ADVERTISEMENT

ചൈൽഡ് പോർണോഗ്രഫിയുമായി (കുട്ടികളുൾപ്പെട്ട നീലച്ചിത്രം) ബന്ധപ്പെട്ടൊരു കേസിന്റെ തുമ്പ് പിടിച്ച് ജർമൻ പൊലീസ് അന്വേഷിച്ചെത്തിയത് എവിടെയാണെന്നോ? ഇന്ത്യയിൽ! ആഗോള പീഡോഫീലിയ റാക്കറ്റിന്റെ മുൻനിരയിലുള്ള രാജ്യമായിരിക്കുന്നു ഇന്ത്യയും. റാക്കറ്റിന്റെ ഭാഗമായ, വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഏഴു പേർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുകയാണു സിബിഐ. കുട്ടികളുടെ നഗ്നചിത്രങ്ങൾ വ്യാപകമായി പങ്കുവയ്ക്കുന്ന സമൂഹമാധ്യമ ഗ്രൂപ്പുകളിൽ‌ അംഗങ്ങളായി മലയാളികളും ഉണ്ടെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിരിക്കുന്നു. വളരെ കുറഞ്ഞ പണത്തിന് ഇഷ്ടംപോലെ ഇന്റർനെറ്റ് ലഭ്യമായതോടെ നമുക്കു ചുറ്റും എന്താണു സംഭവിക്കുന്നത്? നമ്മുടെ കുട്ടികൾ സുരക്ഷിതരാണോ?

വ്യാജ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കപ്പെട്ടതിന്റെ ആഘാതത്തിൽ മേയിൽ ഒരു കൗമാരക്കാരി ഭുവനേശ്വറിൽ ആത്മഹത്യ ചെയ്തതു മറക്കാറായിട്ടില്ല. കുറച്ചു ചെറുപ്പക്കാരാണു സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. പെൺകുട്ടി കൂട്ടുകാരോടൊപ്പം ഫോട്ടോ എടുക്കാനായി ഗ്രാമത്തിലെ സ്റ്റുഡിയോയിൽ പോയിരുന്നു. ഈ ഫോട്ടോകളിൽ കൃത്രിമത്വം വരുത്തി ഫൊട്ടോഗ്രാഫർ അമർ ദാസും സഹായി രാഷ്മി രഞ്ജൻ മാല്ലിക്കും പോൺ വിഡിയോ തയാറാക്കി. പെൺകുട്ടിയെ ബ്ലാക്മെയിൽ ചെയ്യുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കിടുകയും ചെയ്തു. തന്റെ ദൃശ്യങ്ങൾ വൈറലായെന്ന് അറിഞ്ഞതോടെ പെൺകുട്ടി ജീവനൊടുക്കുകയായിരുന്നു. കുട്ടിയുടെ അമ്മ പരാതി നൽകിയതനുസരിച്ചു ഫൊട്ടോഗ്രാഫർ ഉൾപ്പെടെ നാലുപേർക്കെതിരെ പത്‌കുറ പൊലീസ് കേസെടുത്തു.

എന്തു തിരഞ്ഞാലും കാണിച്ചുതരുന്ന ഗൂഗിൾ, ചൈൽഡ് പോർണോഗ്രഫി എന്നു സെർച്ച് ചെയ്യുമ്പോൾ വലിയ ജാഗ്രതയിലാകും. സജസ്റ്റഡ് വാക്കുകൾ കാണിക്കില്ല, ഓട്ടോ സജഷൻ പ്രവർത്തിക്കില്ല, പ്രതീകാത്മക ദൃശ്യവും കാണാനാകില്ല. ഒരറിയിപ്പാണു പ്രത്യക്ഷപ്പെടുക. ‘കുട്ടികളുടെ ലൈംഗിക ചിത്രങ്ങൾ കാണുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.’ കുറ്റകൃത്യങ്ങൾ അറിയിക്കേണ്ട ഫോൺനമ്പരും വിലാസവും കാണിക്കും. അത്രയ്ക്കു കർശനമായാണു രാജ്യാന്തര സമൂഹം ചൈൽഡ് പോർണാഗ്രഫിയെ കാണുന്നത്. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിൽ എണ്ണൂറിലേറെ അശ്ലീല വെബ്സൈറ്റുകൾ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. അതൊന്നും ഒട്ടും ബാധിക്കാത്ത തരത്തിലാണു ‘പീഡോഫൈൽ മാഫിയ’ പ്രവർത്തിക്കുന്നത്.

