ADVERTISEMENT

തിരുവനന്തപുരം ∙ അഞ്ചു മണ്ഡലങ്ങളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിന് അഞ്ചു ദിവസം ശേഷിക്കെ, ശക്തിപ്രകടനത്തിനൊരുങ്ങി സാമുദായിക സംഘടനകളും വിജയ പരാജയങ്ങളെ അതെങ്ങനെ ബാധിക്കുമെന്ന കണക്കുകൂട്ടലില്‍ മുന്നണികളും. തിരഞ്ഞെടുപ്പില്‍ സമദൂരമല്ല ശരിദൂരമാണെന്നു വ്യക്തമാക്കിയ എന്‍എസ്എസ്, യുഡിഎഫിനാണ് പിന്തുണ നല്‍കുന്നതെന്നു പറയാതെ പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫിനായി പ്രചാരണത്തിനിറങ്ങാന്‍ കരയോഗങ്ങള്‍ക്കു നിര്‍ദേശമുണ്ട്. പാലായില്‍ ഇടതു മുന്നണിക്ക് അനുകൂല നിലപാടെടുത്ത എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എല്ലാ മുന്നണികളോടും ഒരേ നിലപാടാണെന്നു പ്രഖ്യാപിച്ചെങ്കിലും സമുദായത്തിന്റെ സഹായം എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു.

സഭാ തര്‍ക്കത്തില്‍ മുന്നണികള്‍ സ്വീകരിച്ച നിലപാടും തിരഞ്ഞെടുപ്പിലെ വിജയ പരാജയങ്ങളുടെ ഘടകമാകാം. വട്ടിയൂര്‍ക്കാവിലും കോന്നിയിലും എന്‍എസ്എസ് നിലപാടുകള്‍ വിജയപരാജയങ്ങളെ സ്വാധീനിക്കാം. അരൂരില്‍ എസ്എന്‍ഡിപി, മുസ്‌ലിം സമുദായ വോട്ടുകള്‍ ആര്‍ക്കു ലഭിക്കുന്നുവെന്നത് നിര്‍ണായകമാണ്. എറണാകുളത്തും കോന്നിയിലും ക്രൈസ്തവ സഭകളുടെ നിലപാടുകള്‍ക്കു പ്രാധാന്യമുണ്ട്.

ശബരിമല വിഷയത്തിലാണ് മുന്നണികളുടെ വാദപ്രതിവാദങ്ങള്‍ വീണ്ടും എത്തിനില്‍ക്കുന്നത്. ശബരിമലയിലും സാമുദായിക ഘടകങ്ങളിലും സ്പര്‍ശിക്കാതെ സര്‍ക്കാരിന്റെ വികസനത്തിലൂന്നിയുള്ള പ്രചാരണത്തിനാണ് എല്‍ഡിഎഫ് ശ്രമം. എന്നാല്‍ ശബരിമല പ്രചാരണ വിഷയമാക്കാനാണ് യുഡിഎഫ് തീരുമാനം. ശബരിമല ചര്‍ച്ചയാക്കാനില്ലെന്നു ബിജെപി നേതൃത്വം നിലപാട് വ്യക്തമാക്കിയെങ്കിലും അവര്‍ക്കും ശബരിമല വിഷയത്തില്‍ മറുപടി പറയേണ്ടി വരുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അടുത്തമാസം 17ന്, അതായത് വൃശ്ചികം ഒന്നിനാണ് വിരമിക്കുന്നത്. അതിനു മുന്‍പ് സുപ്രീംകോടതി വിധി വരാനാണ് എല്ലാ സാധ്യതയും. വിധി സര്‍ക്കാര്‍ നിലപാടുകള്‍ക്ക് അനുകൂലമായാലും പ്രതികൂലമായാലും അതിന്റെ തുടര്‍ ചലനങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പിനെയും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെയും ബാധിക്കും.

ആരെ തുണയ്ക്കും മഞ്ചേശ്വരം, വിഡിയോ സ്റ്റോറി കാണാൻ ക്ലിക്ക് ചെയ്യൂ....

ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളോടാണ് എന്‍എസ്എസിന് എതിര്‍പ്പ്. മുന്നാക്ക സമുദായങ്ങള്‍ക്കായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അവര്‍ പറയുന്നു. നവോത്ഥാനത്തിന്റെ പേരു പറഞ്ഞു രാഷ്ട്രീയ നേട്ടത്തിനായി സവര്‍ണ-അവര്‍ണ ചേരിതിരിവുണ്ടാക്കുന്നതായും ആരോപിക്കുന്നു. വിശ്വാസം സംരക്ഷിക്കുന്നതില്‍ ആത്മാര്‍ഥ നിലപാടെടുക്കാത്ത കേന്ദ്ര സര്‍ക്കാരിനെയും സംഘടന വിമര്‍ശിക്കുന്നു.

എന്‍എസ്എസ് നിലപാട് തിരഞ്ഞെടുപ്പില്‍ അനുകൂലമാകുമെന്നു യുഡിഎഫ് കരുതുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലേതുപോലുള്ള തിളക്കമുള്ള വിജയമാണ് അവരുടെ മനസ്സില്‍. അഞ്ചില്‍ നാലു മണ്ഡലങ്ങളും ഇപ്പോള്‍ യുഡിഎഫിന്റെ കൈവശമാണെന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ അരൂർ നിയമസഭാ മണ്ഡലത്തിൽ 648 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചത് അവർ പ്രതീക്ഷയോടെയാണു കാണുന്നത‌്. സര്‍ക്കാരിനെതിരെയുള്ള ജനരോഷം വോട്ടായി മാറുമെന്നും കണക്കുകൂട്ടുന്നു.

വട്ടിയൂര്‍ക്കാവില്‍ 40 ശതമാനത്തോളമുള്ള എന്‍എസ്എസ് വോട്ടുകളില്‍ ഭൂരിഭാഗവും നേടാന്‍ കഴിയുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ. പരമ്പരാഗതമായി ലഭിക്കുന്ന ക്രൈസ്തവ വോട്ടുകള്‍ ഇത്തവണയും നേടാനാകുമെന്നും നേതൃത്വം പറയുന്നു. സമുദായങ്ങളുടെ പിന്തുണയിലും പരമ്പരാഗത വോട്ടു ബാങ്കിലുമാണ് കോന്നിയിലെ പ്രതീക്ഷ. ഉറച്ച മണ്ഡലമായ എറണാകുളത്ത് അട്ടിമറി പ്രതീക്ഷിക്കുന്നില്ല. എസ്എന്‍ഡിപി എതിര്‍ക്കാത്തതും മുസ്‌ലിം സമുദായത്തിന്റെ പിന്തുണയിലുമാണ് അരൂരിലെ പ്രതീക്ഷ. ഒപ്പം ഷാനിമോള്‍ ഉസ്മാന് അനുകൂലമായി സഹതാപ തരംഗമുണ്ടെന്നും വിശ്വസിക്കുന്നു. ലീഗിന്റെ കയ്യിലുള്ള മഞ്ചേശ്വരത്തെപ്പറ്റി തെല്ലുമില്ല ആശങ്ക.

എന്‍എസ്എസിന്റെ എതിര്‍പ്പിനിടെ തിരഞ്ഞെടുപ്പിനെ നേരിടുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഊന്നിയാണ് മുന്നോട്ടു പോകുന്നത്. ശബരിമല വിഷയത്തില്‍ സ്പര്‍ശിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നു. ശബരിമല വിഷയത്തില്‍ യുഡിഎഫിന്റെയും ബിജെപിയുടെയും വാഗ്ദാനങ്ങളിലെ പൊള്ളത്തരങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലായെന്നു നേതൃത്വം പറയുന്നു.

ജാതിചിന്തകള്‍ക്ക് അപ്പുറമുള്ള പരിഗണനകളാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍പോലും നല്‍കിയതെന്നാണ് അവകാശവാദം. എന്‍എസ്എസ് സര്‍ക്കാരിനെതിരെ നിലപാട് എടുത്താലും സമുദായ അംഗങ്ങളുടെ വോട്ടുകള്‍ കൂട്ടത്തോടെ യുഡിഎഫിനു പോകില്ലെന്നു നേതൃത്വം കരുതുന്നു. വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയായ പ്രശാന്തിന്റെ ജനസമ്മതിയിലാണ് പ്രതീക്ഷ. സംഘടനാ സംവിധാനം വട്ടിയൂര്‍ക്കാവില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. കോന്നി ആഞ്ഞുപിടിച്ചാല്‍ ഒപ്പംപോരുമെന്ന പ്രതീക്ഷയുണ്ട്. അവിടെ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. മണ്ഡലത്തിലെ എസ്എന്‍ഡിപി നിലപാട് അനുകൂലമാണ്.

അരൂരില്‍ കോണ്‍ഗ്രസിലെ തര്‍ക്കങ്ങളില്‍ പ്രതീക്ഷയും എല്‍ഡിഎഫ് സംഘടനാ സംവിധാനത്തില്‍ വിശ്വാസവുമുണ്ട്. എംഎല്‍എ ആയിരുന്ന ആരിഫ് പ്രചാരണത്തിനു നേതൃത്വം നല്‍കുന്നു. എറണാകുളത്തും മഞ്ചേശ്വരത്തും ശക്തമായ മത്സരം കാഴ്ചവയ്ക്കാമെന്നാണ് പ്രതീക്ഷ. കോണ്‍ഗ്രസിന്റെ ഒരു സീറ്റെങ്കിലും പിടിക്കാനായാല്‍ വരുന്ന തിരഞ്ഞെടുപ്പുകളെ നേരിടാന്‍ ഊര്‍ജമാകുമെന്നും ഇടതുനേതൃത്വം കരുതുന്നു.

ശബരിമലയാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രധാന പ്രചാരണ വിഷയമാക്കിയതെങ്കില്‍ ഇത്തവണ വിശ്വാസ സംരക്ഷണം ആയുധമാക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ആചാര സംരക്ഷണത്തിനു നിയമം നിര്‍മിക്കാതെ കബളിപ്പിച്ചെന്ന് എന്‍എസ്എസും മുന്നണികളും ആരോപിക്കുമ്പോള്‍ കോടതിവിധി വന്നശേഷം തീരുമാനിക്കാമെന്നാണ് നേതൃത്വത്തിന്റെ മറുപടി. എന്‍എസ്എസ് പിന്തുണ ലഭിക്കാത്തത് തിരിച്ചടിയാണ്. ബിഡിജെഎസ് മുന്നണിയിലുണ്ടെങ്കിലും സജീവമല്ല. കെ.സുരേന്ദ്രന്‍ മത്സരിക്കുന്നതിനാല്‍ കോന്നിയിലും പാര്‍ട്ടിക്ക് ശക്തിയുള്ള മഞ്ചേശ്വരത്തും പ്രതീക്ഷയുണ്ട്.

English Summary: How religious influence affect Kerala five assembly seats byelections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com