ADVERTISEMENT

കലിഫോർണിയ∙ ചുവന്ന കാറില്‍ വന്നിറങ്ങി തന്റെ അടുത്തേക്കു നടന്നടക്കുന്നത് ഒരു കൊലപാതകിയാണെന്നു ആ പൊലീസ് ഓഫിസര്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. ഓഫിസറെ അഭിവാദ്യം ചെയ്ത അമ്പത്തിമൂന്നുകാരന്‍ റോസ്​വില്ലെയില്‍ താമസിക്കുന്ന ശങ്കര്‍ നാഗപ്പ ഹാങ്കുഡ് എന്ന് സ്വയം പരിചയപ്പെടുത്തി. തന്റെ കുടുംബാംഗങ്ങളായ നാല് പേരെ താന്‍ കൊന്നുതള്ളിയെന്നും കൂട്ടത്തില്‍ ഒരാളുടെ മൃതദേഹം തന്റെ കാറിന്റെ ഡിക്കിയിലുണ്ടെന്നും ശാന്തമായി അയാള്‍ പറഞ്ഞു. തമാശയാണെന്നും ആദ്യം കരുതിയെങ്കിലും പിന്നീടുള്ള അന്വേഷണത്തില്‍ കലിഫോര്‍ണിയയെ നടക്കിയ കൊലപാതക പരമ്പരകളെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വന്നത്.

വടക്കന്‍ കലിഫോര്‍ണിയയിലെ മൗണ്ട് ഷാസ്ത പൊലീസ് സ്‌റ്റേഷനിലാണ് അതിനാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. തിങ്കാളാഴ്ച ഉച്ചക്ക് 12.10നാണ് സ്വന്തം കാറില്‍ ശങ്കര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്.  ഇയാള്‍ പറഞ്ഞതനുസരിച്ച് 212 മൈല്‍ അകലെയുള്ള റോസ്​വില്ലെയിൽ പൊലീസ് നടത്തിയ പരിശോധനയില്‍ ജങ്ഷന്‍ ബൗലേവാര്‍ഡിലെ അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് രണ്ടു കുട്ടികളുടെ ഉള്‍പ്പെടെ മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തി.

എന്തിനാണ് ഈ അരുംകൊലകള്‍ എന്നു ശങ്കര്‍ പൊലീസിനോടു പറഞ്ഞില്ല. കസ്റ്റഡിയിലെടുത്ത ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിനു പൊലീസ് കേസെടുത്തു. മൂന്നു പേരെ കൊലപ്പെടുത്തിയ ശേഷം നാലാമനെ കാറില്‍ കയറ്റി റോസ്്‌വില്ലെയില്‍നിന്നു പുറപ്പെട്ട ശങ്കര്‍ ഇയാളെയും കൊണ്ടു പല സ്ഥലങ്ങളിലും കറങ്ങിയതായി പൊലീസ് കണ്ടെത്തി. ഇതിനു ശേഷമാണ് ഇയാളെയും കൊന്നത്.

ശങ്കറിന് ക്രിമിനല്‍ പശ്ചത്തലം ഉള്ളതായി അറിവില്ലെന്നും ഇത്തരത്തിലുള്ള സംഭവം അസാധാരണവും തന്റെ ഔദ്യോഗിക ജീവിതത്തില്‍ ആദ്യത്തെതുമാണെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ റോബര്‍ട്ട് ജിബ്‌സണ്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. 420 ഓളം കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ്  ശങ്കര്‍ നാഗപ്പ ഹാങ്കുഡ് പൊലീസ് സ്റ്റേഷനില്‍ എത്തിയതെന്നും വളരെ ശാന്തമായി പെരുമാറുന്ന ഇയാള്‍ അന്വേഷണത്തോട് സഹകരിക്കുന്നതായും പൊലീസ് അറിയിച്ചു.

നാല് പേരെയും ഇയാള്‍ തന്നെയാണ് കൊലപ്പെടുത്തിയെന്നുമാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ഇയാള്‍ക്കു പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതായി റോസ്വില്ലെ പൊലീസ് അറിയിച്ചു. കലിഫോര്‍ണിയയിലെ പ്രമുഖ കമ്പനികളില്‍ ജോലി നോക്കിയിട്ടുള്ള ശങ്കര്‍ അറിയപ്പെടുന്ന ഡാറ്റ സ്‌പെഷലിസ്റ്റാണ്. വ്യത്യസ്ത ദിവസങ്ങളിലായാണ് കൊലപാതകങ്ങള്‍ നടന്നിരിക്കുന്നതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.


English Summary:
Man Drives To Police Station With Corpse, Confesses To 4 Slayings: Cops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com