2017ലെ ഒരു പഠനം അനുസരിച്ച് ആഗോള തലത്തിൽ ബാല ലൈംഗികതയുടെ വിതരണക്കാരും കാഴ്ചക്കാരുമായി മുന്നേറുന്ന രാജ്യമാണ് ഇന്ത്യ. ലോക രാഷ്ട്രങ്ങൾ ബാല ലൈംഗികതയ്ക്കെതിരെ നടപടികൾ ശക്തമാക്കുമ്പോഴാണ് ഇന്ത്യ വിപരീത ദിശയിൽ കുതിക്കുന്നത്. രാജ്യത്ത് ഓരോ 40 മിനിറ്റിലും നിയമവിരുദ്ധമായ ബാല അശ്ലീല വിഡിയോ സൃഷ്ടിക്കപ്പെടുന്നു. ഇതു രണ്ടു വർഷം മുൻപത്തെ കണക്കാണ്, ഇപ്പോൾ ഇടവേള എത്രയോ കുറഞ്ഞിരിക്കാം. മലയാളികളെ ഞെട്ടിപ്പിക്കുന്ന മറ്റൊരു കണക്കുണ്ട്. ചൈൽഡ് പോർണോഗ്രഫി അപ്‍ലോഡ് ചെയ്യുന്ന ഇന്ത്യക്കാരിൽ ഏറ്റവും മുന്നിൽ പ്രബുദ്ധ കേരളമാണ്; കാണുന്നവരിൽ ഹരിയാനയും. അസം, ബിഹാർ, പഞ്ചാബ്, ഡൽഹി, ബംഗാൾ എന്നിവയും കുട്ടി ലൈംഗികതയോട് ആസക്തിയുള്ള നാടുകളാണ്.

പാക്ക് അഡ്മിൻ, മലയാളി അംഗങ്ങൾ

കുട്ടികളുടെ നഗ്നചിത്രങ്ങൾ പങ്കുവയ്ക്കുന്ന, പാക്കിസ്ഥാനികൾ അഡ്മിൻമാരായ ഗ്രൂപ്പുകളിൽ‌ അംഗങ്ങളായി മലയാളികളുമുണ്ടെന്നു കേരള പൊലീസ് പറയുന്നു. കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണം തടയാൻ കേരള പൊലീസ് ആരംഭിച്ച പ്രത്യേക വിഭാഗം ഇന്റർപോളിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ‘ഓപ്പറേഷൻ പി ഹണ്ടിന്റെ’ ഭാഗമായി നടത്തിയ പരിശോധനയിൽ കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്ന നിരവധി ഗ്രൂപ്പുകൾ കണ്ടെത്തി. പാക്കിസ്ഥാൻ‌ ഫോൺ നമ്പരുകൾ അഡ്മിൻമാരായ സമൂഹമാധ്യമ ഗ്രൂപ്പുകളെ സംബന്ധിച്ച വിവരങ്ങൾ കേരള പൊലീസ് ഇന്റർപോളിനു കൈമാറി. മലയാളികൾ അഡ്മിൻമാരായ ഗ്രൂപ്പുകളിൽ പാക്കിസ്ഥാനികളുമുണ്ടെന്നാണു വിവരം.

