന ദമ്പതികൾ രാഷ്ട്രത്തിന്റെ ശത്രുക്കളായി മാറി. 2006 ൽ ചില പ്രവിശ്യകളിൽ ഈ നിയമത്തിനു അയവുണ്ടായി.

2013ല്‍ രക്ഷിതാക്കള്‍ അവരുടെ അച്ഛനമ്മമാരുടെ ഒറ്റക്കുട്ടികളാണെങ്കില്‍ അവര്‍ക്ക് രണ്ടു കുഞ്ഞുങ്ങളാകാമെന്ന ഇളവ് അനുവദിച്ചു. 2015 ഓടെ ഒന്നിൽ കൂടുതൽ കുഞ്ഞുങ്ങൾക്കു ജൻമം നൽകി രാഷ്ട്രത്തിനു പുതുജീവൻ നൽകാൻ ഭരണകൂടം പൗരൻമാരോട് അഭ്യർഥിച്ചു. ഒറ്റക്കുട്ടി നയം വഴി 40 കോടി ജനനങ്ങള്‍ തടഞ്ഞുവെന്ന് ഒരിക്കൽ ലോകത്തോട് അഹങ്കാരത്തോട് വിളിച്ചുപറഞ്ഞ ചൈന സ്വരം മാറ്റി. ഒന്നിൽ കൂടുതൽ കുഞ്ഞുങ്ങളെ ഒളിപ്പിച്ചു വളർത്തിയിരുന്ന ഭൂതകാലമുള്ള ചൈനീസ് ജനത, ഭരണകൂടം അനുവദിച്ചിട്ടും കൂടുതൽ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്യാത്തതാണ് അധികൃതരുടെ ഇപ്പോഴത്തെ തലവേദന.

child-china-new

ഗര്‍ഭ നിരോധന ഉറകളുടെയും ഗുരുതര പാര്‍ശ്വഫലങ്ങളുള്ള മരുന്നുകളുടെയും വലിയ വിപണിയായി ചൈനയെ മാറ്റിയ, രാജ്യത്തെ സ്ത്രീ– പുരുഷ അനുപാതത്തിൽ ഗുരുതരമായ അന്തരമുണ്ടാക്കിയ ഒറ്റക്കുട്ടി നയം പൊളിച്ചെഴുതാനുള്ള പെടാപ്പാടിലാണു ചൈന. 121 പുരുഷൻമാർക്ക് 100 സ്ത്രീകൾ എന്ന നിലയിലാണ് ചൈനയിലെ സ്ത്രീ– പുരുഷ അനുപാതം. ഒറ്റക്കുട്ടി നയം വാശിപിടിച്ച് നടപ്പാക്കാനായി സ്ഥാപിച്ച ഗർഭഛിദ്ര കേന്ദ്രങ്ങൾ സർക്കാർ തന്നെ ഇടിച്ചുനിരത്തി.

കംബോഡിയയില്‍ നിന്നോ ലാവോസില്‍ നിന്നും െതാഴിൽ വീസയിൽ പെൺകുട്ടികളെ കൊണ്ടുവന്നു ചൈനീസ് യുവാക്കൾ കല്യാണം കഴിക്കാൻ ക്യൂ നിൽക്കുന്ന സാഹചര്യമാണിപ്പോൾ. യുഎന്‍ കണക്കുപ്രകാരം 2050 ഓടെ ചൈനയില്‍ 60 കഴിഞ്ഞവരുടെ എണ്ണം 440 ദശലക്ഷം ആകും. ഒറ്റക്കുട്ടി നയം തെറ്റായിരുന്നുവെന്നു മനസിലാക്കാൻ ചൈനയ്ക്ക് 40 കൊല്ലം വേണ്ടിവന്നു. തെറ്റായ നയത്തിന്റെ പേരിൽ, ജനിക്കുംമുമ്പേ െകാല്ലപ്പെട്ട പെൺകുഞ്ഞുങ്ങളുടെ ചോരയ്ക്ക് ഇനിയെങ്കിലും പ്രായശ്ചിത്തം ചെയ്യുമോ ചൈന?

English Summary: Blood smuggling in China: Why pregnant women are breaking the law to find out their babies' sex

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com