ADVERTISEMENT

വാഷിങ്ടൻ ∙ ലോകത്തെ ഭയപ്പെടുത്തിയിരുന്ന ഏറ്റവും വലിയ ചൈൽഡ് പോർണോഗ്രഫി വെബ്സൈറ്റുകളിലൊന്നായ ‘വെൽകം ടു വിഡിയോ’ക്കു പൂട്ടുവീണു. 2015 ജൂണിൽ ആരംഭിച്ച്, ബിറ്റ്കോയിൻ ഉപയോഗിച്ചു പ്രവർത്തിച്ചിരുന്ന രഹസ്യ സൈറ്റിന്റെ അഡ്മിനിസ്ട്രേറ്ററായ ദക്ഷിണ കൊറിയ സ്വദേശി ജോങ് വൂ സണ്ണിനെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന്, പണം വാങ്ങിയുള്ള ലൈംഗികത  തുടങ്ങിയ അനധികൃത ഇടപാടുകൾക്കു കുപ്രസിദ്ധി നേടിയ ‘സിൽക്ക് റോഡ്’ എന്ന സൈറ്റ് 2013ൽ പൂട്ടിയശേഷം തഴച്ചുവളർന്നതാണു വെൽകം ടു വിഡിയോ.

ആയിരക്കണക്കിനു മണിക്കൂറുകൾ വരുന്ന എട്ടു ടെറാബൈറ്റ് ബാല ലൈംഗിക ദൃശ്യങ്ങൾ പിടിച്ചെടുത്തു. സൈറ്റിലെ അംഗങ്ങളായ 337 പേരെ 38 രാജ്യങ്ങളിലായി അറസ്റ്റ് ചെയ്തു. യുഎസിൽ 92 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ മിക്കവരും നിയമനടപടി നേരിടുന്നു. പോർണോഗ്രഫി വിഡിയോക്കായി ക്രൂരമായ ലൈംഗിക ആക്രമണങ്ങൾക്കു വിധേയരായിരുന്ന 23 കുട്ടികളെ യുഎസ്, സ്പെയിൻ, യുകെ എന്നീ രാജ്യങ്ങളിൽനിന്നു കണ്ടെത്തി രക്ഷിച്ചു. അതീവരഹസ്യ സ്വഭാവത്തിലും സാങ്കേതിക സുരക്ഷയിലും പ്രവർത്തിച്ചിരുന്ന സൈറ്റിനെ പ്രവർത്തനരഹിതമാക്കാൻ ജോങ് വൂ സണ്ണിന്റെ ചില പിഴവുകളും സഹായമായെന്നു യുഎസ് അധികൃതർ പറഞ്ഞു.

സിൽക്ക് റോഡിനു പകരമാകാൻ ‘വാൾ സ്ട്രീറ്റ് മാർക്കറ്റ്’, ‘വാൾഹല്ല’ സൈറ്റുകൾ ശ്രമിച്ചെങ്കിലും ബാല ലൈംഗികത, വാടകക്കൊലയാളിയെ ലഭ്യമാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി നിർവീര്യമാക്കിയിരുന്നു. 2018 മാർച്ചിലാണു വെൽകം ടു വിഡിയോ സൈറ്റ് യുഎസ് അധികൃതരുടെ നിരീക്ഷണത്തിലായതും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും. മുതിർന്നവരുടെ ലൈംഗികദൃശ്യങ്ങൾ അപ്‍ലോഡ് ചെയ്യരുതെന്ന നിർദേശത്തോടെയാണു സൈറ്റിൽ അംഗങ്ങളെ ചേർത്തിരുന്നതെന്നു യുഎസ് പ്രോസിക്യൂട്ടർമാർ കോടതിയെ അറിയിച്ചു.