ഈ ഗ്രൂപ്പുകളിൽ സജീവമായ കേരളത്തിൽ നിന്നുള്ള 126 അംഗങ്ങളെ തിരിച്ചറിഞ്ഞതിൽ 12 പേരെ കഴിഞ്ഞ ദിവസം എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. കേരളത്തിൽ ഓൺലൈൻ ചൈൽഡ് പോർണോഗ്രഫി അതിവേഗത്തിൽ പടരുകയാണെന്നു സൈബർ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്ന കേരള പൊലീസിന്റെ സൈബർഡോം നോഡൽ ഓഫിസർ കൂടിയായ മനോജ് എബ്രഹാം ചൂണ്ടിക്കാട്ടി. കഴിഞ്ഞവർഷം മൂന്നു റെയ്ഡുകൾ നടത്തി 38 പേരെ അറസ്റ്റ് ചെയ്തു. ഈ മാസം 12ന് ആയിരുന്നു ഒടുവിൽ റെയ്ഡ് നടന്നത്. പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പെടെ 12 പേർ പിടിയിലായി. കുട്ടികളുടെ നഗ്നദൃശ്യങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്നതാണ് ഇവർക്കെതിരായ കുറ്റം.

50,000 അംഗങ്ങളുള്ള നിരവധി ഗ്രൂപ്പുകൾ പൊലീസ് നിരീക്ഷണത്തിലാണ്. പൊലീസ് പിന്നിലുണ്ടെന്നു മനസ്സിലായതിനാൽ ഇരുപത്തിയ്യായിരത്തോളം പേർ ഗ്രൂപ്പുകളിൽനിന്നു പിൻവാങ്ങി. റെയ്ഡുകളും അറസ്റ്റു തുടർന്നിട്ടും ആളുകൾ ഇത്തരം ഗ്രൂപ്പുകളിൽ തുടരുന്നതിൽ മാനസികപ്രശ്നം കൂടിയുണ്ട്. പിഡോഫൈലുകൾ മറ്റു കുറ്റകൃത്യങ്ങളിൽ ഭാഗമാകാത്തതിനാൽ പൊതുവെ പൊലീസിന്റെ റഡാറിൽ വരാറില്ല. ക്രിമിനൽ പശ്ചാത്തലമില്ലാത്ത ഇവർ മിക്കവരും ഓൺലൈനിൽ സജീവമായിരിക്കും. ലോകമാകമാനം അംഗങ്ങളുള്ള സമൂഹമാധ്യമ ഗ്രൂപ്പുകളിലൂടെയാണു ബാല ലൈംഗിക പ്രചരിക്കുന്നത്.

ഇതിൽ കേരളത്തിൽനിന്നുള്ള ഗ്രൂപ്പുകളും ശക്തമാണ്. മുഴുവൻ സമയവും ഈ ഗ്രൂപ്പുകൾ പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആറു വയസ്സിനു മുകളിൽ പ്രായമുള്ളവരാണു വൈകൃതങ്ങൾക്ക് ഇരകളാകുന്നത്. ലൈംഗിക ദൃശ്യങ്ങളിലുള്ള കുഞ്ഞുങ്ങളെ കണ്ടെത്തുന്നതു പ്രധാനപ്പെട്ടതാണ്. കേരള പൊലീസിനെ ഇക്കാര്യത്തിൽ പരിശീലിപ്പിക്കാമെന്ന് ഇന്റർപോൾ സമ്മതിച്ചിട്ടുണ്ടെന്നും മനോജ് എബ്രഹാം വ്യക്തമാക്കി. കുട്ടികളുടെ നഗ്നചിത്രങ്ങൾ കാണുകയോ പ്രചരിപ്പിക്കുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ചു വർഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

മണ്ണുത്തിയിലെ ‘പോൺ എൻജിനീയർ’

