ആ നിലപാട് സമുദായാംഗങ്ങള്‍ പുച്ഛിച്ചുതള്ളും; കാനത്തിന് എന്‍എസ്എസിന്റെ മറുപടി

g-sukumaran-nair-nss
ജി. സുകുമാരൻ നായർ
SHARE

ചങ്ങാനാശ്ശേരി∙ ഏതെങ്കിലും ഒരു കക്ഷിക്ക് അനുകൂലമായി വോട്ടു ചെയ്യണമെന്നു എന്‍എസ്എസ് ഇതുവരെ പറഞ്ഞതായി തനിക്ക് അറിയില്ലെന്നും വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമേ അഭിപ്രായഭിന്നത ഉള്ളുവെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന തള്ളി എൻഎസ്എസ്.

ശരിദൂര നിലപാട് സാമൂഹികനീതിക്കുവേണ്ടിയാണ്. സ്ഥാനത്തിനോ ആനുകൂല്യങ്ങള്‍ക്കോ അല്ല. നേതൃത്വം പറയുന്നത് സമുദായാംഗങ്ങള്‍ പാലിക്കില്ലെന്ന് ചിലര്‍ പറയുന്നു. ഇത് സമുദായാംഗങ്ങള്‍ തന്നെ പുച്ഛിച്ചുതള്ളുമെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു. 

തിരുവനന്തപുരത്ത്  ആരെങ്കിലും പറയുന്നതല്ല എന്‍എസ്എസ് നിലപാടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി  കാനം രാജേന്ദ്രൻ ഇന്നലെ പറഞ്ഞിരുന്നു‍. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാത്രമാണ് അഭിപ്രായവ്യത്യാസമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ  വാക്കുകള്‍ക്ക് മാത്രമാണ് വിലനല്‍കുന്നതെന്നും കാനം രാജേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. 

വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മോഹന്‍കുമാറിന് വോട്ടുചെയ്യാന്‍ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ കരയോഗങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. വട്ടിയൂര്‍ക്കാവില്‍ ശരിദൂരമെന്നാല്‍ യുഡിഎഫിനൊപ്പം എന്നാണെന്ന് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എം.സംഗീത്കുമാര്‍ വ്യക്തമാക്കിയിരുന്നു.

മണ്ഡലത്തിലെ 42 ശതമാനത്തിലേറെ വോട്ടര്‍മാര്‍ നായര്‍ സമുദായത്തില്‍ പെട്ടവരാണ് എന്നതാണ് വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് നിലപാടിന്റെ പ്രാധാന്യം. കേശവദാസപുരം കരയോഗം മീറ്റിങ്ങിനെത്തിയപ്പോഴാണ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സംഗീത് കുമാര്‍ യുഡിഎഫിന് അനുകൂലമായി ഇത്തവണ സമുദായാംഗങ്ങള്‍ വോട്ട് ചെയ്യണമെന്ന് പരസ്യമായി പ്രതികരിച്ചത്.

ലോക്സഭാ തിരഞ്ഞെടുപ്പിലും എന്‍എസ്എസ് നിലപാട് യുഡിഎഫിന് അനുകൂലമായിരുന്നെങ്കിലും അത് പരസ്യമായി പ്രഖ്യാപിച്ചിരുന്നില്ല. ഇത്തവണത്തെ പരസ്യപ്രഖ്യാപനം സിപിഎമ്മിനോടും സര്‍ക്കാരിനോടുമുള്ള എന്‍എസ്എസ് നേതൃത്വത്തിന്റെ കര്‍ശന നിലപാടാണ് വ്യക്തമാക്കുന്നത്. തീരുമാനത്തിന് അനുകൂലമായി സമുദായാംഗങ്ങളെ നിര്‍ത്താന്‍ ശ്രമിക്കുകയാണെന്നും കുറേയൊക്കെ നടക്കുമെന്ന് പ്രതീക്ഷിക്കാമെന്നും സംഗീത്കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞു. 

English Summary: Is Poll result decided by community forums: LDF, NSS dispute continuous

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA