ADVERTISEMENT

തിരുവനന്തപുരം∙ വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മോഹന്‍കുമാറിന് വോട്ടുചെയ്യാന്‍ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ കരയോഗങ്ങള്‍ക്കു നിര്‍ദേശം നല്‍കി. വട്ടിയൂര്‍ക്കാവില്‍ ശരിദൂരമെന്നാല്‍ യുഡിഎഫിനൊപ്പം എന്നാണെന്ന് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എം.സംഗീത്കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

മണ്ഡലത്തിലെ 42 ശതമാനത്തിലേറെ വോട്ടര്‍മാര്‍ നായര്‍ സമുദായത്തില്‍ പെട്ടവരാണ് എന്നതാണ് വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് നിലപാടിന്റെ പ്രാധാന്യം. ജനറല്‍ സെക്രട്ടറി പ്രഖ്യാപിച്ച ശരിദൂരനിലപാട് എന്താണ് എന്ന് തിരുവനന്തപുരം താലൂക്ക് യൂണിയന്‍ എല്ലാ കരയോഗങ്ങളെയും അറിയിച്ചുകൊണ്ടിരിക്കുകയാണ്. കേശവദാസപുരം കരയോഗം മീറ്റിങ്ങിനെത്തിയപ്പോഴാണ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സംഗീത് കുമാര്‍ യുഡിഎഫിന് അനുകൂലമായി ഇത്തവണ സമുദായാംഗങ്ങള്‍ വോട്ട് ചെയ്യണമെന്ന് പരസ്യമായി പ്രതികരിച്ചത്.

ലോക്സഭാ തിരഞ്ഞെടുപ്പിലും എന്‍എസ്എസ് നിലപാട് യുഡിഎഫിന് അനുകൂലമായിരുന്നെങ്കിലും അത് പരസ്യമായി പ്രഖ്യാപിച്ചിരുന്നില്ല. ഇത്തവണത്തെ പരസ്യപ്രഖ്യാപനം സിപിഎമ്മിനോടും സര്‍ക്കാരിനോടുമുള്ള എന്‍എസ്എസ് നേതൃത്വത്തിന്റെ കര്‍ശന നിലപാടാണ് വ്യക്തമാക്കുന്നത്. തീരുമാനത്തിന് അനുകൂലമായി സമുദായാംഗങ്ങളെ നിര്‍ത്താന്‍ ശ്രമിക്കുകയാണെന്നും കുറേയൊക്കെ നടക്കുമെന്ന് പ്രതീക്ഷിക്കാമെന്നും സംഗീത്കുമാര്‍ പറഞ്ഞു.

സമുദായാംഗങ്ങളെല്ലാം എന്‍എസ്എസ് നേതൃത്വം പറയുന്നത് അനുസരിക്കില്ലെന്ന സിപിഎമ്മിന്റെ പ്രതികരണത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അവർ അങ്ങനെ കരുതികൊണ്ടെയെന്നും സമുദായംഗങ്ങൾ ശരിയായി ചിന്തിക്കാൻ കഴിവുള്ളവരാണെന്നും അവർ അങ്ങനെ ചെയ്യുമെന്നും സംഗീത് കുമാർ പറഞ്ഞു.

നിലപാട് മയപ്പെടുത്തണം എന്നഭ്യര്‍ഥിക്കാന്‍ സിപിഎം നേതാക്കള്‍ താലൂക്ക് യൂണിയന്‍ നേതൃത്വത്തെ നേരില്‍ കണ്ടിരുന്നെങ്കിലും ചങ്ങനാശേരിയില്‍ നിന്നുള്ള നിര്‍ദേശം വ്യക്തമാണെന്നായിരുന്നു മറുപടി. ബിജെപി നേതാക്കളും ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ 38 എന്‍എസ്എസ് കരയോഗങ്ങളാണുള്ളത്. 72000 വോട്ടര്‍മാര്‍ സമുദായാംഗങ്ങളാണ് എന്നാണ് എന്‍എസ്എസിന്റെ കണക്ക്.  

എന്നാൽ തിരുവനന്തപുരത്ത്  ആരെങ്കിലും പറയുന്നതല്ല എന്‍എസ്എസ് നിലപാടെന്ന് സിപിെഎ സംസ്ഥാന സെക്രട്ടറി  കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാത്രമാണ് അഭിപ്രായവ്യത്യാസമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ  വാക്കുകള്‍ക്ക് മാത്രമാണ് വിലനല്‍കുന്നതെന്നും കാനം രാജേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

വിശ്വാസിക്കും അവിശ്വാസിക്കും വോട്ടു ചെയ്യാൻ പറ്റുന്ന ചിഹ്നമാണ് അരിവാൾ ചുറ്റികയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി. മഞ്ചേശ്വരത്ത്  വിശ്വാസിയെ പരാജയപ്പെടുത്താനാണ് യുഡിഎഫ് പറയുന്നത്.  ശങ്കർ റൈ വിശ്വാസിയായതാണ് ബിജെപിയുടേയും കോൺഗ്രസിന്റെയും പ്രശ്നം. വിശ്വാസികളെ  സിപിഎമ്മിൽ നിന്ന് അകറ്റാനുള്ള പ്രചാരണമാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com