കേരളത്തിൽ ഓരോ മണിക്കൂറിലും 30 മുതൽ 40 വരെ ആളുകൾ കുട്ടികളുടെ ദൃശ്യങ്ങൾ കാണുന്നതിനും ഡൗൺലോഡ് ചെയ്യുന്നതിനുമായി വെബ്സൈറ്റുകൾ സന്ദർശിക്കുന്നുണ്ടെന്നാണു കണക്ക്. ഇന്റർപോളിൽനിന്നു ലഭിച്ച രഹസ്യ വിവരമ‍ാണ് ഇക്കഴിഞ്ഞ ഏപ്രിലിൽ മണ്ണുത്തിയിലേക്കു പൊലീസിനെ നയിച്ചത്. അവിടെയൊരു സോഫ്റ്റ്‌വെയർ എൻജിനീയറുടെ കംപ്യൂട്ടറിൽ നിന്നു ബാല അശ്ലീല വെബ്സൈറ്റുകളിലേക്കു നിരന്തരം ബന്ധപ്പെടുന്നുവെന്നായിരുന്നു വിവരം. ഐപി അഡ്രസിൽനിന്നു വിവരങ്ങൾ ചികഞ്ഞെടുത്തു കംപ്യൂട്ടറിന്റെ ഉടമയെ സൈബർസെൽ കണ്ടെത്തി. സൈബർ സെൽ വിദഗ്ധനെ ഒപ്പംകൂട്ടി പൊലീസ് സംഘം എൻജിനീയറുടെ വീട്ടിലെത്തി.

മുറി അരിച്ചു പെറുക്കിയപ്പോൾ ഒട്ടേറെ ഹാർഡ് ഡിസ്കുകൾ കണ്ടെത്തി. ഏകദേശം നാലു ടിബി (ടെറാബൈറ്റ്) വരെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സംഭരിച്ചവയായിരുന്നു ഡിസ്കുകൾ. 1024 ജിബിയാണ് ഒരു ടിബി എന്നറിയുമ്പോഴാണു ദൃശ്യശേഖരത്തിന്റെ വലുപ്പമറിയുക. മാസങ്ങളെടുത്തു പരിശോധിച്ചാലും തീരാത്തത്ര ദൃശ്യങ്ങൾ. ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവയും ഇയാളിൽനിന്നു പിടിച്ചെടുത്തു. സുരക്ഷിതമെന്നു തെറ്റിദ്ധരിച്ചു രഹസ്യ ബ്രൗസറ‍ുകൾ വഴി കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുകയും കൈമാറുകയും ചെയ്യുന്നവരുടെ സംഘങ്ങൾ സജീവമാകുന്നുവെന്ന നിഗമനത്തിന്റെ തെളിവായാണ് ഈ സംഭവത്തെ പൊലീസ് കണ്ടത്.

സോഫ്റ്റ്‌വെയർ എൻജിനീയറുടെ വീട്ടിൽനിന്നു പിടിച്ചെടുത്ത ഹാർഡ് ഡിസ്കുകളിൽ പതിനായിരക്കണക്കിനു ദൃശ്യങ്ങളാണു സംഭരിച്ചിരുന്നത്. ഇവയെല്ലാം വിദേശ നിരോധിത വെബ്സൈറ്റുകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്തതാണ്. ഇയാളുടെ ലാപ്ടോപ് കംപ്യൂട്ടറിലും മൊബൈൽ ഫോണിലുമെല്ലാം ദൃശ്യങ്ങളുണ്ട്. എന്നാൽ, ദൃശ്യങ്ങൾ ചിത്രീകരിച്ച് അപ്‌ലോഡ് ചെയ്തിട്ടില്ലെന്നാണു പ്രാഥമിക സൂചന. മണ്ണുത്തിക്കു പുറമെ മുളങ്കുന്നത്തുകാവ്, കുന്നംകുളം, ഗുരുവായൂർ എന്നിവിടങ്ങളിലും അന്നു റെയ്ഡ് നടന്നു. ഇന്റർപോൾ നൽകിയ ഐപി അഡ്രസുകളിൽ ഇവിടങ്ങളിൽ നിന്നുള്ള കംപ്യൂട്ടറുകളും ഉൾപ്പെട്ടിരുന്നു.