‘പ്രീടീൻ ഹാർഡ്‌കോർ’, ‘പീഡോഫൈൽ’ തുടങ്ങിയ കീവേർഡുകൾ ഉപയോഗിച്ചിട്ടുള്ളതും മറ്റെവിടെയും ലഭ്യമല്ലാത്തതുമായ 2.5 ലക്ഷത്തിലധികം വിഡിയോ ഫയലുകളാണ് കണ്ടെത്തിയത്. ലക്ഷക്കണക്കിനു പ്രാവശ്യം ഇവ ഡൗൺലോഡ് ചെയ്യപ്പെട്ടിരുന്നു. ലോകമാകെ വലവിരിച്ചു കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗിക്കുന്നതിനെപ്പറ്റി ഞെട്ടിക്കുന്ന വിവരങ്ങളാണു വെളിപ്പെട്ടത്. രണ്ടിനും നാലിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ ദൃശ്യങ്ങളാണു സൈറ്റിൽ ഏറെയുണ്ടായിരുന്നത്. യുഎസിനൊപ്പം കൊറിയ, ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളും കൈകോർത്താണു രഹസ്യാത്മക സൈറ്റിന്റെ വേരുകൾ തേടിയിറങ്ങിയത്. അനധികൃത ബിറ്റ്കോയിൻ ഇടപാടുകളിലൂടെയാണു സൈറ്റിലെ അംഗങ്ങൾ ബാലലൈംഗിക ദൃശ്യങ്ങൾ അപ്‍ലോഡും ഡൗൺലോഡും ചെയ്തിരുന്നത്.

‘അജ്ഞാതരായ’ അംഗങ്ങളെക്കുറിച്ചും കൂടുതൽ ആളുകളെ ചേർക്കുന്നത് എങ്ങനെയെന്നതും കണ്ടെത്തുകയായിരുന്നു അന്വേഷണ സംഘങ്ങൾക്കുമുന്നിലുള്ള വെല്ലുവിളി. ‘സങ്കൽപിക്കാവുന്നതിൽ അധികം അതിനികൃഷ്ടമായ ഒന്നാണു ബാല ലൈംഗികത. വാസ്തവത്തിൽ നീചമായ കുറ്റകൃത്യം. ഇരയാക്കപ്പെടുന്നവർക്ക് അതേക്കുറിച്ച് അറിയാനോ പുറത്തുപറയാനോ പോലുമാകാത്ത ദുരവസ്ഥ. പക്ഷേ നമ്മുടെ ഭരണകൂടത്തിനു കുട്ടികളുടെ സുരക്ഷയാണു പരമപ്രധാനം’– യുഎസ് അറ്റോർണി ജെസ്സി ലിയു പറഞ്ഞു. ‘ഇത്തരം കുറ്റങ്ങളിലേർപ്പെട്ടാൽ ഞങ്ങൾ നിങ്ങളെ തേടിയെത്തും എന്ന സന്ദേശമാണ് സൈറ്റ് പൂട്ടിയ പ്രഖ്യാപനത്തിലൂടെ നൽകുന്നത്’– യുഎസ് അറ്റോർണി ജനറൽ റിച്ചാർഡ് ഡൗണിങ് പറഞ്ഞു. കൊറിയൻ നാഷനൽ പൊലീസ്, ബ്രിട്ടിഷ്, യുഎസ് അധികൃതർ എന്നിവർക്കൊപ്പം ഈ അറ്റോർണിമാരും ചേർന്നാണു വെൽകം ടി വിഡിയോ സൈറ്റിന്റെ രഹസ്യവല ഭേദിച്ചത്.

23 വയസ്സുള്ള ജോങ് വൂ സൺ ആണ് സൈറ്റ് നടത്തിയിരുന്നതെന്നു കൊളംബിയയിലെ യുഎസ് ഡിസ്ട്രിക്ട് കോടതിയിൽ സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കുന്നു. ബാല ലൈംഗികതയുമായി ബന്ധപ്പെട്ട ഗൂഢാലോചന, നിർമാണം, പരസ്യം, വിതരണം, പണം കൈമാറ്റം തുടങ്ങിയ ഒൻപതു കുറ്റങ്ങളാണു സൺ ഉൾപ്പെടെയുള്ള അംഗങ്ങൾക്കെതിരെ ചുമത്തിയിട്ടുള്ളത്. 24 ബിറ്റ്‍കോയിൻ അക്കൗണ്ടുകൾ പിടിച്ചെടുക്കാനും സർക്കാർ നീക്കം തുടങ്ങി. ദക്ഷിണ കൊറിയയിൽ അറസ്റ്റിലായ സൺ 18 മാസത്തെ തടവുശിക്ഷ അനുഭവിക്കുകയാണ്. ഇയാളെ കൈമാറണമെന്നു യുഎസ് ആവശ്യപ്പെടുമോയെന്ന ചോദ്യത്തോടു ജെസ്സി ലിയു പ്രതികരിച്ചില്ല.

മുൻ‌ഗാമികളെപ്പോലെ ടോർ വെബ് ബ്രൗസറിലൂടെ ഒളിഞ്ഞിരുന്നാണു വെൽകം ടു വിഡിയോ പ്രവർത്തിച്ചിരുന്നത്. സൈറ്റിന്റെ ലൊക്കേഷൻ, ആരെല്ലാം സൈറ്റിൽ‌ കയറി, അംഗങ്ങൾ എവിടെനിന്നുള്ളവരാണ് തുടങ്ങിയ കാര്യങ്ങളൊന്നും കണ്ടുപിടിക്കാനാവില്ല എന്നതാണു ടോർ വെബിന്റെ പ്രത്യേകത. ഉപയോക്താക്കൾക്കു സൗജന്യമായി സൈറ്റിൽ കയറി അക്കൗണ്ട് സൃഷ്ടിക്കാം. കുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്ന ദൃശ്യങ്ങൾ ചേർക്കാനും എടുക്കാനും സാധിക്കും. അപ്‍ലോഡ്, ഡൗൺലോഡ് എന്നിവയ്ക്കു നിശ്ചിത പോയിന്റുകൾ കണക്കാക്കിയായിരുന്നു ബിറ്റ്കോയിൻ കൈമാറ്റം. മൂന്നുവർഷം കൊണ്ട് ആയിരക്കണക്കിനു ഇടപാടുകളിലൂടെ 3.53 ലക്ഷം ഡോളർ മൂല്യമുള്ള ബിറ്റ്കോയിൻ ആണു സൈറ്റ് സ്വന്തമാക്കിയത്.

‘ഡാർക്ക് വെബ്’ വഴി അശ്ലീല ചിത്രങ്ങളും മറ്റും കൈമാറിയതിനു 25 വർഷം തടവുശിക്ഷ ലഭിച്ച ഇംഗ്ലണ്ട് സ്വദേശിയായ പീഡോഫൈൽ മാത്യു ഫാഡറിന്റെ കേസ് അന്വേഷിക്കുന്നതിനിടെയാണു വെൽകം ടു വി‍ഡിയോ സൈറ്റ് ശ്രദ്ധയിൽപ്പെട്ടത്. യുകെയിൽ ഈ സൈറ്റുമായി ബന്ധപ്പെട്ട് ഏഴു പേർ അറസ്റ്റിലായി. അഞ്ചു വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ 22 വർഷം തടവിനു ശിക്ഷിക്കപ്പെട്ട കൈൽ ഫോക്സ്, മൂന്നു വയസ്സുകാരിയെ പീഡിപ്പിക്കുന്ന വിഡിയോ ആണ് സൈറ്റിൽ അപ്‍ലോഡ് ചെയ്തിരുന്നത്. ‘അവർ വിചാരിക്കുന്നു സുരക്ഷിതരാണെന്ന്. എന്നാൽ അത്ര സുരക്ഷിതരല്ല അവർ. നിയമത്തിനു മുന്നിൽനിന്ന് അവർക്കു രക്ഷപ്പെടാനാകില്ല. ബാല ലൈംഗിക പീഡകരെ ഇരുട്ടിൽനിന്നു പുറത്തെത്തിക്കും’– യുകെ നാഷനൽ ക്രൈം ഏ‍ജൻസി അന്വേഷണ മേധാവി നിക്കി ഹോളണ്ട് വ്യക്തമാക്കി.

English Summary: Dark web- Welcome To Video- child abuse: Hundreds arrested across 38 countries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com