രഹസ്യ ബ്രൗസറിലും കുടുങ്ങും

കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ രഹസ്യ ബ്രൗസറുകളാണു കൂടുതലും ഉപയോഗിക്കുന്നത്. അതീവ സാങ്കേതിക ജ്ഞാനമുള്ളവർക്കു മാത്രമാണ് സാധാരണ ഇത്തരം ബ്രൗസറുകൾ ഉപയോഗിക്കാനാവുക. ചില അശ്ലീല വെബ്സൈറ്റുകളിൽ പോപ് അപ് ചെയ്തു വരുന്ന വിൻഡോകളിലൂടെ സഞ്ചരിച്ച് കീ വേഡുകൾ ഉപയോഗിച്ചു പല സൈറ്റുകളിലൂടെ കടന്ന് ഇത്തരം നിരോധിത വെബ്സൈറ്റുകളിൽ എത്തുന്ന വിധമാണു പ്രവർത്തനം. ഒരുവട്ടം എന്തെങ്കിലും ഡൗൺലോഡ് ചെയ്താൽ വലിയ ശൃംഖലയുടെ ഭാഗമായി മാറും, ഡേറ്റ പങ്കുവയ്ക്കപ്പെടും.

പകർപ്പവകാശം ലംഘിച്ചു സിനിമകൾ ഡൗൺലോഡ് ചെയ്യാൻ അവസരം നൽകുന്ന ചില വെബ്സൈറ്റുകളിൽ തെളിയുന്ന വിൻഡോകളിലൂടെ കടന്ന് അശ്ലീല സൈറ്റുകളിലെത്തുന്നവരും ശ്രദ്ധിക്കണം. രഹസ്യ ബ്രൗസറുകളിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്തു കണ്ടാലും പ്രചരിപ്പിച്ചാലും ആരുമറിയില്ല എന്ന തോന്നലാണു പലരെയും കുറ്റകൃത്യത്തിനു പ്രേരിപ്പിക്കുക. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്യപ്പെടുന്ന വെബ്സൈറ്റുകളിൽ ഡൗൺലോഡിങ് നടത്തിയിട്ടുള്ള എല്ലാവരുടെയും കംപ്യൂട്ടറിന്റെ ഐപി അഡ്രസ് ഇന്റർപോൾ അതതു രാജ്യങ്ങളിലെ പൊലീസിനു കൈമാറിയിട്ടുണ്ടെന്ന് ഓർക്കുക.

കേരള പൊലീസിനു നൽകിയ വിവരങ്ങൾ ഉപയോഗിച്ചു ഘട്ടംഘട്ടമായി ഇത്തരക്കാരെ കണ്ടെത്തി പിടികൂടാനാണ് ‘ഓപ്പറേഷൻ പി ഹണ്ട്’ എന്ന പേരിൽ റെയ്ഡുകൾ നടക്കുന്നത്. സൈബർഡോം, സൈബർസെൽ, ഇന്റർപോളിന്റെ പ്രാദേശിക വിഭാഗം എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണു റെയ്ഡ്. ദൃശ്യങ്ങൾ കണ്ടാൽ കുഴപ്പമില്ല, ഡൗൺലോഡോ അപ്‌ലോഡോ ചെയ്താൽ മാത്രമേ കുഴപ്പമുള്ളൂ എന്നു കരുതുന്നതും അപകടത്തെ ക്ഷണിക്കലാണ്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ നിരോധിത വെബ്സൈറ്റുകളിൽനിന്നു ഡൗൺലോഡ് ചെയ്ത് സമാന താൽപര്യക്കാർക്കു കൈമാറാൻ അതീവരഹസ്യ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായി സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്.

ഇത്തരം ഗ്രൂപ്പുകൾ ഡിലീറ്റ് ചെയ്തതു കൊണ്ടോ ദൃശ്യങ്ങൾ മായ്ച്ചതു കൊണ്ടോ രക്ഷപ്പെടാനാവില്ല. ഒരുവട്ടം എന്തെങ്കിലും ചെയ്തു പോയാൽ തെളിവുകൾ എല്ലാക്കാലവും ചികഞ്ഞെടുക്കപ്പെടാൻ പാകത്തിൽ ശേഷിക്കും. ഇന്റർനെറ്റ് ഫോൺ നമ്പറുകൾ ഉപയോഗിച്ചു ചെയ്യുന്നതെല്ലാം സുരക്ഷിതമാണെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. എന്നാൽ, എൻസിആർബി (നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ) എല്ലാം കാണുന്നുണ്ട്. ഇത്തരം വിഡിയോ ദൃശ്യങ്ങൾ കണ്ടെത്തി പരിശോധിച്ചു നടപടിയെടുക്കാൻ സ്വകാര്യ കമ്പനിയുടെ സഹായവുമുണ്ട്. നിർമിത ബുദ്ധി ഉപയോഗിച്ചുള്ള സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. ദൃശ്യങ്ങളിൽ കാണുന്ന സ്ഥലം, പശ്ചാത്തല വിവരങ്ങൾ എന്നിവ ശേഖരിച്ചാണു പ്രതികളെ കുടുക്കുക.

കൊച്ചി നഗരത്തിൽ ഇത്തരം ദൃശ്യങ്ങൾ സ്ഥിരമായി ഡൗൺലോഡ് ചെയ്യുന്ന 250 പേരെ പൊലീസിന്റെ സൈബർ കുറ്റാന്വേഷണ വിഭാഗം ഇക്കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ തിരിച്ചറിഞ്ഞിരുന്നു. ഓപ്പറേഷൻ പി–ഹണ്ടിന്റെ ഭാഗമായി നടന്ന സൈബർ കോമിങിലാണു (ഇന്റർനെറ്റ് വഴിയുള്ള കുറ്റകരമായ ഡേറ്റാ ഡൗൺലോഡുകൾ കണ്ടെത്താനുള്ള രഹസ്യ നിരീക്ഷണം) കുറ്റക്കാരെ തിരിച്ചറിഞ്ഞത്. ഇവരിൽ പലരും ദിവസവും രണ്ടു ജിബിയിൽ അധികം അശ്ലീല ഡേറ്റ ഡൗൺലോഡ് ചെയ്യുന്നതായും കണ്ടെത്തി.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്കുകൾ അന്വേഷണാർഥം തുറന്നു കാണാൻ പരിശോധനാ സംഘത്തിനും അനുവാദമില്ല. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നതു കുറ്റകരമാണെന്ന നിയമവ്യവസ്ഥ തന്നെയാണു പരിശോധനാ സംഘത്തെയും തടയുന്നത്. സൈബർ ഫൊറൻസിക് വിഭാഗം പ്രത്യേക അനുമതിയോടെ മാത്രമാണു ദൃശ്യങ്ങൾ പരിശോധിക്കുക. അപ്‍ലോഡ് ചെയ്യപ്പെടുന്ന ദൃശ്യങ്ങൾ പരിശോധിക്കാൻ വേണ്ടിയാണെങ്കിൽ പോലും സൈബർസെല്ലിനും ഇത്തരം വെബ്സൈറ്റുകളിൽ കയറാൻ നിയമ തടസങ്ങളുണ്ട്. അഥവാ കയറിയാൽ തന്നെ ഇന്റർപോളിന്റെ പട്ടികയിൽപ്പെടും!

1.16 ലക്ഷം തിരച്ചിലുകൾ

ചൈൽഡ് പോർണോഗ്രഫിയുമായി ബന്ധപ്പെട്ട് സ്കൂൾ ഗേൾസ്, ടീൻസ്, ദേശി ഗേൾസ് തുടങ്ങിയ വാക്കുകളാണു കൂടുതൽ തിരഞ്ഞിട്ടുള്ളത്. ഇന്ത്യയിൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന ഡേറ്റയിൽ 40 ശതമാനത്തിലേറെ ചൈൽഡ് പോർണോഗ്രഫിയുമായി ബന്ധപ്പെട്ടതാണെന്നു സൈബർ വിദഗ്ധർ പറയുന്നു. ഇന്ത്യൻ സൈബർ ആർമിയുടെ കണക്കനുസരിച്ചു ദ്രുതഗതിയിലാണു ബാല ലൈംഗികതയുടെ വളർച്ച. കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും 1.16 ലക്ഷം അന്വേഷണങ്ങളാണു ചൈൽഡ് പോർണോഗ്രഫിയുമായി ബന്ധപ്പെട്ടു ദിവസവും വെബ്‍സൈറ്റുകളിൽ ഉണ്ടാകുന്നത്. ഓരോ സെക്കൻഡിലും 380 പേരാണു പോൺ തിരയുന്നത്. ആകെ സെർച്ചിന്റെ 25 ശതമാനത്തിലേറെ, അതായത് 68 ദശലക്ഷം, പോർണോഗ്രഫിയാണെന്നും റിപ്പോർട്ടുണ്ട്.

പ്രഫഷനൽ ദൃശ്യങ്ങളേക്കാൾ ഇത്തരക്കാർക്കു പ്രിയം മൊബൈലുകളിൽ ചിത്രീകരിക്കുന്നവയ്ക്കാണ്. ഗ്രാമീണ മേഖലകളിൽ സാമ്പത്തികമായി പിന്നാക്ക നിൽക്കുന്നവരും നഗരങ്ങളിലെ സ്കൂൾ കുട്ടികളുമാണു ഇരകളിൽ അധികവും. ഇന്ത്യൻ ദൃശ്യങ്ങൾക്ക് രാജ്യത്തിനകത്തു മാത്രമല്ല വിദേശത്തും വലിയ കാഴ്ചക്കാരുണ്ട്. സമൂഹമാധ്യമങ്ങളിലും മെസഞ്ചർ, ഡേറ്റിങ് ആപ്പുകളിലും സജീവമായ യുവ തലമുറ ഇവിടങ്ങളിൽ പങ്കുവയ്ക്കപ്പെടുന്ന സ്വകാര്യ ചിത്രങ്ങൾ അവരറിയാതെ പോൺ സൈറ്റുകളിൽ എത്തുന്നുണ്ടെന്നു സൈബർ വിദഗ്ധൻ രക്ഷിത് ടണ്ഡൻ പറഞ്ഞു. സൈബറിടങ്ങളിൽനിന്ന് സുരക്ഷിത അകലം പാലിക്കുകയാണു പോംവഴി. കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിൽ രക്ഷിതാക്കൾക്കും ശ്രദ്ധവേണം.

കുട്ടികളെ പീഡിപ്പിക്കുന്നവർക്കു വധശിക്ഷ

കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നവർക്കു വധശിക്ഷയ്ക്കുള്ള വ്യവസ്ഥ ഉൾപ്പെടുത്തി പോക്സോ നിയമം ഭേദഗതി ചെയ്ത ബിൽ രാജ്യസഭയും ലോക്സ‍ഭയും പാസാക്കിയിട്ടുണ്ട്. കുട്ടികളുൾപ്പെടുന്ന ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കു കുറഞ്ഞത് 5 വർഷം തടവും പിഴയുമാണു ബിൽ നിർദേശിക്കുന്നത്. ലൈംഗിക ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിന്റെ ഭാഗമായുള്ള പീഡനത്തിനു കുറഞ്ഞത് 20 വർഷം തടവു മുതൽ വധശിക്ഷ വരെ ലഭിക്കാം. പീഡനത്തിന് ഇരയാകുന്നത് ആൺകുട്ടിയോ പെൺകുട്ടിയോയെന്ന വ്യത്യാസമില്ലാതെയാണു ശിക്ഷാ വ്യവസ്ഥകൾ.

ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ നിയമം, ഐടി നിയമം എന്നിവയുടെ വിവിധ വകുപ്പുകൾ ചുമത്തിയാണു പ്രതികൾക്കെതിരെ കേസെടുക്കുക. ഐടി നിയമത്തിലെ 67 (എ) (ബി) (സി) വകുപ്പുകൾ കുട്ടികളെ സംബന്ധിക്കുന്ന അശ്ലീല ദൃശ്യങ്ങൾ നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും സ്വീകരിക്കുന്നതും സൂക്ഷിക്കുന്നതും കടുത്ത കുറ്റകൃത്യമാണ്. ആദ്യ തവണ അഞ്ചു വർഷം കഠിന തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കും. കുറ്റം ആവർത്തിച്ചാൽ തടവു ശിക്ഷ ഏഴു വർഷമാകും. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ മൊബൈലിലോ കംപ്യൂട്ടറിലോ മറ്റ് ഉപകരണങ്ങളിലോ സൂക്ഷിക്കുന്നതിനു മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാം.

കുറ്റം തെളിഞ്ഞാൽ ഇന്ത്യൻ ശിക്ഷാ നിയമവും വെറുതേ വിടില്ല (ഐപിസി– 293). ഇത്തരം അശ്ലീല സംഗതികൾ കുട്ടികൾക്കു വിൽക്കുക, വിതരണം ചെയ്യുക, പ്രചരിപ്പിക്കുക, പ്രദർശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് ആദ്യ തവണ മൂന്നു വർഷം തടവും 2000 രൂപ പിഴയും ലഭിക്കും. കുറ്റം ആവർത്തിച്ചാൽ ശിക്ഷ ഏഴു വർഷം തടവും 5000 രൂപ പിഴയുമാണ്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയാനുള്ള ‘പോക്സോ’ നിയമവും (പ്രൊട്ടക്‌ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്‌ഷ്വൽ ഒഫൻസസ്) കഠിനമായ ശിക്ഷയാണു നൽകുന്നത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ദുരുപയോഗിക്കുന്നതിനും സൂക്ഷിക്കുന്നതിനും ആദ്യ തവണ 5 വർഷം തടവും പിഴയും തുടർന്നുള്ള കുറ്റങ്ങൾക്ക് ഏഴു വർഷം തടവും പിഴയും ലഭിക്കും.

കുട്ടികൾക്കെതിരായ ദ്രോഹങ്ങൾ കണ്ടുപിടിക്കാൻ 24x7 നിരീക്ഷണ സംവിധാനമാണു കേരളത്തിൽ സൈബർ ഡോം നടത്തുന്നത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ പ്രേരിപ്പിക്കുന്ന വെബ്സൈറ്റുകൾ സന്ദർശിക്കുന്നവരെ തൽസമയം നിരീക്ഷിക്കാനും സംവിധാനമുണ്ട്. രാജ്യാന്തര പൊലീസ് സംഘടനയായ ഇന്റർപോൾ, ഇത്തരം കുറ്റകൃത്യങ്ങളിൽ നിന്നു കുട്ടികളെ സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന രാജ്യാന്തര സംഘടനയായ ഇന്റർനാഷനൽ സെന്റർ ഫോർ മിസിങ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ (ഐസിഎംഇസി) എന്നിവരുടെ സഹകരണത്തോടെയാണു സൈബർ നിരീക്ഷണം നടത്തുന്നത്. ലക്ഷ്യമിട്ട കുട്ടികളെ വരുതിയിലാക്കാന്‍ പീഡോഫൈലുകൾ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും.  ആ വലയിൽ വീഴാതെ കുട്ടികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തത്തിൽനിന്നു വീട്ടുകാർക്കു ഒഴിയാനാവില്ല.

English Summary: Social Media Groups with over 50,000 Members Share Child Pornography in Kerala, Interpol Helps Probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com